ജിദ്ദ– സൊമാലിലാന്‍ഡിനെ സ്വതന്ത്ര, പരമാധികാര രാഷ്ട്രമായി അംഗീകരിച്ച ഇസ്രായിലിന്റെ നടപടി ശക്തമായി നിരാകരിക്കുന്നതായി സൗദി അറേബ്യയും 20 അറബ്, ഇസ്‌ലാമിക രാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. സൗദി അറേബ്യ, ഈജിപ്ത്, അള്‍ജീരിയ, കൊമോറോസ്, ജിബൂത്തി, ഗാംബിയ, ഇറാന്‍, ഇറാഖ്, ജോര്‍ദാന്‍, കുവൈത്ത്, ലിബിയ, മാലിദ്വീപ്, നൈജീരിയ, ഒമാന്‍, പാക്കിസ്ഥാന്‍, ഫലസ്തീന്‍, ഖത്തര്‍, സൊമാലിയ, സുഡാന്‍, തുര്‍ക്കി, യെമന്‍ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷും ചേര്‍ന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവന സൊമാലിയയിലെ സൊമാലിലാന്‍ഡ് മേഖലയെ അംഗീകരിച്ച ഇസ്രായിലിന്റെ പ്രഖ്യാപനത്തെ പൂര്‍ണമായും എതിർത്തു.
ആഫ്രിക്കയിലും ചെങ്കടല്‍ മേഖലയിലും സമാധാനത്തിനും സുരക്ഷക്കും ഈ നീക്കം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും പ്രസ്താവനയിൽ അറിയിച്ചു. അന്താരാഷ്ട്ര നിയമത്തോടുള്ള ഇസ്രായിലിന്റെ കടുത്ത അവഗണനയും ഇത് പ്രതിഫലിപ്പിക്കുന്നു. രാജ്യങ്ങളുടെ പരമാധികാരവും അഖണ്ഡതയും സുരക്ഷയും കാത്തുസൂക്ഷിക്കാന്‍ ഊന്നല്‍ നല്‍കുന്ന അന്താരാഷ്ട്ര നിയമത്തിന്റെയും യു.എന്‍ ചാര്‍ട്ടറിന്റെയും കടുത്ത ലംഘനമാണിത്.
സൊമാലിയയുടെ പരമാധികാരത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച മന്ത്രിമാര്‍, സൊമാലിയയുടെ അഖണ്ഡത, പ്രദേശിക സമഗ്രത, അതിന്റെ മുഴുവന്‍ പ്രദേശത്തിനുമേലുള്ള പരമാധികാരം എന്നിവയെ ദുര്‍ബലപ്പെടുത്തുന്ന ഏതൊരു നടപടിയെയും നിരാകരിക്കുന്നതായും ഇവർ വ്യക്തമാക്കി. ഒരു രാഷ്ട്രത്തില്‍ പെട്ട ചില ഭാഗങ്ങളുടെ സ്വാതന്ത്ര്യം അംഗീകരിക്കുന്നത് അപകടകരമായ ഒരു കീഴ്‌വഴക്കമാണ്.
ഇത് അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും അന്താരാഷ്ട്ര നിയമത്തിന്റെ സ്ഥാപിത തത്വങ്ങള്‍ക്കും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിനും ഭീഷണിയാണെന്നും വിദേശ മന്ത്രിമാര്‍ ചൂണ്ടികാണിച്ചു. ഫലസ്തീന്‍ ജനതയെ അവരുടെ ഭൂമിയില്‍ നിന്ന് പുറത്താക്കാനുള്ള ഏതൊരു നീക്കവും ഒരിക്കലും അംഗീകരിക്കില്ലെന്നും സംയുക്ത പ്രസ്താവന പറഞ്ഞു.
യൂറോപ്യന്‍ യൂണിയന്‍ ഭരണഘടനക്കും യൂറോപ്യന്‍, ആഫ്രിക്കന്‍ യൂണിയനുകളുടെ ചാര്‍ട്ടറുകള്‍ക്കും അനുസൃതമായി സൊമാലിയയുടെ അഖണ്ഡത, പരമാധികാരം, പ്രദേശിക സമഗ്രത എന്നിവയോടുള്ള ബഹുമാനം യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി. നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് സൊമാലിലാന്‍ഡും സൊമാലിയന്‍ സര്‍ക്കാരും തമ്മില്‍ ക്രിയാത്മകമായ സംഭാഷണം നടത്തണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു.
അതേസമയം, സൊമാലിലാന്‍ഡിനെ സ്വതന്ത്ര രാഷ്ട്രമായി ഇസ്രായില്‍ അംഗീകരിച്ചതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ചര്‍ച്ച ചെയ്യാനായി അറബ് ലീഗ് ഇന്ന് കയ്‌റോയില്‍ അടിയന്തിര യോഗം ചേരും. രാജ്യത്തിന്റെ പരമാധികാരത്തിനും പ്രദേശിക സമഗ്രതക്കും നേരെയുള്ള നഗ്‌നമായ ആക്രമണമായി സൊമാലിയന്‍ സര്‍ക്കാര്‍ കരുതുന്ന ഇസ്രായിലിന്റെ നീക്കത്തെ ചെറുക്കാനുള്ള സംയുക്ത അറബ് ശ്രമത്തിന്റെ ഭാഗമായി, അറബ് ലീഗിലേക്കുള്ള സൊമാലിയയുടെ സ്ഥിരം പ്രതിനിധിയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് യോഗം.
ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് 1991 ല്‍ സൊമാലിയയില്‍ നിന്ന് സൊമാലിലാന്‍ഡ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതിനുശേഷം ഒരു യു.എന്‍ അംഗരാജ്യവും ഇതുവരെ ഔദ്യോഗികമായി സൊമാലിലാന്‍ഡിനെ അംഗീകരിച്ചിരുന്നില്ല. ഫെഡറല്‍ റിപ്പബ്ലിക് ഓഫ് സൊമാലിയക്കുള്ളിലെ സ്വയംഭരണ മേഖലയായാണ് സൊമാലിലാന്‍ഡ് അന്താരാഷ്ട്രതലത്തില്‍ പരിഗണിക്കപ്പെടുന്നത്.



