തിരുവനന്തപുരം: ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ ആദ്യ പാര്‍ലമെന്റ് സെഷനില്‍ തന്നെ സിഎഎ റദ്ദാക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ബിജെപി കൊണ്ടുവന്ന എല്ലാ കരിനിയമങ്ങളും റദ്ദാക്കുമെന്നും കോണ്‍ഗ്രസ് മാനിഫെസ്റ്റോ കമ്മിറ്റി ചെയര്മാന് കൂടിയായ ചിദംബരം പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് പ്രകടനപത്രിയില്‍ പൗരത്വ നിയമത്തെ കുറിച്ച് പരാമര്‍ശം ഇല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം തെറ്റാണ്. 22-ാം പേജില്‍ സിഎഎയുടെ കാര്യം പരാമര്‍ശിക്കുന്നുണ്ട്. ബിജെപി കൊണ്ടുവന്ന എല്ലാ കരിനിയമങ്ങളും റദ്ദാക്കുമെന്നും പ്രകടനപത്രിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അധികാരത്തിലെത്തിയാല്‍ അഗ്നിവീര്‍ പദ്ധതിയും റദ്ദാക്കും. യുവാക്കളോടുള്ള ക്രൂരമായ തമാശയാണ് അഗ്നിവീറെന്നും അദ്ദേഹം വിമര്‍ശിച്ചു. കേരളത്തില്‍ 20 സീറ്റും യുഡിഎഫ് നേടും. സംസ്ഥാനത്ത് നടക്കുന്നത് എല്‍ഡിഎഫ് -യുഡിഎഫ് പോരാട്ടമാണെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.