തിരുവനന്തപുരം – യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തുകയും ചെയ്‌തെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പുറത്തുവരാനിരിക്കേ, പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ എട്ടാംദിവസവും ഒളിവില്‍ തന്നെ. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഡ്രൈവറെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. മലയാളിയായ ഡ്രൈവറാണ് കസ്റ്റഡിയിലായത്. ഇയാളാണ് രാഹുലിനെ ബെംഗളൂരുവിൽ എത്തിച്ചത്. ബെംഗളൂരുവിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഡ്രൈവറെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഹോട്ടലുടമയെയും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കോടതി ഉത്തരവ് എന്തായിരിക്കും എന്നത് രാഹുലിനെ സംബന്ധിച്ച് നിർണായകമായിരിക്കും. ജാമ്യാപേക്ഷ തള്ളിയാലുടന്‍ കോണ്‍ഗ്രസില്‍ നിന്ന് രാഹുലിനെ പുറത്താക്കിക്കൊണ്ടുള്ള പ്രഖ്യാപനവും ഏത് നിമിഷവും വരാം.
അറസ്റ്റൊഴിവാക്കാനായി ഒളിവില്‍ക്കഴിയുന്ന രാഹുല്‍ ബെംഗളൂരുവില്‍ത്തന്നെയുണ്ടെന്ന നിഗമനത്തിലാണ് പ്രത്യേകാന്വേഷണ സംഘം. രാഹുൽ ഒളിച്ചു താമസിച്ച സ്ഥലങ്ങളിൽ നിന്ന് അന്വേഷണ സംഘം എത്തുന്നതിന് തൊട്ടുമുമ്പ് രാഹുല്‍ രക്ഷപ്പെട്ടതില്‍ പൊലീസിന് സംശയമുണ്ട്. പൊലീസിൽ നിന്ന് രാഹുലിന് വിവരം ചോരുന്നുണ്ടോയെന്നാണ് സംശയമുയരുന്നത്.



