ജിദ്ദ– യാമ്പുവില്‍ ഇന്നലെയുണ്ടായ പേമാരിയിലും കൊടുങ്കാറ്റിലും വ്യാപകമായ നാശനഷ്ടങ്ങള്‍.വിവിധ സ്ഥലങ്ങളില്‍ കെട്ടിടങ്ങളുടെയും വ്യാപാര സ്ഥാപനങ്ങളുടെ മുന്‍ഭാഗങ്ങൾ തകര്‍ന്നു വീണു. കെട്ടിടത്തിന്റെ മുന്‍ഭാഗം തകര്‍ന്ന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഏതാനും കാറുകളും തകര്‍ന്നു. കെട്ടിടത്തിന്റെ മുന്‍ഭാഗം കാറുകള്‍ക്കു മേല്‍ തകര്‍ന്നുവീണതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചു. ഒരു കോഫി ഷോപ്പിന്റെ ചില്ലു വാതിലുകള്‍ തകര്‍ന്ന് തെറിച്ചുവീഴുന്നതിന്റെയും ഈ സമയത്ത് സ്ഥാപനത്തിലുണ്ടായിരുന്ന കുടുംബത്തിലെ കുട്ടികള്‍ ഭയചകിതരായി നിലവിളിക്കുന്നതിന്റെയും വീഡിയോയും പ്രചരിക്കുന്നുണ്ട്.
സൗദിയിലെ വിവിധ പ്രവിശ്യകളില്‍ കനത്ത മഴ തുടരുകയാണ്. ശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് ജിദ്ദ, മദീന, അല്‍ഖസീം, ഉത്തര അതിര്‍ത്തി പ്രവിശ്യ എന്നിവിടങ്ങളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. ജിദ്ദ, റാബിഗ്, ഖുലൈസ്, മദീന, യാമ്പു, മഹ്ദുദ്ദഹബ്, ഖൈബര്‍, വാദി അല്‍ഫറഅ്, ബദ്ര്‍, ഹനാകിയ, ഉത്തര അതിര്‍ത്തി പ്രവിശ്യയില്‍ പെട്ട അറാര്‍, റഫ്ഹ, അല്‍ഉവൈഖില എന്നിവിടങ്ങളിലെല്ലാം സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജിദ്ദ, മദീന, അല്‍ഖസീം, അസീര്‍, അല്‍ബാഹ, മക്ക, തബൂക്ക്, ഹായില്‍, ജിസാന്‍, അല്‍ജൗഫ്, ഉത്തര അതിര്‍ത്തി പ്രവിശ്യ, റിയാദ്, കിഴക്കന്‍ പ്രവിശ്യ, തായിഫ് എന്നിവിടങ്ങളില്‍ അടുത്ത വ്യാഴാഴ്ച വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.



