ന്യൂഡൽഹി– ഇൻഡിഗോ വിമാന സർവീസുകൾ താറുമാറായതിനെത്തുടർന്ന് വിമാനക്കമ്പനിക്ക് ആശ്വാസമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ചും പ്രതിവാര വിശ്രമം, അവധി എന്നിവ സംബന്ധിച്ചുമുള്ള നിബന്ധനകൾ ഡിജിസിഎ പിൻവലിച്ചു.
പുതിയ പരിഷ്കരണങ്ങൾ കാരണം ഇൻഡിഗോയുടെ 600-ലധികം സർവീസുകൾ ഇന്ന് മുടങ്ങുകയും ഡൽഹി ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഡൽഹിയിൽ മാത്രം 225-ഓളം സർവീസുകളാണ് റദ്ദാക്കിയത്. ഈ വിഷയത്തിൽ ഇൻഡിഗോ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് പരാതി നൽകിയിരുന്നു. കൂടാതെ, പാർലമെന്റിലും വിഷയം ചർച്ചയാവുകയും ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ്, വിമാന ജീവനക്കാർക്ക് പ്രതിവാര വിശ്രമവും അവധിയും രണ്ടായി നൽകണമെന്ന നിർദ്ദേശത്തിൽ ഡിജിസിഎ ഇളവ് അനുവദിച്ചത്. ഈ ഇളവ് ലഭിച്ചതോടെ കമ്പനിക്ക് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കാനാകും. എങ്കിലും, റദ്ദാക്കിയ സർവീസുകൾ പൂർണ സ്ഥിതിയിലേക്ക് പുനഃക്രമീകരിക്കാൻ ഏകദേശം രണ്ടുദിവസം വേണ്ടി വന്നേക്കുമെന്നാണ് റിപ്പോർട്ട്.



