ന്യൂഡല്‍ഹി – സൈനിക, പ്രതിരോധ മേഖലയില്‍ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് സൗദി, ഇന്ത്യന്‍ സൈനിക മേധാവികള്‍ ന്യൂഡല്‍ഹിയില്‍ ചര്‍ച്ച നടത്തി. സൗദി ജനറല്‍ സ്റ്റാഫ് മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഫയാദ് അല്‍റുവൈലിയും ഇന്ത്യന്‍ ഡിഫന്‍സ് സ്റ്റാഫ് മേധാവി ജനറല്‍ അനില്‍ ചൗഹാനും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളിലെയും പ്രതിനിധി സംഘങ്ങള്‍ പങ്കെടുത്തു.


പ്രതിരോധരംഗത്തെയും സൈനികമേഖലയിലെയും ഉഭയകക്ഷി ബന്ധങ്ങൾ വിലയിരുത്തുകയും, പൊതുതാൽപര്യങ്ങൾ നിറവേറ്റാൻ ഈ സഹകരണം കൂടുതൽ മെച്ചപ്പെടുത്താനുള്ള സാധ്യതകൾ ചർച്ച ചെയ്യുകയും ചെയ്തു. ജനറല്‍ അനില്‍ ചൗഹാന്റെ ഔദ്യോഗിക ക്ഷണപ്രകാരമാണ് സൗദി ചീഫ് ഓഫ് സ്റ്റാഫ് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നതെന്ന് സൗദി പ്രതിരോധ മന്ത്രാലയം എക്‌സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. ന്യൂഡല്‍ഹിയിലെത്തിയ ലെഫ്റ്റനന്റ് ജനറല്‍ ഫയാദ് അല്‍റുവൈലിക്ക് ഔപചാരികമായ സ്വീകരണം നല്‍കി. ഈ ചടങ്ങില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ അവലോകനം ചെയ്തു.



