തിരുവനന്തപുരം – എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്നു സൂചന നൽകി കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. പുകഞ്ഞ കൊള്ളി പുറത്തെന്നും ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായെന്നും മുരളീധരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കോൺഗ്രസ് അദ്ദേഹവുമായുള്ള ബന്ധം വിച്ഛേദിച്ചു കഴിഞ്ഞെന്നും രാഹുലിന്റെ കാര്യത്തിൽ പാർട്ടി ഒരു തീരുമാനം വേഗത്തിൽ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റുതിരുത്തി തിരിച്ചുവരാനുള്ള മാർഗമാണ് കോൺഗ്രസ് അനുവർത്തിച്ച് വരുന്നതെങ്കിലും രാഹുലിന്റെ കാര്യത്തിൽ അതിന് ഇനി സാധ്യതയില്ല. ഈ സാഹചര്യത്തിൽ ഉചിതമായ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കെ മുരളീധരൻ പ്രതികരിച്ചു. കൂടുതല്‍ പരാതികള്‍ വന്ന സാഹചര്യത്തിലാണ് മുരളീധരന്റെ പ്രതികരണം.
രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്‌പെന്‍ഡ് ചെയ്യുമ്പോള്‍ രേഖാമൂലമുള്ള പരാതി സര്‍ക്കാരിന്റെയോ പാര്‍ട്ടിയുടേയോ മുമ്പില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ രാഹുലിനെതിരെ ഔദ്യോഗികമായി പരാതി സര്‍ക്കാരിനും കോണ്‍ഗ്രസ് പാര്‍ട്ടിക്കും മുന്നിലുണ്ട്. രാഹുല്‍ കോണ്‍ഗ്രസിലുണ്ടായിരുന്നെങ്കില്‍ പാര്‍ട്ടി തലത്തില്‍ കൂടി അന്വേഷണം നടത്തിയേനെ. എന്നാൽ രാഹുല്‍ മാങ്കൂട്ടത്തില്‍ സസ്‌പെന്‍ഷനിലായതിനാല്‍ പരാതി ഡി.ജി.പിക്ക് കൈമാറുകയായിരുന്നുവെന്ന് കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.



