ദോഹ– ഫിഫ അറബ് കപ്പിന്റെ തങ്ങളുടെ രണ്ടാം മത്സരത്തിലും എതിരാളികളെ അമ്പരപ്പിച്ച് ആരാധകരുടെ മനസ്സിൽ ഇടം നേടിയിരിക്കുകയാണ് ഫലസ്തീൻ ഫുട്ബോൾ ടീം. ആദ്യ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ആതിഥേരായ ഖത്തറിനെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിൽ ഇറങ്ങിയ പലസ്തീൻ കരുത്തരായ ടുണീഷ്യയെ സമനിലയിൽ തളച്ചു (2-2). രണ്ടു ഗോളുകൾക്ക് പിന്നിട്ടു നിന്ന ശേഷമാണ് രണ്ടു ഗോളുകൾ തിരിച്ചടിച്ചു നിലവിലെ റണ്ണേഴ്സ് അപ്പായ ടുണീഷ്യയെ ഞെട്ടിച്ചത്. പതിനാറാം മിനുറ്റിൽ അമോർ ലയൂനിയിലൂടെ ആദ്യപകുതിയിൽ ഒരു ഗോളിനു മുന്നിൽ ആയിരുന്നു ആഫ്രിക്കൻ കരുത്തർ. 51-ാം മിനുറ്റിൽ സ്ട്രൈക്കർ ഫിറാസ് ചൗവാട്ടിന്റെ ഗോളിലൂടെ ടുണീഷ്യ ലീഡ് വർധിപ്പിച്ചു.
രണ്ടു ഗോളുകൾക്ക് പിറകിലായിട്ടും ആത്മധൈര്യം വിടാതെ കളിച്ച പലസ്തീൻ 10 മിനിറ്റുകൾക്ക് ശേഷം ആദ്യ വെടി പൊട്ടിച്ചു. ഹമദ് ഹംദാന്റെ ബൂട്ടിൽ നിന്നാണ് ആദ്യ ഗോൾ പിറന്നത്. സമനില ഗോളിനായി പോരാടിയ ഫലസ്തീൻ ഒടുവിൽ 85-ാം മിനുറ്റിൽ ലക്ഷ്യം പൂർത്തിയാക്കി. സൈദ് ഖുൻബാർ ബോക്സിന്റെ ഉള്ളിൽ നിന്നും എടുത്ത അത്യുഗ്രൻ ഷോട്ട് ടുണീഷ്യൻ പ്രതിരോധ താരങ്ങളെയും കീപ്പറേയും കാഴ്ചക്കാരാക്കി വല കുലുങ്ങുകയായിരുന്നു. 89-ാം മിനുട്ടിൽ ടുണീഷ്യൻ താരമായ ഇസ്മായിൽ ഗാർബി എടുത്ത ഗോൾ എന്നുറച്ച ഷോട്ട് അത്ഭുതകരമായി ഫലസ്തീൻ ഗോൾകീപ്പർ റമി ഹംദാ രക്ഷപ്പെടുത്തിയതോടെ കളി സമനിലയായി.
ഇതോടെ രണ്ടു മത്സരങ്ങളിൽ നാലു പോയിന്റുള്ള ഫലസ്തീൻ ഒന്നാമതെത്തി. ഒരു പോയിന്റ് മാത്രമുള്ള ടുണീഷ്യ മൂന്നാമതാണ്. ഫലസ്തീന്റെ അടുത്ത മത്സരം സിറിയക്ക് എതിരെയാണ്. മത്സരത്തിൽ സമനില നേടിയാൽ തന്നെ പലസ്തീൻ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറും.



