മനാമ – വിവിധ മേഖലകളില്‍ പരസ്പര സഹകരണം ശക്തമാക്കാന്‍ ബഹ്റൈനും സൗദി അറേബ്യയും ഒമ്പതു കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും ബഹ്റൈന്‍ കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് രാജകുമാരന്റെയും അധ്യക്ഷതയില്‍ മനാമയില്‍ നടന്ന നാലാമത് സൗദി-ബഹ്റൈന്‍ ഏകോപന കൗണ്‍സില്‍ യോഗത്തിലാണ് ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചത്.


സൗദി ന്യൂക്ലിയര്‍ ആന്റ് റേഡിയോളജിക്കല്‍ റെഗുലേറ്ററി അതോറിറ്റിയും ബഹ്റൈന്‍ പരിസ്ഥിതി സുപ്രീം കൗണ്‍സിലും തമ്മില്‍ ആണവ സുരക്ഷ, വികിരണ സംരക്ഷണ മേഖലയിലെ സഹകരണത്തിനായുള്ള ധാരണാപത്രം ഒപ്പുവെച്ചു. സൗദി ഊര്‍ജ മന്ത്രിയും ന്യൂക്ലിയര്‍ ആന്റ് റേഡിയോളജിക്കല്‍ റെഗുലേറ്ററി അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജുകമാരനും ബഹ്റൈന്‍ എണ്ണ, പരിസ്ഥിതി മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ബിന്‍ ദൈനയും ഇതില്‍ ഒപ്പുവെച്ചു. പ്രിന്‍സ് സൗദ് അല്‍ഫൈസല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിപ്ലോമാറ്റിക് സ്റ്റഡീസും മുഹമ്മദ് ബിന്‍ മുബാറക് അല്‍ഖലീഫ അക്കാദമി ഫോര്‍ ഡിപ്ലോമാറ്റിക് സ്റ്റഡീസും തമ്മിലുള്ള സഹകരണ പ്രോഗ്രാം കരാറില്‍ സൗദി അറേബ്യയെ പ്രതിനിധീകരിച്ച് വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ബഹ്റൈനെ പ്രതിനിധീകരിച്ച് ബഹ്റൈന്‍ വിദേശ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അല്‍സയ്യാനിയും ഒപ്പുവെച്ചു. ദ്വിമുഖ നികുതി ഒഴിവാക്കാനുള്ള കരാറില്‍ സൗദി നിക്ഷേപ മന്ത്രി ഖാലിദ് അല്‍ഫാലിഹും ബഹ്റൈന്‍ ധന, ദേശീയ സാമ്പത്തിക മന്ത്രി ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ അല്‍ഖലീഫയും ഒപ്പുവെച്ചു.
സൗദി സാമ്പത്തിക, ആസൂത്രണ മന്ത്രാലയവും ബഹ്റൈന്‍ സുസ്ഥിര വികസന മന്ത്രാലയവും തമ്മില്‍ സുസ്ഥിര വികസന സഹകരണ ധാരണാപത്രവും ഒപ്പുവെച്ചു. സൗദി സാമ്പത്തിക, ആസൂത്രണ മന്ത്രി ഫൈസല്‍ അല്‍ഇബ്രാഹിമും ബഹ്റൈന്‍ സുസ്ഥിര വികസന മന്ത്രി നൂര്‍ ബിന്‍ത് അലി അല്‍ഖുലൈഫുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. സൗദി ജനറല്‍ അതോറിറ്റി ഫോര്‍ കോമ്പറ്റീഷനും ബഹ്റൈന്‍ കോമ്പറ്റീഷന്‍ പ്രൊമോഷന്‍ ആന്റ് പ്രൊട്ടക്ഷന്‍ അതോറിറ്റിയും തമ്മിലുള്ള ധാരണാപത്രത്തില്‍ സൗദി സാമ്പത്തിക, ആസൂത്രണ മന്ത്രി ഫൈസല്‍ അല്‍ഇബ്രാഹിമും ബഹ്റൈന്‍ വ്യവസായ, വാണിജ്യ മന്ത്രി അബ്ദുല്ല ഫഖ്റുവും ഒപ്പുവെച്ചു.


നേരിട്ടുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന മേഖലയില്‍ പരസ്പര സഹകരണത്തിന് മറ്റൊരു ധാരണാപത്രവും ഒപ്പുവെച്ചു. സൗദി നിക്ഷേപ മന്ത്രി ഖാലിദ് അല്‍ഫാലിഹും ബഹ്റൈന്‍ സുസ്ഥിര വികസന മന്ത്രി നൂര്‍ അല്‍ഖുലൈഫുമാണ് ഈ ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.
ബഹ്റൈന്‍ ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയവും സൗദി റെയില്‍വേ പോളിടെക്നിക്കും തമ്മിലുള്ള ധാരണാപത്രത്തില്‍ സൗദി നിക്ഷേപ മന്ത്രി ഖാലിദ് അല്‍ഫാലിഹും ബഹ്റൈന്‍ ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രി ഡോ. ശൈഖ് അബ്ദുല്ല അഹ്‌മദ് അല്‍ഖലീഫയും ഒപ്പുവെച്ചു.
കിംഗ് സൗദ് സര്‍വകലാശാലയും ബഹ്റൈന്‍ സര്‍വകലാശാലയും തമ്മിലുള്ള ധാരണാപത്രത്തില്‍ സൗദി മീഡിയ മന്ത്രി സല്‍മാന്‍ അല്‍ദോസാരിയും ബഹ്റൈന്‍ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുംഅയും ഒപ്പുവെച്ചു. സൗദിയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ നോണ്‍-പ്രോഫിറ്റ് സെക്ടര്‍ ഡെവലപ്‌മെന്റും ബഹ്റൈന്‍ സാമൂഹിക വികസന മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രത്തില്‍ സൗദി മീഡിയ മന്ത്രി സല്‍മാന്‍ അല്‍ദോസാരിയും ബഹ്റൈന്‍ സാമൂഹിക വികസന മന്ത്രി ഉസാമ അല്‍അലവിയും ഒപ്പുവെച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വിശിഷ്ടമായ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും ആഴത്തിലാക്കാനുമുള്ള പ്രതിബദ്ധത ബഹ്റൈന്‍ കിരീടാവകാശിയും സൗദി കിരീടാവകാശിയും വ്യക്തമാക്കി. സൗദി-ബഹ്റൈന്‍ ഏകോപന കൗണ്‍സിലിന്റെ അഞ്ചാമത് യോഗം സൗദി അറേബ്യയില്‍ നടത്താനും തീരുമാനിച്ചു.



