ദുബൈ– ആധുനിക സാങ്കേതികവിദ്യയുടെ ലോകത്ത് വീണ്ടും വിസ്മയിപ്പിച്ച് ദുബൈ. നഗരത്തിലെ ട്രാഫിക് സിഗ്നലുകൾ വൃത്തിയാക്കാൻ ഇനി ഡ്രോണുകൾ പറക്കും. ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) ഇതിനായുള്ള പൈലറ്റ് പദ്ധതിക്ക് തുടക്കം കുറിച്ചു. ഈ പുതിയ നീക്കത്തിലൂടെ സിഗ്നലുകൾ വൃത്തിയാക്കാൻ എടുക്കുന്ന സമയം പകുതിയോളം (50%) കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.
പരമ്പരാഗത രീതിയിൽ ക്ലീനിങ് ജോലികൾക്കായി ഉപയോഗിക്കുന്ന ‘മാൻലിഫ്റ്റുകളുടെയും’ ഭാരമേറിയ യന്ത്രങ്ങളുടെയും ആവശ്യം ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും. ഇത് പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിനൊപ്പം റോഡിലെ സുരക്ഷ വർധിപ്പിക്കാനും സഹായിക്കും. ഇന്ധനത്തിൻ്റെയും വെള്ളത്തിൻ്റെയും ഉപഭോഗം കുറയ്ക്കുന്നതിലൂടെ പരിസ്ഥിതി സൗഹൃദപരമായ ഒരു മാറ്റം കൂടി ആർ.ടി.എ. ഇതിലൂടെ ലക്ഷ്യമിടുന്നു.
പരീക്ഷണം വിജയം; ചെലവ് കുറയും
മറാക്കിഷ് സ്ട്രീറ്റ് – റീബത്ത് സ്ട്രീറ്റ് ജംഗ്ഷനിൽ നടത്തിയ ആദ്യഘട്ട പരീക്ഷണങ്ങൾ വലിയ വിജയമായിരുന്നു. ഡ്രോണുകൾ ഉപയോഗിച്ചപ്പോൾ ക്ലീനിങ് സമയം 25% മുതൽ 50% വരെ ലാഭിക്കാൻ കഴിഞ്ഞെന്ന് ആർ.ടി.എ. റോഡ്‌സ് ആൻഡ് ഫെസിലിറ്റീസ് മെയിൻ്റനൻസ് ഡയറക്‌ടർ അബ്‌ദുല്ല അലി ലൂത്താഹ് പറഞ്ഞു. നിലവിൽ പ്രവർത്തനച്ചെലവിൽ 15% കുറവുണ്ടായിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അത്യാധുനിക ഡ്രോണുകൾ എത്തുന്നതോടെ ഇത് 25% വരെയായി ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റോഡിലെ ഗതാഗതം തടസ്സപ്പെടുത്താതെയും അപകടസാധ്യതകൾ ഒഴിവാക്കിയും സിഗ്നലുകൾ മിനുക്കിയെടുക്കുക എന്നതാണ് ഡ്രോൺ പദ്ധതിയുടെ പ്രധാന ലക്ഷ്യം. പൈലറ്റ് ഓപ്പറേഷൻ പൂർത്തിയാകുന്നതോടെ ദുബൈയിലെ മറ്റു പ്രധാന ജംഗ്ഷനുകളിലേക്കും ഈ സേവനം വ്യാപിപ്പിക്കും.



