മദീന – കഴിഞ്ഞ വർഷം 2.6 കോടിയിലേറെ വിശ്വാസികൾ ഖുബാ മസ്ജിദ് സന്ദർശിച്ചതായി കണക്കുകൾ വ്യക്തമാക്കി. ഇത് ഖുബാ മസ്ജിദിന്റെ ആഴത്തിലുള്ള മതപരവും ചരിത്രപരവുമായ പ്രാധാന്യത്തെയും, സന്ദർശക അനുഭവത്തെ സമ്പന്നമാക്കുന്ന സമഗ്രമായ സേവന സംവിധാനത്തിലൂടെ മസ്ജിദിന് അധികൃതരിൽ നിന്ന് ലഭിക്കുന്ന വിപുലമായ പരിചരണത്തെയും ശ്രദ്ധയെയും പ്രതിഫലിപ്പിക്കുന്നു. മദീന പ്രവിശ്യ വികസന അതോറിറ്റിയുടെ മേൽനോട്ടത്തിൽ സമീപ കാലത്ത് ഖുബാ മസ്ജിദിൽ വിപുലമായ വികസന പദ്ധതികൾ നടപ്പാക്കിയിരുന്നു.
മുറ്റത്ത് 2,500 ചതുരശ്ര മീറ്ററിലധികം നമസ്‌കാര സ്ഥലങ്ങൾ ഒരുക്കൽ, 160 ടണ്ണിലധികം ശേഷി അധികമായി ചേർത്തുകൊണ്ട് ശീതീകരിക്കാനുള്ള സംവിധാനം നവീകരിക്കൽ, മുറ്റങ്ങളിൽ 150 ലേറെ തണൽ കുടകൾ സ്ഥാപിക്കൽ, 160 ലേറെ സ്പീക്കറുകളോടെ ശബ്ദ സംവിധാനം നവീകരിക്കൽ, മുറ്റങ്ങളിൽ 3,000 ചതുരശ്ര മീറ്ററിലധികം പരവതാനി വിരിക്കൽ എന്നിവ വികസന പദ്ധതികളിൽ ഉൾപ്പെടുന്നു. പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കാനും സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ഈ പദ്ധതികൾ വർഷം മുഴുവനും ആരാധകർക്കും സന്ദർശകർക്കും സുഖകരവും സുരക്ഷിതവുമായ അന്തരീക്ഷം പ്രദാനം ചെയ്യാൻ സഹായിക്കുന്നു. ഈ ശ്രമങ്ങൾ, മദീനയുടെ ഇസ്‌ലാമികവും മാനുഷികവുമായ പദവിക്ക് അനുസൃതമായി, ചരിത്രപരമായ മസ്ജിദുകളിൽ സന്ദർശകർക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്താനും മതപരവും സാംസ്‌കാരികവുമായ അനുഭവം വർധിപ്പിക്കാനും ലക്ഷ്യമിടുന്ന വിഷൻ 2030 ന്റെ ഭാഗമാണ്.
മദീനക്ക് തെക്ക് പടിഞ്ഞാറായി, മദീനയെയും മക്കയെയും ബന്ധിപ്പിക്കുന്ന ഹിജ്‌റ റോഡിൽ, പ്രവാചക പള്ളിയിൽ നിന്ന് ഏകദേശം മൂന്നര കിലോമീറ്റർ അകലെയാണ് ഖുബാ പള്ളി സ്ഥിതി ചെയ്യുന്നത്. മസ്ജിദ് നിർമ്മിച്ച സ്ഥലം മുമ്പ് ഖുബാ ഗ്രാമം എന്നറിയപ്പെട്ടിരുന്നു. മദീനയിൽ നിന്ന് ഏകദേശം രണ്ടോ മൂന്നോ മൈൽ അകലെ, തോട്ടങ്ങളും ഈത്തപ്പനകളും കൊണ്ട് സമൃദ്ധമായ ഒരു ഗ്രാമമാണിത്. പ്രവാചക പള്ളി കഴിഞ്ഞാൽ മദീനയിലെ രണ്ടാമത്തെ വലിയ പള്ളിയാണ് ഖുബാ മസ്ജിദ്. ഇവിടെ ഒരേ സമയം 20,000 പേർക്കു വരെ നമസ്‌കാരം നിർവഹിക്കാൻ കഴിയും. 13,500 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സ്ഥലത്താണ് മസ്ജിദ് നിർമ്മിച്ചിരിക്കുന്നത്. മസ്ജിദിലെ നമസ്‌കാര ഹാളിന് 5,035 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ട്. നാല് മിനാരങ്ങൾ, 62 താഴികക്കുടങ്ങൾ, ഇമാമുമാർക്കും മുഅദ്ദിനുകൾക്കുമുള്ള താമസസ്ഥലങ്ങൾ, ലൈബ്രറി, സന്ദർശകർക്കുള്ള ഷോപ്പിംഗ് ഏരിയ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു.
ഇസ്‌ലാമിക ചരിത്രത്തിൽ നിർമ്മിച്ച ആദ്യത്തെ പള്ളിയായി കണക്കാക്കപ്പെടുന്നതിനാൽ ഖുബാ മസ്ജിദ് മുസ്‌ലിംകൾക്ക് വലിയ പ്രാധാന്യമുള്ളതാണ്.
ഹിജ്‌റയുടെ ആദ്യ വർഷത്തിൽ നിർമ്മിച്ച ഖുബാ മസ്ജിദിൽ ചരിത്രത്തിലെ ഏറ്റവും വലിയ വിപുലീകരണ പദ്ധതിയായ കിംഗ് സൽമാൻ പദ്ധതി ഹിജ്‌റ 1443 റമദാൻ ഏഴിന് (2022 ഏപ്രിൽ 8) കിരീടാവകാശിയും പ്രധാനമന്ത്രിയും സാമ്പത്തിക, വികസനകാര്യ കൗൺസിൽ ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ചു.
വികസന പദ്ധതിയിലൂടെ പള്ളിയുടെ മൊത്തം വിസ്തീർണ്ണം 50,000 ചതുരശ്ര മീറ്ററായി വർധിപ്പിക്കാൻ ലക്ഷ്യമിടുന്നു. ഇത് വിപുലീകരണത്തിന് മുമ്പുള്ളതിന്റെ പത്തിരട്ടി വലുപ്പത്തിന് തുല്യമാണ്. ഒരേസമയം 66,000 ആരാധകരെ ഉൾക്കൊള്ളാൻ കഴിയുന്ന നിലക്ക് ശേഷി വർധിപ്പിക്കും. പള്ളിക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ മേലാപ്പുകളും പ്രത്യേക പ്രാർഥനാ സ്ഥലങ്ങളും സ്ഥാപിക്കൽ, തിരക്കേറിയ സമയങ്ങളിൽ കൂടുതൽ സന്ദർശകരെ എളുപ്പത്തിൽ ഉൾക്കൊള്ളാൻ ചുറ്റുമുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, വിശ്വാസികളുടെ സുരക്ഷ വർധിപ്പിക്കൽ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഫാമുകൾ, തോട്ടങ്ങൾ, കിണറുകൾ തുടങ്ങിയ 57 സ്ഥലങ്ങൾ ഉൾപ്പെടെ പള്ളിക്ക് ചുറ്റുമുള്ള നിരവധി ചരിത്ര സ്ഥലങ്ങളുടെ വികസനവും പദ്ധതിയിൽ ഉൾപ്പെടുന്നു.



