ദുബായ്: യു.എ.ഇയിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് ഉണ്ടായ വെള്ളപ്പൊക്ക പ്രദേശങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് നാസ.
ജബല്‍ അലിയിലെ വെള്ളപ്പൊക്കമാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്,’ നീല നിറത്തില്‍ കാണിച്ചിരിക്കുന്നതാണ് ജലത്തിന്റെ സാന്നിധ്യം. തുറമുഖത്തിന് തൊട്ടു തെക്ക് ജബല്‍ അലി വ്യവസായ മേഖലയിലും പാം ജബല്‍ അലിയുടെ തെക്ക് ഹരിത റിസോര്‍ട്ടുകള്‍ക്കും പാര്‍ക്കുകള്‍ക്കും സമീപം വെള്ളപ്പൊക്കം കാണാം.
ദുബായ്, അബുദാബി എന്നിവയിലൂടെ കടന്നുപോകുന്ന പ്രധാന പാതയായ ഷെയ്ഖ് സായിദ് റോഡില്‍ വെള്ളം കയറിയതും കാണാം. ഖലീഫ സിറ്റിയിലും സായിദ് സിറ്റിയിലും അബുദാബി നഗരത്തിന്റെ തെക്കുകിഴക്കായി താമസിക്കുന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങള്‍ ദൃശ്യമാണ്.
ഈ ആഴ്ച 24 മണിക്കൂറിനുള്ളില്‍ ദുബായില്‍ 220 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ പെയ്തതായി സിവിക് ബോഡി ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ ഹജ്രി പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ പെയ്യേണ്ട മഴ ഒറ്റ ദിവസം കൊണ്ട് പെയ്യുകയായിരുന്നു. മഴ രാജ്യത്തെ ജനജീവിതത്തെ താറുമാറാക്കി. എന്നാല്‍ സര്‍ക്കാരിന്റെയും പൊതുജനങ്ങളുടെയും കമ്പനികളുടെയും ത്വരിത ശ്രമങ്ങള്‍ രാജ്യത്തെ സാധാരണ ജീവിതത്തിലേക്ക് വേഗത്തില്‍ തിരിച്ചുവരാന്‍ സഹായിച്ചു അദ്ദേഹം പറഞ്ഞു.