ന്യൂദല്‍ഹി – അനില്‍ ആന്റണിക്കെതിരായ ആരോപണത്തില്‍ ഉറച്ച് ദല്ലാള്‍ ടി ജി നന്ദകുമാര്‍. അനില്‍ നിയമനത്തിനായി ഇടപെട്ട സിബിഐ സ്റ്റാന്റിങ് കൗണ്‍സിലിന്റെ ഇന്റര്‍വ്യൂ കോള്‍ ലെറ്റര്‍ പകര്‍പ്പ് കൈയ്യിലുണ്ടെന്നും തനിക്ക് അനില്‍ തന്ന വിസ്റ്റിങ് കാര്‍ഡുണ്ടെന്നും നന്ദകുമാര്‍ ദല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്റ്റാന്റിങ് കൗണ്‍സില്‍ ഇന്റര്‍വ്യൂ കോള്‍ ലെറ്ററും ഫോണ്‍ രേഖകളും ചില ഫോട്ടോകളും നന്ദകുമാര്‍ പുറത്ത് വിട്ടു. ആന്റൂസ് ആന്റണിയാണ് അനില്‍ ആന്റണിയുടെ പുതിയ ദല്ലാളെന്ന് മോദിയും ആന്റൂസ് ആന്റണിയും അനില്‍ ആന്റണിയും ചേര്‍ന്നുളള ഫോട്ടോ പുറത്ത് വിട്ട് നന്ദകുമാര്‍ പറഞ്ഞു.
അനില്‍ വഴി സിബിഐ സ്റ്റാന്റിങ് കൗണ്‍സില്‍ സ്ഥാനത്തേക്ക് തന്റെ വക്കീലിനെ എത്തിക്കാനായിരുന്നു ശ്രമം. കേരള ഹൈക്കോടതിയില്‍ നിയമിക്കാന്‍ ആയിരുന്നു ശ്രമിച്ചത്. പക്ഷെ സിബിഐ ഡയറക്ടര്‍ മറ്റൊരാളെ വെച്ചു. അനില്‍ ആന്റണി 25 ലക്ഷം രൂപയാണ് പണമായി തന്റെ കയ്യില്‍ നിന്നും വാങ്ങിയത്. കാര്യം നടക്കാതായതോടെ ഈ തുക തിരികെ ആവശ്യപ്പെട്ടു. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ടി തോമസും പി ജെ കുര്യനുമാണ് ഇടനില നിന്നത്. അഞ്ച് ഗഡുക്കളായാണ് പണം തിരികെ നല്‍കിയത്. നാല് ഗഡു തന്ന ശേഷം അഞ്ചാമത്തെ ഗഡു തരാനാകില്ലെന്നും അത് പുതിയ ഇടനിലക്കാരനായ ആന്റൂസ് ആന്റണിക്ക് നല്‍കിയ തുകയാണെന്നും പറഞ്ഞു. എന്നാല്‍ അത് തനിക്കറിയേണ്ടെന്നും തന്റെ 25 ലക്ഷവും തിരികെ തരണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് 25 ലക്ഷവും തിരികെ തന്നതെന്നും നന്ദകുമാര്‍ പറഞ്ഞു.
ബി ജെ പി നേതാവായ ശോഭാ സുരേന്ദ്രന് ഭൂമിയിടപാടുമായി ബന്ധപ്പെട്ട് 10 ലക്ഷം രൂപ നല്‍കിയിരുന്നുവെന്നും നന്ദകുമാര്‍ ആരോപിച്ചു. 23 ജനുവരി നാലിനാണ് ശോഭാ സുരേന്ദ്രന്‍ പണം വാങ്ങിയത്. ഭൂമി ഇടപാടിന് കരാര്‍ ഉണ്ടായിരുന്നില്ല. അക്കൗണ്ട് വഴിയാണ് തുക നല്‍കിയത്. ഈ പണം തരാമെന്ന് പറഞ്ഞല്ലാതെ തിരികെ നല്‍കിയിട്ടില്ലെന്നും നനന്ദകുമാര്‍ വ്യക്തമാക്കി. ശോഭ നേരിട്ട് വിളിച്ചാണ് ഇടപെടണമെന്ന് ആവശ്യപ്പെട്ടത്. ശോഭയുമായി നല്ല ബന്ധമുണ്ടായിരുന്നു. ശോഭയ്ക്ക് ഒപ്പമുള്ളവര്‍ ബന്ധപ്പെട്ട് പ്രശ്‌നം പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ശോഭാ സുരേന്ദ്രന്‍ പോണ്ടിച്ചേരി ഗവര്‍ണറാകാന്‍ ശ്രമം നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ടി.ജി നന്ദകുമാറിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് പത്തനംതിട്ടയിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി കൂടിയായ അനില്‍ ആന്റണി രംഗത്തെത്തി. നന്ദകുമാറിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് അദ്ദേഹം ആരോപിച്ചു. ആരുടെയും പണം വാങ്ങിയിട്ടില്ലെന്നും നന്ദകുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും അനില്‍ ആന്റണി പറഞ്ഞു. കോണ്‍ഗ്രസ് സംസ്ഥാന ദേശീയ നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ട്. നന്ദകുമാര്‍ 2016 ല്‍ തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിനു ശേഷം നിയമ നടപടി സ്വീകരിക്കുമെന്നും അപ്പോള്‍ ചില കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നും അനില്‍ ആന്റണി പ്രതികരിച്ചു. തന്റെ പ്രചാരണം അട്ടിമറിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. പത്തനംതിട്ടയില്‍ മാധ്യമങ്ങള്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുന്നു. ബിലീവേഴ്‌സ് ചര്‍ച്ച് തനിക്ക് പിന്തുണ പ്രഖ്യാപിച്ചത് വാര്‍ത്തയായില്ല. തനിക്ക് അനുകൂലമായുള്ള വാര്‍ത്തകള്‍ ഒതുക്കുന്നുവെന്നും അനില്‍ ആന്റണി പറഞ്ഞു.