പൂനെ– പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനും പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധസമിതി അദ്ധ്യക്ഷനുമായിരുന്ന പ്രൊഫ. മാധവ് ഗാഡ്ഗിൽ (83) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി പുനെയിലെ പ്രയാഗ് ആശുപത്രിയിലായിരുന്നു അന്ത്യം. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനായി 2011-ൽ അദ്ദേഹം സമർപ്പിച്ച ‘ഗാഡ്ഗിൽ റിപ്പോർട്ട്’ ഇന്ത്യയിലെ പരിസ്ഥിതി ചർച്ചകളിൽ വലിയ വിപ്ലവമാണ് സൃഷ്ടിച്ചത്. ഹാർവാർഡ് സർവകലാശാലയിൽ നിന്ന് മാത്തമാറ്റിക്കൽ ഇക്കോളജിയിൽ പിഎച്ച്ഡി നേടിയ അദ്ദേഹം ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (IISc) പ്രൊഫസറായും സെന്റർ ഫോർ ഇക്കോളജിക്കൽ സയൻസസിന്റെ സ്ഥാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശക സമിതി അംഗം, ഇന്ത്യയുടെ ജൈവ വൈവിധ്യ നിയമത്തിന്റെ (2002) കരട് തയ്യാറാക്കിയ വിദഗ്ധ സമിതി അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു. പരിസ്ഥിതി മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് രാജ്യം അദ്ദേഹത്തെ പത്മശ്രീ, പത്മഭൂഷൺ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്. കൂടാതെ 2024-ൽ ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി പുരസ്‌കാരമായ ‘ചാമ്പ്യൻസ് ഓഫ് ദി എർത്ത്’ ബഹുമതിക്കും അദ്ദേഹം അർഹനായിരുന്നു. പുനെയിലും മുംബൈയിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 215 ഗവേഷണ പ്രബന്ധങ്ങളും ആറ് പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. പ്രാദേശിക ജനവിഭാഗങ്ങളെ പങ്കുചേർത്തുകൊണ്ടുള്ള പരിസ്ഥിതി സംരക്ഷണമെന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന കാഴ്ചപ്പാട്. സംസ്കാരം വ്യാഴാഴ്ച വൈകുന്നേരം നാലിന് പുനെയിൽ നടക്കും.



