ജിദ്ദ – കഴിഞ്ഞ വര്‍ഷം മൂന്നാം പാദാവസാനത്തെ കണക്കുകള്‍ പ്രകാരം സൗദിയില്‍ ടൂറിസം മേഖലയില്‍ പത്തു ലക്ഷത്തിലേറെ ജീവനക്കാരുള്ളതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. മൂന്നാം പാദത്തില്‍ ടൂറിസം മേഖലയിലെ ആകെ ജീവനക്കാര്‍ 10,09,691 ആയി വര്‍ധിച്ചു. 2024 മൂന്നാം പാദത്തെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം നാലാം പാദത്തില്‍ ടൂറിസം മേഖലാ ജീവനക്കാരുടെ എണ്ണം 6.4 ശതമാനം തോതില്‍ വര്‍ധിച്ചു. 2024 മൂന്നാം പാദത്തില്‍ ടൂറിസം മേഖലാ ജീവനക്കാര്‍ 9,48,629 ആയിരുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ടൂറിസം മേഖലാ ജീവനക്കാരില്‍ 2,45,171 പേര്‍ സ്വദേശികളാണ്. ആകെ ജീവനക്കാരില്‍ 24.3 ശതമാനം പേര്‍ സൗദി പൗരന്മാരാണ്. ജീവനക്കാരില്‍ 7,64,520 പേര്‍ വിദേശികളാണ്. ടൂറിസം മേഖലയിലെ ആകെ ജീവനക്കാരില്‍ 75.7 ശതമാനം പ്രവാസികളാണ്.
ആകെ ജീവനക്കാരില്‍ 8,75,658 പേര്‍ പുരുഷന്മാരാണ്. ജീവനക്കാരില്‍ 86.7 ശതമാനം പുരുഷന്മാരാണ്. വനിതാ ജീവനക്കാര്‍ 1,34,033 ആയി ഉയര്‍ന്നു. വനിതാ പങ്കാളിത്ത നിരക്ക് 13.3 ശതമാനമാണ്. 2025 മൂന്നാം പാദത്തില്‍ ഹോട്ടല്‍ മുറികളിലെ താമസ നിരക്കുകള്‍ 49.1 ശതമാനമായി ഉയര്‍ന്നതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട് ചെയ്തു. 2024 മൂന്നാം പാദത്തില്‍ താമസ നിരക്കുകള്‍ 46.1 ശതമാനമായിരുന്നു. ഫര്‍ണിഷ്ഡ് അപ്പാര്‍ട്ടുമെന്റുകളിലെയും മറ്റ് ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളിലെയും താമസ നിരക്ക് 57.4 ശതമാനമായി. 2024 മൂന്നാം പാദത്തില്‍ ഫര്‍ണിഷ്ഡ് അപ്പാര്‍ട്ടുമെന്റുകളിലെയും മറ്റ് ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളിലെയും താമസ നിരക്ക് 58 ശതമാനമായിരുന്നു.
2025 മൂന്നാം പാദത്തില്‍ സൗദി അറേബ്യയിലെ ലൈസന്‍സുള്ള ടൂറിസ്റ്റ് ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളുടെ ആകെ എണ്ണം 5,622 ആയി. 2024 മൂന്നാം പാദത്തില്‍ സ്ഥാപനങ്ങള്‍ 3,998 ആയിരുന്നു. ഒരു വര്‍ഷത്തിനിടെ ലൈസന്‍സുള്ള ടൂറിസ്റ്റ് ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളുടെ എണ്ണം 40.6 ശതമാനം തോതില്‍ ഉയര്‍ന്നു. ലൈസന്‍സുള്ള ടൂറിസ്റ്റ് ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൡ 52.6 ശതമാനം ഫര്‍ണിഷ്ഡ് അപ്പാര്‍ട്ടുമെന്റുകളും മറ്റ് ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളുമാണ്. ഈ ഗണത്തില്‍ പെട്ട 2,955 സ്ഥാപനങ്ങളുണ്ട്. ലൈസന്‍സുള്ള ഹോട്ടലുകളുടെ എണ്ണം 2,667 ആയി ഉയര്‍ന്നു. ലൈസന്‍സുള്ള ടൂറിസ്റ്റ് ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളില്‍ ഹോട്ടലുകള്‍ 47.4 ശതമാനമാണ്.
മൂന്നാം പാദത്തില്‍ ഹോട്ടലുകളിലെ ശരാശരി താമസ ദൈര്‍ഘ്യം ഏകദേശം 4.1 രാത്രികളായിരുന്നു. 2024 മൂന്നാം പാദത്തില്‍ ഇത് 4.2 രാത്രികളായിരുന്നു. ഫര്‍ണിഷ്ഡ് അപ്പാര്‍ട്ടുമെന്റുകളിലും മറ്റ് ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളിലും ശരാശരി താമസ ദൈര്‍ഘ്യം ഏകദേശം 2.1 രാത്രികളായിരുന്നു. 2024 മൂന്നാം പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മൂന്നാം പാദത്തില്‍ ഫര്‍ണിഷ്ഡ് അപ്പാര്‍ട്ടുമെന്റുകളിലും മറ്റ് ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളിലും ശരാശരി താമസ ദൈര്‍ഘ്യത്തില്‍ 0.2 ശതമാനം കുറവുണ്ടായതായും ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കുന്നു.



