കുവൈത്ത് സിറ്റി– വിദേശത്ത് നിന്ന് കുവൈത്തിലേക്ക് വന്‍തുക കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 5 ല്‍ വെച്ച് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. അറബ് രാജ്യത്ത് നിന്ന് എത്തിയ യാത്രക്കാരന്റെ പക്കല്‍ വെളിപ്പെടുത്താത്ത 10,000 യു.എസ് ഡോളറും 1,467 കുവൈത്ത് ദീനാറും അഞ്ചു ലക്ഷം സിറിയന്‍ പൗണ്ടും കണ്ടെത്തുകയായിരുന്നു. യാത്രക്കാരന്റെ പക്കല്‍ കണ്ടെത്തിയ പണം കണ്ടുകെട്ടി. ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിച്ച്, നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തൊണ്ടിസഹിതം യാത്രക്കാരനെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായും ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസ് വ്യക്തമാക്കി.
കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിനുള്ള 2013 ലെ 106 -ാം നമ്പര്‍ നിയമം അനുസരിച്ച്, 3,000 കുവൈത്ത് ദീനാറില്‍ കൂടുതലുള്ള പണത്തെ മുന്‍കൂട്ടി യാത്രക്കാര്‍ വെളിപ്പെടുത്തണം. മുന്‍കൂട്ടി വെളിപ്പെടുത്താതിരിക്കുന്നത് നിയമത്തിന്റെ വ്യക്തമായ ലംഘനമാണ്. കുറ്റവാളികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. നിയമപരമായ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാനും രാജ്യത്തെ എന്‍ട്രി പോര്‍ട്ടുകളിലൂടെ സുഗമമായ യാത്ര ഉറപ്പാക്കാനും അംഗീകൃത നിര്‍ദേശങ്ങളും നടപടിക്രമങ്ങളും പാലിക്കാന്‍ എല്ലാ യാത്രക്കാരോടും കസ്റ്റംസ് അധികൃതര്‍ അഭ്യര്‍ഥിച്ചു.



