ജിദ്ദ- സ്വര്‍ണ്ണ നിറമുള്ള, വര്‍ണ്ണപ്പൂക്കളാല്‍ നിറഞ്ഞ വസ്ത്രത്തില്‍ ആലിയാ ഭട്ട് പുഞ്ചിരിയോടെ എത്തി. ഒപ്പം പ്രമുഖ തുനീഷ്യന്‍ നടി ഹിന്ദ് സാബ്രിയും. അവരാകട്ടെ വെള്ളിത്തിളക്കമുള്ള മറ്റൊരു ഗൗണ്‍ പ്രൗഢിയിലായിരുന്നു. ഇരുവരും പുരസ്‌കാര ലബ്ധിയുടെ ആഹ്ലാദത്തിലാണ് ലോക സിനിമയിലെ പ്രമുഖര്‍ അണിനിരക്കുന്ന ജിദ്ദ റെഡ് സീ അന്തര്‍ദേശീയ ചലച്ചിത്ര മേള അഞ്ചാം പതിപ്പിന്റെ വേദിയില്‍ എത്തിയത്.
തനിക്ക് ലഭിച്ച ‘ഗോള്‍ഡന്‍ ഗ്ലോബ് ഹൊറൈസണ്‍’ പുരസ്‌കാരം സവിനയം ഏറ്റുവാങ്ങി ലോക പ്രശസ്ത ഇന്ത്യന്‍ നടി ആലിയാ ഭട്ട് ഇങ്ങിനെ പറഞ്ഞു:”റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ഗ്ലോബ് ഹൊറൈസണ്‍ അവാര്‍ഡ് ലഭിച്ചുവെന്നത് വലിയ അംഗീകാരമാണ്. ഞാന്‍ ഏറെ നന്ദിയോടെയാണ് ഈ വേദിയില്‍ നില്‍ക്കുന്നത്. ചലച്ചിത്രത്തോടുള്ള അഭിനിവേശമാണ് ഇവിടെയെത്തിച്ചത്. പറയുന്ന മനുഷ്യരുടെ കഥകള്‍ തന്നെയാണ് മാന്ത്രികമായ സിനിമയുടെ ലോകത്തേക്ക് നമ്മെ അടുപ്പിക്കുന്നത്. എന്റെ സിനിമാ യാത്രയില്‍ ഈ ബഹുമതി വലിയ ഊര്‍ജ്ജവും ആവേശവുമാണ്. ഈ അവിസ്മരണീയ നിമിഷത്തിന് എന്നോടൊപ്പം നില്‍ക്കുന്ന എല്ലാവര്‍ക്കും നന്ദി. ബഹുമതി നല്‍കിയ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര സമിതിക്കും നന്ദി. കരിയറില്‍ പുതിയ ശ്രമങ്ങള്‍ നടത്താന്‍ ഇത് വലിയ പ്രോത്സാഹനമാണ്” നേരത്തെ റെഡ്‌സീ ചലച്ചിത്രമേളയുടെ സംഭാഷണ സീരീസില്‍ എത്തിയ ആലിയയെ കാണികള്‍ ആവേശത്തോടെ കൈയ്യടിച്ചും ആര്‍പ്പുവിളിച്ചുമാണ് എതിരേറ്റത്.
പ്രമുഖ തുനീഷ്യന്‍-ഈജിപ്ഷ്യന്‍ നടി ഹിന്ദ് സാബ്രി ഏറ്റുവാങ്ങിയത് ഉമര്‍ ഷെരീഫ് അവാര്‍ഡായിരുന്നു. ”ലോക സിനിമയുടെ ഇതിഹാസമെന്ന നിലയില്‍ ഖ്യാതിയുള്ള ഒരാളുടെ പേരിലുള്ള ഒരു അഭിമാനകരമായ അവാര്‍ഡ് സ്വീകരിക്കുന്നതില്‍ എനിക്ക് അതിയായ ബഹുമാനമുണ്ട്. സങ്കീര്‍ണ്ണമായ കഥകളുള്ള സ്ത്രീകളുടെ ഉന്നമനത്തിനാണ് എന്റെ കരിയര്‍ സമര്‍പ്പിച്ചിരിക്കുന്നത്. അടുത്ത തലമുറയിലെ ഏറ്റവും തിളക്കമുള്ള, കഴിവുള്ള താരങ്ങളില്‍ ഒരാളായ ആലിയ ഭട്ടിനൊപ്പം ഈ ഗോള്‍ഡന്‍ ഗ്ലോബ് വേദി പങ്കിടുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്,” സാബ്രി പറഞ്ഞു. ഗോള്‍ഡന്‍ ഗ്ലോബ്‌സ് പ്രസിഡന്റ് ഹെലന്‍ ഹോഹ്നെ, റെഡ് സീ ഫിലിം ഫൗണ്ടേഷന്റെ ചെയര്‍വുമണ്‍ ജുമാന അല്‍റഷീദ് എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരം കൈമാറിയത്.
”ഈജിപ്ഷ്യന്‍ ചലച്ചിത്രപ്രതിഭയായ ഉമര്‍ ഷെരീഫിന്റെ ശ്രദ്ധേയമായ പാരമ്പര്യത്തിന് ആദരാഞ്ജലി അര്‍പ്പിക്കുന്നു. അറബ് സിനിമയുടെ ആഴം, ശക്തി, ആഗോള സ്വാധീനം എന്നിവ പ്രതിഫലിപ്പിക്കുന്ന ഒരു യഥാര്‍ത്ഥ പ്രതിഭയായ ഹിന്ദ് സാര്‍ബിക്ക് ഒമര്‍ ഷെരീഫ് അവാര്‍ഡ് സമ്മാനിക്കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്.” ഗോള്‍ഡന്‍ ഗ്ലോബ്‌സ് പ്രസിഡന്റ് ഹെലന്‍ ഹോഹ്നെ പറഞ്ഞു. ”അന്താരാഷ്ട്ര സിനിമയ്ക്ക് നല്‍കിയ അസാധാരണ സംഭാവനകളെ മുന്‍ നിര്‍ത്തി ആലിയ ഭട്ടിനെ ഗോള്‍ഡന്‍ ഗ്ലോബ്‌സ് ഹൊറൈസണ്‍ അവാര്‍ഡ് നല്‍കി അംഗീകരിക്കുന്നതിലും ആഘോഷിക്കുന്നതിലും ഇതേപോലെ സന്തോഷമുണ്ട്.”- ഹോഹ്നെ വിശദീകരിച്ചു. റെഡ് സീ ഫൗണ്ടേഷന്‍ എന്ന നിലയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി ആഘോഷിക്കുമ്പോള്‍ ആഗോള അംഗീകാരം നേടുന്നതിന് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ഒരു വേദി കൂടിയായി റെഡ് സീ അന്തര്‍ദേശീയ ചലച്ചിത്ര മേള മാറുകയാണെന്നും സംഘാടകര്‍ വ്യക്തമാക്കി. മധ്യപൂര്‍വ്വേഷ്യ, ഏഷ്യ, വടക്കേ ആഫ്രിക്ക എന്നിവിടങ്ങളിലെ ചലച്ചിത്ര പ്രതിഭകളെ ആദരിക്കാനാണ് തുടര്‍ വര്‍ഷങ്ങളിലും തങ്ങള്‍ ശ്രമിക്കുകയെന്നും അവര്‍ വിശദീകരിച്ചു. ലോറന്‍സ് ഓഫ് അറേബ്യ, ഡോക്ടര്‍ ഷിവാഗോ എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിന് മൂന്ന് തവണ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ജേതാവാണ് പ്രമുഖ ഈജിപ്ഷ്യന്‍ ചലച്ചിത്രപ്രവര്‍ത്തകനായ ഒമര്‍ ഷെരീഫ്.



