റിയാദ്– സൗദി അറേബ്യയിലെ അൽ-ഖർജിൽ അധ്യാപികമാർ സഞ്ചരിച്ച ബസിന് തീപിടിച്ചപ്പോൾ രക്ഷകനായി യുവാവ്. ബസിന് തീപിടിച്ചപ്പോൾ അതെന്നും വകവെക്കാതെ ബസിലുണ്ടായിരുന്ന ആറ് അധ്യാപികമാരെയും ജീവിതത്തിലേക്ക് തിരികെ കൈപ്പിടിച്ച് ഉയർത്തി രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് അബ്ദുസലാം അല്‍ശറാരി എന്ന യുവാവ്. രക്ഷാപ്രവർത്തനത്തിനിടയിൽ അല്‍ശറാരിയുടെ കൈകൾക്കും കാലുകൾക്കും പൊള്ളലേറ്റതിനെ തുടർന്ന് ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അല്‍ശറാരിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
അധ്യാപികമാരുമായി സഞ്ചരിച്ച ബസിൽ നിന്ന് പെട്ടെന്ന് തീയും പുകയും ഉയരുന്നത് കണ്ട അല്‍ശറാരി തന്റെ വാഹനം നിർത്തി ഓടിയെത്തുകയായിരുന്നു. പുക നിറഞ്ഞ ബസിനുള്ളിൽ വാതിലുകൾ തുറക്കാൻ കഴിയാതെ അധ്യാപികമാർ ഭയം കൊണ്ട് നിലവിളിക്കുന്നത് കണ്ട അല്‍ശറാരി വളരെ വേഗത്തിൽ ബസിന്റെ ജനാലകൾ തകർത്ത് അവരെ പുറത്തെത്തിച്ച് രക്ഷിക്കുകയായിരുന്നു. അവസാനത്തെ ആളെയും സുരക്ഷിതമായി പുറത്തെത്തിച്ച് നിമിഷങ്ങൾക്ക് ശേഷം ബസ് പൂർണമായും കത്തി നശിച്ചു.
സ്വന്തം ജീവൻ വക വെക്കാതെയുള്ള മിഷാരിയുടെ ധീര പ്രവർത്തനം സോഷ്യൽ മീഡിയകളിൽ വളരെയധികം പ്രശംസയാർജിക്കുകയാണ്. “ധീരതയുടെ പര്യായം” എന്നാണ് ഭരണാധികാരികൾ അടക്കമുള്ളവർ യുവാവിനെ വിശേഷിപ്പിക്കുന്നത്. രാജ്യം സാക്ഷ്യം വഹിക്കേണ്ടി വരുമായിരുന്ന വലിയൊരു ദുരന്തത്തിൽ നിന്നാണ് മിഷാരി ഇവരെ രക്ഷിച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. പ്രാദേശിക ഭരണകൂടം യുവാവിനെ ആദരിക്കാനുള്ള ഒരുക്കത്തിലാണ്.



