സാംബൽപൂർ– കേരളത്തിൽ വാളയാറിൽ ബംഗ്ലാദേശിയെന്ന് ആരോപിച്ച് ഛത്തീസ്ഗഡ് സ്വദേശിയെ ബിജെപി പ്രവർത്തകർ അടക്കമുള്ള ആൾക്കൂട്ടം തല്ലിക്കൊന്നതിന്റെ വാർത്തയുടെ ഞെട്ടൽ മാറുമുമ്പേ രാജ്യത്ത് നടുക്കി വീണ്ടും ആൾകൂട്ടകൊല. ഒഡീഷയിലെ സാംബൽപൂരിലാണ് സംഭവം. പശ്ചിമബംഗാൾ സ്വദേശിയായ ജുവൽ ഷെയ്ക്കിനെ (30) അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരനാണെന്ന് ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു. ജുവൽ ഷെയ്ക്ക് ഈ പ്രദേശത്ത് ജോലി ചെയ്‌തു വരുകയായിരുന്നു.
കഴിഞ്ഞ ദിവസം ജോലി പൂർത്തിയാക്കിയ ശേഷം ജുവൽ കൂടെ പണി ചെയ്‌തിരുന്ന മൂന്ന് തൊഴിലാളികൾക്കൊപ്പം ശാന്തി നഗർ പ്രദേശത്തെ ഒരു ചായക്കടയിൽ കയറി. തുടർന്ന് ഇവിടെയെത്തിയ അഞ്ച് പേരടങ്ങുന്ന സംഘം ഇവരോട് തിരിച്ചറിയൽ ആവശ്യപ്പെട്ട് തൊഴിലാളികളെ മർദ്ദിക്കുകയായിരുന്നു. ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി കുടിയേറിയെന്ന് പറഞ്ഞാണ് ഇവർ മർദ്ദിച്ചത്. തിരിച്ചറിയൽ രേഖകൾ കാണിച്ചു കൊടുത്തെങ്കിലും അക്രമം തുടരുകയായിരുന്നു. കൂടെയുള്ളവർ ഓടി രക്ഷപ്പെട്ടെങ്കിലും പ്രതികൾ ഷെയ്‌ഖിനെ പിടികൂടി ക്രൂരമായി മർദ്ദിച്ചു. സംഭവസ്ഥലത്ത് വച്ചുതന്നെ ഇയാൾ മരണപ്പെട്ടു. പരിക്കേറ്റ തൊഴിലാളികൾ നിലവിൽ ആശുപത്രിയിൽ. ചികിത്സയിലാണ്
മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലാണെന്നും വിവരം ഷെയ്‌ഖിന്റെ കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.



