ദോഹ– ഫിഫ അറബ് ഗ്രൂപ്പ് റൗണ്ടിലെ രണ്ടാം മത്സരത്തിലും ജയം ഇല്ലാതെ ആതിഥേയരായ ഖത്തർ. സിറിയക്കെതിരെ സമനിലയിലാണ് മത്സരം കലാശിച്ചത് (1-1). ജയം അനിവാര്യമായിരുന്ന മത്സരത്തിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന ഖത്തർ അവസാന നിമിഷം വഴങ്ങിയ ഗോളാണ് തിരിച്ചടിയായത്. 75 മിനുറ്റ് വരെ ഗോൾ രഹിത സമനിലയായിരുന്ന മത്സരത്തിൽ അവസാന 15 മിനുറ്റിലാണ് രണ്ടു ഗോളുകളും പിറന്നത്. 77-ാം മിനുറ്റിൽ പകരക്കാരനായി ഇറങ്ങിയ അഹ്‌മദ് അലായുടെ ഗോളിൽ ആതിഥേയർ വിജയം മുന്നിൽ കണ്ടു. എന്നാൽ ആ പ്രതീക്ഷകൾക്കെല്ലാം തിരശ്ശീല വീഴ്ത്തി 90-ാം മിനുറ്റിൽ സിറിയ ഒപ്പമെത്തി. ക്യാപ്റ്റൻ ഒമർ ക്രബിൻ ഖത്തർ വല കുലുക്കിയത്. ബോക്സിന്റെ വളരെ അകലെ നിന്നുള്ള ഷോട്ട് ഖത്തർ ആരാധകരെ ഞെട്ടിച്ച് വലയിൽ കയറുകയായിരുന്നു. ടുണീഷ്യക്കെതിരെ കഴിഞ്ഞ മത്സരത്തിൽ വിജയം നേടിയപ്പോൾ ഗോൾ നേടിയതും ക്രബിൻ തന്നെയാണ്.
ഇതോടെ ഒരു പോയിന്റ് മാത്രമുള്ള ഗ്രൂപ്പിൽ അവസാന സ്ഥാനത്തായി പുറത്താവലിന്റെ വക്കലിലാണ്. അടുത്ത മത്സരം ടുണീഷ്യക്കെതിരെ വിജയം നേടിയാൽ മാത്രം പോര, ഫലസ്തീൻ – സിറിയ മത്സരത്തിലെ ഫലവും ആശ്രയിച്ചാകും മുന്നോട്ടുള്ള പ്രയാണം. ഫലസ്തീൻ – സിറിയ മത്സരം സമനിലയിൽ കലാശിച്ചാൽ ഈ ഇരു ടീമുകളും ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറുകയും ഖത്തർ, ടുണീഷ്യ ടീമുകൾ പുറത്താവുകയും ചെയ്യും.



