ജിദ്ദയിൽനിന്ന് കോഴിക്കോട്ടേക്ക് പറക്കുന്നതിനിടെ ടയർ പൊട്ടി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എമർജൻസി ലാന്റിംഗ് നടത്തേണ്ടി വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഒരു വർഷത്തിനിടെ വിവിധ പ്രശ്നങ്ങളിൽ പെട്ടത് അഞ്ചു തവണ. വ്യോമമേഖലയെ സംബന്ധിച്ചുള്ള വിവരങ്ങളിൽ സ്പെഷ്യലൈസ് ചെയ്യുന്ന മാധ്യമ പ്രവർത്തകൻ ജേക്കബ് ഫിലിപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സൗദി അറേബ്യയിലെ ജിദ്ദയിലുള്ള കിങ് അബ്ദുൽഅസീസ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് പറക്കാൻ, വ്യാഴാഴ്ച പുലർച്ചെ 1.18 ന് ടേക്കോഫു ചെയ്ത എയർ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ളൈറ്റ് ഐഎക്‌സ്398 ബോയിങ് 737-86എൻ വിമാനമാണ് കോഴിക്കോടിറങ്ങാതെ, രാവിലെ 9.06 ന് കൊച്ചിയിൽ ലാൻഡു ചെയ്തത്, വിമാനത്തിന്റെ ടയറുകൾ പൊട്ടിപ്പോയതാണ് എമർജൻസി ലാന്റിംഗിന് കാരണമായത്.
ഇതുമായി ബന്ധപ്പെട്ട ചില സംശയങ്ങളും ഉത്തരങ്ങളും..
- ടയർ പൊട്ടിയത് ശരിക്കും എപ്പോഴാണ്? ജിദ്ദ റൺവേയിൽ വച്ചോ അതോ ടേക്കോഫു കഴിഞ്ഞിട്ടോ? പറക്കലിനിടെ പൊട്ടാൻ സാധ്യതയില്ലാത്തതിനാൽ ജിദ്ദ റൺവേയിൽ വച്ചാണെങ്കിൽ അത് പൈലറ്റ് അറിഞ്ഞതെങ്ങിനെ?
- ടയർ പൊട്ടിയ വിമാനം കോഴിക്കോടിറങ്ങാതെ പിന്നെയും കുറേക്കൂടി മുന്നോട്ടു പറന്ന് കൊച്ചിയിലിറങ്ങിയതെന്താണ്?
ടേക്കോഫു ചെയ്യാൻ റൺവേയിലൂടെ ഓടി, പറന്നുയരുന്നതിനു തൊട്ടുമുമ്പ് ടയർ പൊട്ടുമ്പോൾ മാത്രമാണ് ഇന്നത്തെ സാഹചര്യമുണ്ടാവുക. ടേക്കോഫിനാവശ്യമായ വേഗം കൈവരിച്ചുകഴിഞ്ഞ വിമാനത്തിന് പറന്നുയരുക എന്ന ഒരു ഓപ്ഷൻ മാത്രം ശേഷിച്ചിരിക്കുമ്പോഴാണ്, ടയർ പൊട്ടിയതൊന്നും കണക്കിടാതെ റൺവ വിട്ടുയരുന്നതും പറന്നു നീങ്ങുന്നതും. അല്ലെങ്കില് പൊട്ടിയ കാര്യം പൈലറ്റുമാർ അറിഞ്ഞിട്ടുണ്ടാവുകയേ അരുത്.
ടയർ പൊട്ടിയ കാര്യം കോക്പിറ്റിൽ അറിയുന്നത് പല വിധത്തിലാകാം-
വൻവേഗത്തിലോടുന്ന കാറിന്റെ ടയർ പഞ്ചറായാൽ, വണ്ടി പാളുന്നതിലൂടെ ഡ്രൈവർക്ക് കാര്യം പിടികിട്ടുന്നതു പോലെതന്നെ പൈലറ്റിന് പൊട്ടൽ ഫീലു ചെയ്യാം.
ടയർ പൊട്ടുന്ന വലിയ ശബ്ദം, വിമാനത്തിനുണ്ടാകുന്ന വിറയൽ, റഡർ ഇടത്തോട്ടും വലത്തോട്ടും ചലിപ്പിച്ച് വിമാനം സ്റ്റെഡിയാക്കേണ്ടി വരുന്നത്- ഇങ്ങിനെയെല്ലാം ടയർ പൊട്ടൽ പൈലറ്റുമാർ ‘അനുഭവിച്ചറിയുന്നില്ലെങ്കിൽ’, കോക്പിറ്റിലെ ഇല്‌ക്ട്രോണിക് സെൻട്രലൈസ്ഡ് എയർക്രാഫ്റ്റ് മോണിറ്റർ എന്ന ‘ഇകാമിൽ’ അപായ സൂചന നോക്കിക്കാണാനാകും. ചക്രങ്ങളിലെ വായു മർദ്ദം കുറഞ്ഞുവെന്നതാണ് സാധാരണ കിട്ടുന്ന വിപത് മുന്നറിയിപ്പ്. ചില വിമാനങ്ങളിൽ ലാൻഡിങ് ഗിയറിനടുത്ത് വച്ചിട്ടുള്ള ക്യാമറയിലെ ദൃശ്യങ്ങൾ നോക്കിയും ടയർപൊട്ടൽ കണ്ടറിയാം.
പക്ഷേ, ഇപ്പറഞ്ഞ ഒരു മുന്നറിയിപ്പുസംവിധാനങ്ങളിൽ നിന്നും വിവരം ലഭിക്കാതെ, ഒന്നുമറിയാതെ പറന്നുയർന്ന സംഭവങ്ങളുമുണ്ട്.
അവിടെയാണ്, ടേക്കോഫിനു ശേഷം മിക്ക വിമാനത്താവളങ്ങളിലും നടത്തുന്ന റൺവേ പരിശോധന ഗുണം ചെയ്യുക. റൺവേയിൽ ചിതറിക്കിടക്കുന്ന ടയർ കഷണങ്ങൾ കണ്ടാൽ, എയർട്രാഫിക് കൺട്രോളർമാരെ വിവരം ധരിപ്പിക്കുകയും അവരത് പൈലറ്റിനെ വിളിച്ചു പറയുകയും ചെയ്യും.
വിടി-ജിഎച്ച്‌സി എന്ന റജിസ്‌ട്രേഷനുള്ള ഈ വിമാനത്തിന്റെ പൈലറ്റുമാർ എങ്ങിനെയാണ് ഇന്നത്തെ ടയർപൊട്ടൽ കാര്യം അറിഞ്ഞതെന്ന് വ്യക്തമല്ല.
എന്തായാലും, പൊട്ടിയ ടയറുമായി ലാൻഡു ചെയ്യുമ്പോൾ ഉണ്ടാകാനിടയുള്ള കുഴപ്പങ്ങൾ നേരിടാനുള്ള മുൻകരുതലുകൾക്കായി കോഴിക്കോട് വിമാനത്താവളത്തിലും പിന്നെ, ലാൻഡിങ്ങിനായി തെരഞ്ഞെടുത്ത കൊച്ചിയിലും വിവരമിറിയിക്കുക എന്നതാണ് പൈലറ്റുമാർ ആദ്യം ചെയ്യുക. മുന്കരുതലെല്ലാം പിന്നെ വിമാനത്താവളം എടുത്തോളും.
ബോയിങി 737-86എൻ ഇനത്തിൽപ്പെട്ട വിമാനത്തിന് പരമാവധി ഭാരവുമായി സുഖമായി പറന്നിറങ്ങി ഓടി നിൽക്കാൻ ഏഴായിരം അടിയിൽ താഴെ റൺവേ മതിയെന്നിരിക്കേ, ഇന്ന്, 9383 അടി റൺവേയുള്ള കോഴിക്കോട് ഒഴിവാക്കിയത് മറ്റൊരു പരിഗണനയിലാവാനാണ് സാധ്യത.
വിമാനത്തിന്റെ, ഒരു വശത്തെ ചക്രങ്ങളിൽ ചിലതാണ് പൊട്ടിയതെന്നതിനാൽ, റൺവേയിൽ ഇറങ്ങി ഓടുമ്പോൾ വിമാനം മറ്റേവശത്തേക്ക് പാളിയേക്കും എന്ന ആശങ്കയാവും, കോഴിക്കോട്ടെ ടേബിൽ ടോപ് റൺവേ ഒഴിവാക്കാൻ കാരണം.
ഏതായാലും, കുഴപ്പമൊന്നുമില്ലാതെ ലാൻഡിങ് നടന്നു കഴിഞ്ഞ സ്ഥിതിക്ക് ഒൻപതുകൊല്ലം പഴക്കമുള്ള ഈ വിമാനത്തിന്റെ ഭൂതകാലത്തെപ്പറ്റി കിട്ടിയ കുറച്ചു കാര്യങ്ങൾ കൂടി എഴുതാം.
2021 ജൂലൈയിൽ തിരുവനന്തപുരത്തു നിന്ന് ദമ്മാമിലേക്ക്, ഫ്‌ളൈറ്റ് നമ്പർ ഐഎക്‌സ്-1581 ആയി പറക്കുമ്പോൾ, അറബിക്കടലിനു മീതേ 38,000 അടിപ്പൊക്കത്തിൽ ഈ വിമാനത്തിന്റെ വിൻഡ്ഷീൽഡിൽ ഒരു പൊട്ടൽ വീണു. ചില്ല് തകർന്നോ എന്നു വ്യക്തമല്ല. എന്തായാലും പൈലറ്റുമാർ വിമാനം പെട്ടെന്ന് 21000 അടിയിലേക്ക് താഴ്ത്തി, യു-ടേൺ എടുത്ത് തിരിച്ചു പറത്തി വിമാനം തിരുവനന്തപുരത്തു തന്നെ കൊണ്ടിറക്കി. ആർക്കും ആപത്തൊന്നുമുണ്ടായില്ല.
നാലു കൊല്ലം മുമ്പത്തെ, വാർത്തകളിലൊക്കെ വന്ന, ഈ തിരിച്ചു പറക്കലിനു പുറമേ, കഴിഞ്ഞ 12 മാസത്തിനുള്ളിൽ കുറഞ്ഞത് അഞ്ചുതവണ, പല വിധ പ്രശ്‌നങ്ങൾ കാരണം വഴിതിരിച്ചു വിടേണ്ടി വന്നിട്ടുണ്ട്, ഈ വിമാനം.
ഇക്കൊല്ലം ഒക്ടോബർ 18 ന് ദമ്മാമിൽ നിന്ന് കോഴിക്കോട്ടേക്കു പോകുന്നതിനു പകരം കൊച്ചിയിലും, സെപ്റ്റംബർ 20ന് ദോഹയിൽ നിന്ന് കണ്ണൂരിലേക്ക് പറക്കുമ്പോൾ ബെംഗളുരുവിലും, ഏപ്രിൽ 10 ന് തിരുവനന്തപരും-അബുദാബി യാത്ര വെട്ടിച്ചെറുതാക്കി കോഴിക്കോടും ജനുവരി 29 ന് കൊച്ചിയിൽ നിന്ന് അബൂദാബിയിലേക്കുള്ള പറക്കുമ്പോൾ തിരുവന്തപുരത്തും, ജനുവരി 10ന് ഷാർജയിൽ നിന്ന് അമൃത്സറിലേക്കു പറക്കുന്നതിനു പകരം ജയ്പൂരിലും ഇറക്കേണ്ടി വന്നിട്ടുണ്ടെന്ന് ഫ്‌ളൈറ്റ്ട്രാക്കിങ് സൈറ്റുകൾ പറയുന്നു.
ഡൈവേർഷനുകൾ ഓരോന്നിന്റെയും കാരണങ്ങൾ വ്യക്തമല്ലെങ്കിലും, ഈ തിരിഞ്ഞുപറക്കിലന്റെ പാതകൾ പരിശോധിച്ചാൽ മനസിലാകുന്നത്, കുഴപ്പം വിമാനത്തിന്റേതായിരുന്നിരിക്കാനാണിട എന്നാണ്.



