ഗാസ – ഗാസ മുനമ്പില്‍ ഇന്ന് ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ഫലസ്തീന്‍ പെണ്‍കുട്ടി കൊല്ലപ്പെടുകയും മറ്റൊരു ബാലന് പരിക്കേല്‍ക്കുകയും ചെയ്തു. വടക്കന്‍ ഗാസ മുനമ്പിലെ ജബാലിയ അഭയാര്‍ഥി ക്യാമ്പിലെ അല്‍ഫാലൂജ പ്രദേശത്ത് ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 11 വയസുകാരി ഹംസ നിദാല്‍ ഹൗസോയാണ് കൊല്ലപ്പെട്ടതെന്ന് മെഡിക്കല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഫലസ്തീന്‍ വാര്‍ത്താ വിവര ഏജന്‍സി (വഫാ) റിപ്പോര്‍ട്ട് ചെയ്തു.
ഗാസ നഗരത്തിലെ സെയ്തൂന്‍ ഡിസ്ട്രിക്ടില്‍ ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ മറ്റൊരു ബാലന് പരിക്കേറ്റു. ഗാസ നഗരത്തിന് കിഴക്കുള്ള അല്‍തുഫാഹ് ഡിസ്ട്രിക്ടില്‍ ഇസ്രായിലി പീരങ്കികള്‍ ഷെല്ലാക്രമണം നടത്തിയതായും വഫാ റിപ്പോര്‍ട്ട് ചെയ്തു. ഗാസ നഗരത്തിന്റെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള അല്‍തുഫാഹ് ഡിസ്ട്രിക്ടിലുള്ള വീട് ലക്ഷ്യമിട്ട് ബുധനാഴ്ച ഇസ്രായില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
രണ്ട് വര്‍ഷത്തെ യുദ്ധത്തിന് ശേഷം ഒക്ടോബറില്‍ ഇസ്രായിലും ഹമാസും വെടിനിര്‍ത്തല്‍ കരാറില്‍ എത്തിയതിനു ശേഷം ഗാസയില്‍ പോരാട്ടം ഗണ്യമായി കുറഞ്ഞു. പക്ഷേ, അത് പൂര്‍ണ്ണമായും അവസാനിച്ചിട്ടില്ല. വെടിനിര്‍ത്തല്‍ ലംഘിച്ചതായി ഇരുപക്ഷവും പരസ്പരം ആരോപിക്കുന്നു. ഒക്‌ടോബര്‍ പത്തിന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ 400 ലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇവരില്‍ കൂടുതലും സാധാരണക്കാരാണ്. സംഘര്‍ഷങ്ങളില്‍ മൂന്ന് ഇസ്രായിലി സൈനികരും കൊല്ലപ്പെട്ടു.



