ദോഹ– യുണൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി ഇന്റർനാഷണൽ നാല്പതാം വാർഷികാഘോഷങ്ങൾ നാളെ (വെള്ളിയാഴ്ച) സമാപിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആറു മാസക്കാലം നീണ്ടു നിന്ന ആഘോഷങ്ങൾക്കാണ് ഗറാഫ ഇൻഡോർ സ്റ്റേഡിയത്തിൽ നാളെ വൈകീട്ട് 6 മണി മുതൽ സമാപനമാവുന്നത്.
2025 മെയ് 30ന് ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ചു നടത്തിയ ബ്ലഡ് ഡോണേഷൻ ക്യാമ്പോട് കൂടിയാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് വനിതകൾക്കായി വെയിറ്റ് ലോസ് മത്സരവും കുട്ടികൾക്ക് ചിത്ര രചനാ മത്സരവും സംഘടിപ്പിച്ചു. മുതിർന്നവർക്കായി ഇന്റർനാഷണൽ പഞ്ച ഗുസ്തി മത്സരവും വടം വലി മത്സരവും സംഘടിപ്പിച്ചിരുന്നു.
ഇന്ന് വൈകുന്നേരം 5 മണി മുതൽ വെള്ളിയാഴ്ച വൈകുന്നേരം 5 മണി വരെ കരാട്ടെ, കുങ്ഫു, വുഷു ചാമ്പ്യൻഷിപ്പുകൾ നടക്കും. സിറ്റി എക്സ്ചേഞ്ച് മുഖ്യ പ്രായോജകരായി വെള്ളിയാഴ്ച നടക്കുന്ന സമാപന പരിപാടിയിൽ ഖത്തർ ബോക്സിങ് & റെസ്ലിങ് ഫെഡറേഷൻ പ്രസിഡന്റും ഖത്തറിലെ ആദ്യ പ്രൊഫഷണൽ ബോക്സറുമായ ഷെയ്ഖ് ഫഹദ് ഖാലിദ് അൽ താനി മുഖ്യാതിഥിയാണ്.
ഖത്തർ കരാട്ടെ ഫെഡറേഷൻ പ്രതിനിധികൾ ഉൾപ്പെടെ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. നാല്പത് വർഷം പൂർത്തിയായ യുണൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി ഇന്റർനാഷണലിന്റെ ഗ്രാൻഡ് മാസ്റ്ററും ഫൗണ്ടറുമായ സിഫു ഡോ. ആരിഫ് സിപിയെ ചടങ്ങിൽ വെച്ച് ആദരിക്കും. ഇന്ത്യൻ നാഷണൽ താരങ്ങൾ ഉൾപ്പെടെ അവതരിപ്പിക്കുന്ന വിവിധ മാർഷ്യൽ ആർട്സ് പ്രദർശനം, പ്രമുഖ ഗായകർ നേതൃത്വം കൊടുക്കുന്ന സംഗീത വിരുന്ന്, തന്നൂറ തുടങ്ങി വിവിധ കലാ,കായിക പരിപാടികളും വേദിയിൽ അരങ്ങേറും.
മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് ഫ്രീ പാസ് മുഖേനയാണ് ചടങ്ങിലേക്ക് പ്രവേശനം. ചടങ്ങിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു. വാർത്ത സമ്മേളനത്തിൽ ഷിഹാൻ നൗഷാദ് കെ മണ്ണോളി (ഡയറക്ടർ, യു. എം.എ. ഐ ഖത്തർ) ഡോ. ആരിഫ് സിപി ഷാനിബ് ശംസുദ്ധീൻ, ഉബൈദ് സി കെ, ഷബീർ വാണിമേൽ, ശരീഫ് തിരുവള്ളൂർ, അബ്ദുള്ള പൊയിൽ എന്നിവർ പങ്കെടുത്തു



