അബുദാബി– സ്വദേശിവല്‍ക്കരണ ഫലങ്ങള്‍ ശക്തിപ്പെടുത്താനും സ്വദേശികളുടെ തൊഴില്‍ സ്ഥിരത മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായി സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന യു.എ.ഇ പൗരന്മാരുടെ മിനിമം വേതനം 6,000 ദിര്‍ഹമായി ഉയര്‍ത്തുമെന്ന് മാനവ വിഭവശേഷി, ഇമാറാത്തിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. 2026 ജനുവരി ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കല്‍, പുതുക്കല്‍, ഭേദഗതി ചെയ്യല്‍ തുടങ്ങിയ എല്ലാ സേവനങ്ങള്‍ക്കും പുതുക്കിയ മിനിമം വേതനം ബാധകമാകുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. 2026 ന്റെ തുടക്കം മുതല്‍, 6,000 ദിര്‍ഹത്തില്‍ താഴെ ശമ്പളം പട്ടികപ്പെടുത്തിയിരിക്കുന്ന, സ്വദേശികള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റിനുള്ള ഏതൊരു അപേക്ഷയും പ്രോസസ്സ് ചെയ്യുകയോ നല്‍കുകയോ ചെയ്യില്ലയെന്നും വ്യക്തമാക്കി.
പുതിയ ആവശ്യകതയെ കുറിച്ച് തൊഴിലുടമകളെ അറിയിക്കുന്നതിന് മന്ത്രാലയത്തിന്റെ സേവന ചാനലുകളിലൂടെയും സ്മാര്‍ട്ട് ആപ്ലിക്കേഷനിലൂടെയും ഓട്ടോമേറ്റഡ് അറിയിപ്പുകള്‍ അയക്കുമെന്ന് മാനവ വിഭവശേഷി, ഇമാറാത്തിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. മിനിമം വേതന പരിധി പാലിക്കാനായി തൊഴിലുടമകളോട് ശമ്പളം ക്രമീകരിക്കാന്‍ ആവശ്യപ്പെടും.
2026 ജൂണ്‍ 30 നകം സ്വദേശി ജീവനക്കാരന്റെ ശമ്പളം അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍, മിനിമം ശമ്പള വ്യവസ്ഥ പാലിക്കുന്നതുവരെ ജീവനക്കാരനെ സ്വദേശിവല്‍ക്കരണ കണക്കുകൂട്ടലുകളില്‍ ഉള്‍പ്പെടുത്തുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നത് ഉള്‍പ്പെടെയുള്ള അധിക നടപടികള്‍ 2026 ജൂലൈ ഒന്നു മുതല്‍ സ്വീകരിക്കും. സ്വദേശികളുടെ ശമ്പളം മിനിമം പരിധിക്ക് താഴെയാണെങ്കില്‍ പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുന്നത് തടയുന്ന നിയന്ത്രണവും സ്ഥാപനങ്ങള്‍ നേരിടേണ്ടിവരും. പുതുതായി നല്‍കിയാലും പുതുക്കിയാലും ഭേദഗതി ചെയ്താലും രണ്ട് വര്‍ഷത്തെ എമിറാറ്റി വര്‍ക്ക് പെര്‍മിറ്റുകള്‍ക്ക് പുതുക്കിയ മിനിമം വേതനം ബാധകമാണ്. 2026 തുടക്കം മുതല്‍ സ്വദേശികളുടെ ശമ്പളം 6,000 ദിര്‍ഹത്തില്‍ താഴെയാകരുതെന്നും മന്ത്രാലയം വ്യക്തമാക്കി.



