റിയാദ്– ചെങ്കടലില്‍ ഹൂതികളുടെ ആക്രമണത്തില്‍ തകര്‍ന്ന ഗ്രീക്ക് ചരക്ക് കപ്പലില്‍ നിന്ന് കാണാതായ മലയാളി അനില്‍കുമാര്‍ രവീന്ദ്രന് അഞ്ച് മാസത്തിന് ശേഷം മോചനം. ഹൂതികളുടെ കസ്റ്റഡിയിലായിരുന്ന കായംകുളം പത്തിയൂര്‍ക്കാല ശ്രീജാലയം അനില്‍കുമാറിനാണ് റിയാദിലെ ഇന്ത്യന്‍ എംബസിയുടെ ഇടപെടലില്‍ മോചനം സാധ്യമായത്. ഒമാന്‍ സര്‍ക്കാറിടപെട്ടാണ് ഇദ്ദേഹത്തെ ഹൂത്തികളില്‍ നിന്ന് മോചിപ്പിച്ചത്. മസ്‌കത്തിലെത്തിച്ച ഇദ്ദേഹത്തെ ഉടന്‍ നാട്ടിലെത്തിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മോചനത്തിന് വഴിയൊരുക്കിയ ഒമാന്‍ സര്‍ക്കാറിന് ഇന്ത്യന്‍ ഗവണ്‍മെന്റ് നന്ദിയറിയിച്ചിട്ടുണ്ട്.


കഴിഞ്ഞ ജൂലൈ ഏഴിനായിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്ന കപ്പലിന് നേരെ ചെങ്കടലില്‍ വെച്ച് ഹൂത്തികള്‍ ഗ്രനേഡ് ആക്രമണം നടത്തിയത്. സോമാലിയയില്‍ നിന്ന് ജിദ്ദയിലേക്ക് വരികയായിരുന്നു കപ്പല്‍. ആക്രമണത്തില്‍ തകര്‍ന്ന കപ്പല്‍ മുങ്ങുകയും സെക്യൂരിറ്റി ഓഫീസറായ അനില്‍ കുമാര്‍ അടക്കം 11 പേരെ കാണാതാവുകയും ചെയ്തു. അനില്‍ കുമാര്‍ യമനിലുണ്ടെന്ന് വൈകാതെ റിയാദിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചിരുന്നു. നിലവില്‍ യെമനില്‍ ഇന്ത്യക്ക് എംബസിയില്ലാത്തതിനാല്‍ ചുമതല റിയാദിലെ ഇന്ത്യന്‍ എംബസിക്കാണ്.
25 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. മൂന്നു പേര്‍ ആക്രമണത്തിനിടെ മരിച്ചു. ഒരാള്‍ക്ക് മാരക മുറിവേറ്റു. 21 പേര്‍ കടലില്‍ ചാടി. ഇതില്‍ തിരുവനന്തപുരം സ്വദേശി അഗസ്റ്റിന്‍ ഉള്‍പ്പെടെ 10 പേരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷിച്ചു. അനിലടക്കമുള്ളവര്‍ ജാക്കറ്റ് ധരിച്ച് കടലില്‍ ചാടിയെങ്കിലും തിരയില്‍ ദിശമാറിയതിനെ തുടര്‍ന്നാണ് കണ്ടെത്താന്‍ പ്രയാസമായത്.



