റിയാദ് – ഈ വര്‍ഷം മൂന്നാം പാദത്തില്‍ സൗദിയില്‍ അനുവദിച്ച നിക്ഷേപ ലൈസന്‍സുകളുടെ എണ്ണത്തില്‍ വന്‍ വളര്‍ച്ച. മൂന്നു മാസത്തിനിടെ 6,986 നിക്ഷേപ ലൈസന്‍സുകള്‍ അനുവദിച്ചു. ബിനാമി ബിസിനസുകളുടെ പദവി ശരിയാക്കാനുള്ള കാമ്പെയ്‌നിന്റെ ഭാഗമായി അനുവദിച്ച ലൈസന്‍സുകള്‍ ഒഴിവാക്കിയുള്ള കണക്കാണിത്. കഴിഞ്ഞ കൊല്ലം മൂന്നാം പാദത്തെ അപേക്ഷിച്ച് ഈ വര്‍ഷം മൂന്നാം പാദത്തില്‍ അനുവദിച്ച നിക്ഷേപ ലൈസന്‍സുകളുടെ എണ്ണം 83.4 ശതമാനം തോതില്‍ വര്‍ധിച്ചു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നിക്ഷേപ ലൈസന്‍സുകള്‍ ഇരുപത് മടങ്ങ് വര്‍ധിച്ചു. 2020 മൂന്നാം പാദത്തില്‍ 351 നിക്ഷേപ ലൈസന്‍സുകള്‍ മാത്രമാണ് അനുവദിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ നല്‍കിയ നിക്ഷേപ ലൈസന്‍സുകളില്‍ ഭൂരിഭാഗവും നിര്‍മ്മാണ മേഖലയിലായിരുന്നു. ആകെ അനുവദിച്ച ലൈസന്‍സുകളില്‍ 37 ശതമാനം നിര്‍മ്മാണ മേഖലയിലായിരുന്നു. ഈ മേഖലയില്‍ 2,583 നിക്ഷേപ ലൈസന്‍സുകള്‍ അനുവദിച്ചു. രണ്ടാം സ്ഥാനത്തുള്ള മൊത്ത, ചില്ലറ വ്യാപാര മേഖലയില്‍ 1,214 ലൈസന്‍സുകള്‍ അനുവദിച്ചു. ആകെ അനുവദിച്ച നിക്ഷേപ ലൈസന്‍സുകളില്‍ 17 ശതമാനം മൊത്ത, ചില്ലറ വ്യാപാര മേഖലയിലായിരുന്നു. മൂന്നാം സ്ഥാനത്തുള്ള വ്യവസായ മേഖലയില്‍ 11 ശതമാനം ലൈസന്‍സുകള്‍ അനുവദിച്ചു. മൂന്നാം പാദത്തില്‍ അനുവദിച്ച നിക്ഷേപ ലൈസന്‍സുകളില്‍ 66 ശതമാനവും ഈ മൂന്ന് മേഖലകളിലുമാണ്.
കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തെ അപേക്ഷിച്ച് ഈ കൊല്ലം മൂന്നാം പാദത്തില്‍ നിക്ഷേപ ലൈസന്‍സുകളില്‍ ഏറ്റവും വലിയ വളര്‍ച്ച രേഖപ്പെടുത്തിയത് മൊത്ത, ചില്ലറ വ്യാപാര മേഖലയിലാണ്. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തില്‍ മൊത്ത, ചില്ലറ വ്യാപാര മേഖലയില്‍ അനുവദിച്ച നിക്ഷേപ ലൈസന്‍സുകള്‍ 234 ശതമാനം തോതില്‍ വര്‍ധിച്ചു. നിര്‍മ്മാണം, ആരോഗ്യം, സാമൂഹിക പ്രവര്‍ത്തനം, വിദ്യാഭ്യാസം, താമസ, ഭക്ഷ്യ സേവന മേഖലകളില്‍ നിക്ഷേപ ലൈസന്‍സുകളുടെ എണ്ണത്തില്‍ 100 ശതമാനത്തിലേറെ വളര്‍ച്ച രേഖപ്പെടുത്തി.
2016 ല്‍ വിഷന്‍ 2030 പ്രഖ്യാപിച്ച സൗദിയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ നാലിരട്ടിയിലധികം വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം രാജ്യത്തെത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ 24.2 ശതമാനം വര്‍ധിച്ച് 119.2 ബില്യണ്‍ റിയാലായി. മൂന്ന് വര്‍ഷത്തിനിടയില്‍ രാജ്യത്തെത്തിയ ഏറ്റവും ഉയര്‍ന്ന വിദേശ നിക്ഷേപമാണിത്. വിഷന്‍ 2030 പ്രകാരം കഴിഞ്ഞ വര്‍ഷം 109 ബില്യണ്‍ റിയാലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.
സൗദി അറേബ്യയിലേക്കുള്ള നിക്ഷേപ ഒഴുക്കിന്റെ മൂന്നിലൊന്ന് അറബ് രാജ്യങ്ങളില്‍ നിന്നായിരുന്നു. അറബ് രാജ്യങ്ങളില്‍ നിന്ന് ആകെ 39.2 ബില്യണ്‍ റിയാലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ കഴിഞ്ഞ വര്‍ഷം രാജ്യത്തെത്തി. കഴിഞ്ഞ വര്‍ഷം സൗദിയില്‍ ഏറ്റവുമധികം നിക്ഷേപങ്ങള്‍ നടത്തിയത് യു.എ.ഇ ആണ്. യു.എ.ഇ 18.4 ബില്യണ്‍ റിയാലിന്റെ നിക്ഷേപങ്ങള്‍ നടത്തി. കഴിഞ്ഞ വര്‍ഷം ലോക രാജ്യങ്ങള്‍ സൗദിയില്‍ ആകെ നടത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ 15 ശതമാനവും അറബ് രാജ്യങ്ങള്‍ നടത്തിയ നിക്ഷേപത്തിന്റെ പകുതിയോളവും യു.എ.ഇയുടെ വിഹിതമാണ്. ഏറ്റവും കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തിയ രാജ്യങ്ങളില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ജര്‍മ്മനിയും അമേരിക്കയുമാണ്. ഇരു രാജ്യങ്ങളും ഏകദേശം 15 ബില്യണ്‍ റിയാല്‍ വീതം സൗദിയില്‍ നിക്ഷേപിച്ചു.
അറബ് രാജ്യങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തിയ രണ്ടാമത്തെ രാജ്യം ഈജിപ്ത് ആണ്. ഈജിപ്ത് 6.5 ബില്യണ്‍ റിയാലിന്റെ നിക്ഷേപങ്ങള്‍ സൗദിയില്‍ നടത്തി. അറബ് രാജ്യങ്ങള്‍ സൗദിയില്‍ നടത്തിയ നിക്ഷേപങ്ങളുടെ 17 ശതമാനവും ലോക രാജ്യങ്ങള്‍ നടത്തിയ നിക്ഷേപത്തിന്റെ അഞ്ചു ശതമാനവും ഈജിപ്തിന്റെ വിഹിതമാണ്. ഈജിപ്തിന് തൊട്ടുപിന്നില്‍ ജോര്‍ദാന്‍, യെമന്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളാണ്. ഇവ 2.5 ബില്യണ്‍ മുതല്‍ 3.5 ബില്യണ്‍ വരെയാണ് കഴിഞ്ഞ വര്‍ഷം സൗദിയില്‍ നിക്ഷേപങ്ങള്‍ നടത്തിയത്.
2024 ല്‍ രാജ്യത്തെത്തിയ ആകെ വിദേശ നിക്ഷേപങ്ങളില്‍ 90 ശതമാനവും എണ്ണ ഇതര മേഖലയിലായിരുന്നു. ഇത് മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ 4.2 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം രാജ്യത്തെത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളില്‍ 61 ശതമാനവും റിയാദിലായിരുന്നു. റിയാദില്‍ 73.1 ബില്യണ്‍ റിയാലിന്റെ വിദേശ നിക്ഷേപങ്ങള്‍ എത്തി. നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ 19 ശതമാനം കിഴക്കന്‍ പ്രവിശ്യയിലും 11 ശതമാനം മക്ക പ്രവിശ്യയിലുമായിരുന്നു.
2024 ല്‍ വ്യവസായ മേഖലയിലാണ് ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപങ്ങള്‍ എത്തിയത്. ആകെ രാജ്യത്തെത്തിയ വിദേശ നിക്ഷേപങ്ങളില്‍ 29 ശതമാനവും വ്യവസായ മേഖലയിലായിരുന്നു. വിദേശ നിക്ഷേപത്തിന്റെ 15 ശതമാനം വീതം മൊത്ത-ചില്ലറ വ്യാപാരം, നിര്‍മ്മാണം, ധനകാര്യം, ഇന്‍ഷുറന്‍സ് എന്നീ മേഖലകളിലായിരുന്നു.
സൗദിയില്‍ പ്രാദേശിക ആസ്ഥാനങ്ങള്‍ തുറന്ന ബഹുരാഷ്ട്ര കമ്പനികളുടെ എണ്ണം 660 ആയി ഉയര്‍ന്നു. വിദേശ കമ്പനികള്‍ക്ക് നല്‍കിയ നിക്ഷേപ ലൈസന്‍സുകളുടെ എണ്ണം 50,000 ലേറെയായി. 2016 ല്‍ വിഷന്‍ 2030 പ്രഖ്യാപിച്ച ശേഷം നേരിട്ടുള്ള വിദേശ നിക്ഷേപം നാലിരട്ടിയിലേറെ വര്‍ധിച്ചു. 2016 നും 2024 നും ഇടയില്‍ നല്‍കിയ നിക്ഷേപ ലൈസന്‍സുകളുടെ എണ്ണം പത്തിരട്ടിയിലേറെ വര്‍ധിച്ചു.



