വാഷിംഗ്ടൺ ഡി സി – വിദേശ പൗരന്മാരുടെ വിസ അവലോകനം ശക്തമാക്കിയ സാഹചര്യത്തിൽ യുഎസ് സ്‌റ്റേറ്റ് ഡിപാർട്ട്‌മെന്റ് 85,000 വിസകൾ റദ്ദാക്കി. ഇതിൽ 8,000ൽ അധികം വിദ്യാർത്ഥി വിസകൾ ഉൾപ്പെടുന്നു. 2024ൽ റദ്ദാക്കിയ വിസയേക്കാൾ ഇരട്ടിയലധികമാണിത്. അറ്റോണി ലാൽ വർഗീസാണ് ഇക്കാര്യം വ്യക്തമാക്കിയത്.
റദ്ദാക്കിയ വിസകളിൽ പകുതിയോളം മദ്യപിച്ച് വാഹനം ഓടിക്കുക, ആക്രമണം, മോഷണം തുടങ്ങിയ പൊതുസുരക്ഷാ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. സമൂഹത്തിന്റെ സുരക്ഷക്ക് നേരിട്ട് ഭീഷണിയാകുന്ന ഇത്തരക്കാരെ രാജ്യത്ത് പ്രവേശിപ്പിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇതിൽ ഇന്ത്യക്കാരുടെ വിസകൾ റദ്ദാക്കി എന്ന് വ്യക്തമല്ല.
ഇതിനു പുറമെ യുഎസിലെ സംരക്ഷിത സംസാര സ്വാതന്ത്ര്യത്തെ സെൻസർഷിപ്പ് നടത്തുകയോ അതിന് ശ്രമിക്കുകയോ ചെയ്ത അപേക്ഷകരെ തള്ളിക്കളയാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഭാഗികമായോ പൂർണ്ണമായോ യാത്രാ നിയന്ത്രണങ്ങളുള്ള 19 രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റത്തിന് താൽക്കാലികമായി നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. നൈജീരിയയിലെ ക്രിസ്ത്യൻ വിരുദ്ധ ആക്രമണങ്ങളിൽ പങ്കുള്ളവർക്കെതിരെ പുതിയ വിസ നിയന്ത്രണ നയം പ്രഖ്യാപിച്ചു.
കള്ളക്കടത്ത് ശൃംഖലകളുമായി ചേർന്ന് കുടിയേറ്റക്കാരെ അനധികൃതമായി കടത്താൻ സഹായിച്ചതിന് ആറ് മെക്‌സിക്കൻ ഏവിയേഷൻ എക്‌സിക്യൂട്ടീവുകൾക്കും അവരുടെ കുടുംബങ്ങൾക്കും വിസ റദ്ദാക്കി യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. യുഎസിലെ വിദേശ വിദ്യാർത്ഥികളിൽ സൂക്ഷ്മ പരിശോധന നടത്തുന്നത് തുടരുമെന്നും ഭരണകൂടം വ്യക്തമാക്കി.



