ദുബൈ – ദുബൈയിലെ സ്വർണക്കടയിൽ നിന്ന് 10 കിലോ സ്വർണവുമായി മുങ്ങിയ മലയാളി ജീവനക്കാർക്ക് ദുബൈ കോടതിതടവും പിഴയും വിധിച്ചു. കോട്ടയം സ്വദേശികളായ മുഹമ്മദ് അജാസ്, അജ്മൽ കബീർ എന്നിവരാണ് പ്രതികൾ. ഇതിൽ അജ്മൽ കബീറിനെ ദുബൈ പൊലീസ് പിടികൂടിയെങ്കിലും മുഹമ്മദ് അജാസ് ഇന്ത്യയിലേക്ക് രക്ഷപ്പെട്ടു.
ഒരു വർഷം തടവും 14 ലക്ഷം ദിർഹം (ഏകദേശം മൂന്ന് കോടിയിലേറെ രൂപ) പിഴയുമാണ് കോടതി വിധിച്ചത്. ദെയ്റ ഗോൾഡ് സൂഖിലെ ‘റിച്ച് ഗോൾഡ്’ ജ്വല്ലറിയിൽ മാനേജരായും സൂപ്പർവൈസറായും സേവനമനുഷ്ഠിച്ചിരുന്ന ഇവർ, ഉടമയുടെ കണ്ണുവെട്ടിച്ച് നടത്തിയ അതീവ ആസൂത്രിതമായ കവർച്ചയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. 2022-2023 കാലയളവിലാണ് മോഷണം നടത്തിയത്.
ദുബൈയിൽ പ്രവർത്തിക്കുന്ന ചിറ്റിലപ്പള്ളി ജ്വല്ലേഴ്സിൽനിന്ന് അഹമ്മദ് കബീർ വിവാഹ ആവശ്യത്തിനാണെന്ന് പറഞ്ഞ് വാങ്ങിയ 120 ഗ്രാം സ്വർണം തിരികെ ലഭിക്കാതെ വന്നതോടെ ഇവർ റിച്ച് ഗോൾഡ് ജ്വല്ലറി ഉടമയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കോടികൾ വിലമതിക്കുന്ന സ്വർണം നഷ്ടപ്പെട്ട വിവരം വ്യക്തമായത്.
നാട്ടിലായിരുന്ന അഹമ്മദ് കബീറിനെ വിവാഹത്തിനുശേഷം ദുബൈയിലെത്തിച്ചാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ കീഴ്ക്കോടതി നൽകിയ ശിക്ഷയ്ക്കെതിരെ പ്രതികൾ അപ്പീൽ നൽകിയെങ്കിലും വിധിയിൽ മാറ്റം വരുത്താൻ അപ്പീൽകോടതി തയാറായില്ല.
അതേസമയം, നഷ്ടപ്പെട്ട സ്വർണം തിരികെ ലഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ജ്വല്ലറിയിൽ നിന്ന് കോടികളുമായി നാട്ടിലേക്ക് കടന്ന അജാസിനെ പിടികൂടാൻ ഇപ്പോൾ ഇന്റർപോളിന്റെ സഹായം തേടുകയാണ് അധികൃതർ. അജാസിനെതിരെ റിച്ച് ഗോൾഡ് ഉടമയായ മുഹമ്മദ് സലിം കേരളത്തിലും പരാതി നൽകിയിട്ടുണ്ട്.



