റിയാദ് – ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്‌സിന്റെ പുതിയ പ്രസിഡന്റ് ആയി അബ്ദുല്ല സ്വാലിഹ് കാമില്‍ തെരഞ്ഞെടുക്കപ്പെട്ടു. 2026 മുതല്‍ 2029 വരെ കാലയളവിലേക്കുള്ള പതിനാറാമത് സെഷനിലെ ഫെഡറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് പ്രസിഡന്റിനെയും മറ്റു ഭാരവാഹികളെയും തെരഞ്ഞെടുക്കാന്‍ റിയാദിലെ ഫെഡറേഷന്‍ ആസ്ഥാനത്ത് വാണിജ്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ ഇന്നാണ് വാശിയേറിയ തെരഞ്ഞെടുപ്പ് നടന്നത്.
ഇമാദ് അല്‍ഫാഖിരി ഫസ്റ്റ് വൈസ് ചെയര്‍മാനായും ഖാലിദ് അല്‍സൈഖാന്‍ സെക്കന്‍ഡ് വൈസ് ചെയര്‍മാനായും തെരഞ്ഞെടുക്കപ്പെട്ടു. 1980 ല്‍ സ്ഥാപിതമായതു മുതല്‍ ഫെഡറേഷന്‍ ഓഫ് സൗദി ചേബേഴ്‌സ് പ്രസിഡന്റ് പദവി 18 പ്രമുഖ വ്യവസായികള്‍ വഹിച്ചിട്ടുണ്ട്. പ്രാദേശിക, അന്തര്‍ദേശീയ പങ്കാളികളുമായുള്ള സൗദി അറേബ്യയുടെ സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിലും, സര്‍ക്കാര്‍ വകുപ്പുകളുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിലൂടെ സാമ്പത്തിക, വികസന, സാമൂഹിക വിഷയങ്ങളെ പിന്തുണക്കുന്നതിലും ഫെഡറേഷന്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.



