ലൈവ് ഓര്‍ക്കെസ്ട്രയുടെ അകമ്പടിയോടെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സംഗീതവിരുന്ന്
ജിദ്ദ: രണ്ടു പുതിയ ഗായകരുടെ അരങ്ങേറ്റം. മുഹ്‌സിന്‍ കുരിക്കള്‍ എന്ന മുന്‍ ജിദ്ദാ പ്രവാസിയുടെ നേതൃത്വത്തിലുള്ള പക്കമേളത്തിന്റെ താളലയങ്ങളില്‍ ജിദ്ദയുടെ സ്ഥിരം വേദികളെ സദാ പുളകം കൊള്ളിക്കാറുള്ള പാട്ടുകാര്‍ തീര്‍ത്ത പല്ലവിയും അനുപല്ലവിയും. ഒപ്പം കൊച്ചുകലാകാരികളും കലാകാരന്മാരുമൊരുക്കിയ നൃത്തവിരുന്ന്.
ഇന്ത്യന്‍ മ്യൂസിക്കല്‍ ബൊനാന്‍സയുടെ ബാനറില്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലൊരുക്കിയ കലാവിരുന്ന് നൂറുക്കണക്കിനാളുകളെ ഹഠാദാകര്‍ഷിച്ചു.
മുഹമ്മദ് റാഫി കലൂര്‍, അഷ്‌ന അടൂര്‍ എന്നിവരായിരുന്നു പുതിയ ഗായകര്‍. ഹിന്ദി, മലയാളം, തമിഴ്, കന്നഡ പാട്ടുകളിലൂടെ മിര്‍സാ ഷെരീഫ്, ജമാല്‍പാഷ, സലീം നിലമ്പൂര്‍, ബൈജു ദാസ്, വിജേഷ് ചന്ദ്രു, ഡോ. മുഹമ്മദ് ഹാരിസ്, അഷ്‌റഫ് വലിയോറ, മുബാറക്, സോഫിയാ സുനില്‍, ഡോ. മിര്‍സാനാ ഷാജു, മുംതാസ് അബ്ദുറഹ്മാന്‍, ഡോ. ആലിയ എന്നിവര്‍ സദസ്സിനെ കൈയിലെടുത്തു. മാപ്പിളപ്പാട്ടുകളും ‘ആട്ജീവിത’ ത്തിലെ പെരിയോനേ റഹ്മാനേ (ബൈജു ദാസ്) എന്നിവയും പ്രേക്ഷകര്‍ ഏറെ ആസ്വദിച്ചു.
സനാ സയ്യിദ് ചിട്ടപ്പെടുത്തിയ നൃത്തത്തില്‍ ഷെഹ്‌സാ ഷാജു, കൃതിക പിള്ള എന്നിവരുടെ നേതൃത്വത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അണിനിരന്നു.
നിരവധി സിനിമാ ഗാനങ്ങള്‍ക്ക് ഈണം നല്‍കുകയും ആല്‍ബം ടൈറ്റിലുകള്‍ ചിട്ടപ്പെടുത്തുകയും ചെയ്തിട്ടുള്ള പ്രസിദ്ധ സംഗീതജ്ഞന്‍ മുഹ്‌സിന്‍ കുരിക്കള്‍ കീബോര്‍ഡിലും മുജീബ് റഹ്മാന്‍ തബലയിലും നിധിൻ സെബാസ്റ്റ്യൻ (അക്കൗസ്റ്റിക്ക് ഗിറ്റാർ ), മനാഫ് ( ധോലക് ) താളമേളമൊരുക്കി. റിഥം പാഡില്‍ ഷംഷീദും ലീഡ് ഗിറ്റാറില്‍ നിഷാദും ആരോഹണാവരോഹണം തീര്‍ത്തു.
മുഹ്‌സിന്‍ കുരിക്കള്‍ക്ക് ഇന്ത്യന്‍ മ്യൂസിക്കല്‍ ബൊനാന്‍സയുടെ മൊമെന്റോ, പ്രസിഡന്റ് മിര്‍സാ ഷെരീഫും പരിപാടി സ്‌പോണ്‍സര്‍ ചെയ്ത അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിന്റെ പ്രതിനിധി കെ.എം ഇര്‍ഷാദും ചേര്‍ന്ന് സമ്മാനിച്ചു.
മിര്‍സാ ഷെരീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങ് മുസാഫിര്‍ ഉദ്ഘാടനം ചെയ്തു. കബീര്‍ കൊണ്ടോട്ടി, ഷൗക്കത്ത് പരപ്പനങ്ങാടി, അബ്ദുല്ല മുക്കണ്ണി എന്നിവര്‍ സംസാരിച്ചു. നിസാര്‍ മടവൂര്‍, ഹസ്‌നാ ഹസന്‍ എന്നിവരായിരുന്നു അവതാരകര്‍.
ഹസന്‍ കൊണ്ടോട്ടി സ്വാഗതം പറഞ്ഞു. തുടര്‍ന്നുള്ള മാസങ്ങളിലും ഇത്തരം സംഗീതരാത്രികള്‍ക്ക് ഈ കൂട്ടായ്മ ആതിഥേയത്വം വഹിക്കുമെന്ന് ഹസന്‍ കൊണ്ടോട്ടി പറഞ്ഞു.