ജിദ്ദ– കിംഗ് അബ്ദുൽ അസിസ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സിഫ് റബിയ ടീ ചാമ്പ്യൻസ് ലീഗിൽ മത്സരങ്ങൾക്ക് ആവേശ തുടക്കം. ഇന്ത്യൻ താരം സഹൽ അബ്ദുൽ സമദ്, കേരള ബ്ലാസ്റ്റേഴ്‌സ് താരം റിസ്‌വാൻ അലി, കൽക്കട്ട മുഹമ്മദൻസ് താരം അബ്ദുൽ ഹന്നാൻ, രിഫ്ഹാത് റംസാൻ തുടങ്ങി പ്രഗത്ഭ താരങ്ങൾ ഇരു ടീമുകളിലുമായി അണിനിരന്ന എ ഡിവിഷനിലെ വാശിയേറിയ പോരാട്ടത്തിൽ നിലവിലെ എ ഡിവിഷൻ ചാമ്പ്യന്മാരായ ബാൻ ബേക്കറി മഹ്ജർ എഫ് സി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കരുത്തരായ എൻകംഫർട് എ സി സി എ ടീമിനെ തോൽപ്പിച്ചു കൊണ്ട് ഈ വർഷത്തെ സിഫ് ചാമ്പ്യൻസ് ലീഗിലേക്ക് തങ്ങളുടെ കന്നി വരവറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന മത്സരങ്ങളിൽ, ബി ഡിവിഷനിൽ നിലവിലെ ചാമ്പ്യന്മാരായ സൈക്ലോൺ മൊബൈൽ അക്‌സെസ്സറിസ് ഐ ടി സോക്കർ എഫ് സിയും, എച് എം ആർ ജെ എസ് സി ഫാൽക്കൺ എഫ് സി തൂവലിനും, ഡേ ബൈ ഡേ മാർക്കറ്റ് യാസ് എഫ് സിയും ജയം സ്വന്തമാക്കി.
പതിനേഴ് വയസ്സിനു താഴെയുള്ള കുട്ടികളുടെ ടീമുകൾ മത്സരിക്കുന്ന ഡി ഡിവിഷനിൽ ഇ എഫ് എസ് ലോജിസ്റ്റിക് ജെ.എസ്. സി സോക്കർ അക്കാഡമി, പവർ സ്പോട് ഫിറ്റ്നസ് സ്പോർട്ടിങ് യുണൈറ്റഡ് ബി ടീമിനെ തോൽപ്പിച്ചു സെമിയിൽ കടന്നു. കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ട റിസ്‌വാന് അബ്ദുറഹിമാൻ അൽ മാലികി ട്രോഫി നൽകി.
ബി ഡിവിഷനിലെ ആദ്യ മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ഗ്ലോബ് ലോജിസ്റ്റിക്‌സ് ഫ്രൈഡേ എഫ് സി ബി സി സിയെ തോൽപ്പിച്ചു കൊണ്ട് ഐ ടി സോക്കർ എഫ്‌സി തുടർച്ചയായ രണ്ടാം ജയത്തോടെ ക്വാർട്ടർ പ്രവേശനം ഉറപ്പാക്കി. ഷംസാദ്, മുഹമ്മദ് സഫ്‌വാൻ. മുഹമ്മദ് ജാസിർ, അർഷാദ് എന്നിവരാണ് ഐ ടി സോക്കറിന് വേണ്ടി ഗോളുകൾ നേടിയത്. ഫ്രൈഡേ എഫ് സിയുടെ ഏക ഗോൾ നിഷാമിന്റെ വകയായിരുന്നു. പ്ലയെർ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട ഐ ടി സോക്കറിന്റെ മുഹമ്മദ് സഫ്‌വാന് ഇസ്മായിൽ മുണ്ടക്കുളം ട്രോഫി നൽകി.
ബി ഡിവിഷനിലെ രണ്ടാം മത്സരത്തിൽ ഫാൽക്കൺ എഫ് സി തൂവൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് ഇ എഫ് എസ് ലോജിസ്റ്റിക് വൈ സി സി സാഗോ എഫ് സിയെ പരാജയപ്പെടുത്തി. ഹാസിം അഹമ്മദ് (2 ) അൻവർ സാദത് (2) എന്നിവർ ഫാൽക്കൺ എഫ് സിക്ക് വേണ്ടി ഗോളുകൾ നേടിയപ്പോൾ നംഷീർ അലി, മുബാറക് എന്നിവരാണ് സാഗോ എഫ് സിയുടെ ഗോളുകൾ നേടിയത്. മത്സരത്തിലെ മികച്ച കളിക്കാരൻ ആയി തിരഞ്ഞെടുത്ത ഫാൽക്കൺ എഫ് സിയുടെ അൻവർ സാദത്തിനു ഷഫീക് പട്ടാമ്പിയും . അയ്യൂബ് ബൈക്കർ എന്നിവർ സംയുക്തമായി ട്രോഫി നൽകി.
ബി ഡിവിഷനിലെ മൂന്നാം മത്സരത്തിൽ ,എഫ് സി കുവൈസയെ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് തോൽപ്പിച്ചു കൊണ്ട് തുടർച്ചയായ രണ്ടാം ജയത്തോടെ യാസ് എഫ് സി ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.ഫാസിൽ (2), സിനാജ്, അമൻ എന്നിവരാണ് യാസ് എഫ് സിക്ക് വേണ്ടി ഗോളുകൾ സ്കോർ ചെയ്‌തത്. കളിയിലെ കേമനായി തിരഞ്ഞെടുത്തത്യാസ് എഫ് സിയുടെ ഫാസിലിന് സംവിധായകൻ ഷാഫി എപ്പിക്കാട് ട്രോഫി നല്‌കി.
സിഫ് ചാമ്പ്യൻസ് ലീഗിനായി ഇന്ത്യയിൽ നിന്നും എത്തിയ സഹൽ അബ്ദുൽ സമദ് ഉൾപ്പടെയുള്ള മിന്നും താരങ്ങളുടെ സാന്നിധ്യം കൊണ്ട് മത്സരത്തിന് മുമ്പ് തന്നെ വാർത്താ പ്രാധാന്യം നേടിയ എ ഡിവിഷനിലെ വമ്പൻ പോരാട്ടം കാണാൻ സ്ത്രീകളും കുട്ടികളും ഉൾപ്പടെ ആയിരക്കണക്കിന് ഫുട്ബാൾ പ്രേമികളാണ് ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ എത്തിയത് . മത്സരം കാണാൻ തടിച്ചു കൂടിയ വൻജനാവലിയുടെ പ്രതീക്ഷക്കനുസരിച്ചു ഉന്നത നിലവാരമുള്ള കളി തന്നെ ഇരുടീമുകളും കാണികൾക്കായി കാഴ്ചവെച്ചത് ഗ്യാലറിയിൽ ആവേശത്തിരയിളക്കി. റിസ്‌വാൻ അലിയുടെ നേതൃത്വത്തിൽ മഹ്ജർ മധ്യനിര മുന്നേറ്റ നിരയിൽ സഹലിനും വയനാട് എഫ് സി താരം രാഹുലിനും നിരന്തരം പന്തെത്തിച്ചു കൊണ്ട് ആക്രമണ ഫുട്ബാൾ കളിച്ചു കൊണ്ട് തുടക്കം മുതൽ തന്നെ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. എന്നാൽ ജാസിമും ഡാനിഷും പരിചയ സമ്പന്നനായ സനൂപും നേതൃത്വം കൊടുത്ത എ സി സി പ്രതിരോധ നിര എല്ലാം സമർത്ഥമായി നേരിട്ട് കൊണ്ടിരിക്കുന്നതിനിടെ , എ സി സി പെനാൽറ്റി ബോക്സിനു തൊട്ടു മുന്നിൽ നിന്ന് കിട്ടിയ ഫ്രീ കിക്ക് സഹൽ വിദഗ്ദ്ധമായി റിസ്‌വാന് നീക്കി കൊടുത്തു. റിസ്‌വാൻ തകർപ്പൻ കാർപെറ്റ് ഷോട്ടിലൂടെ വലയിലെത്തിച് മഹ്ജർ എഫ് സി ക്ക് ആദ്യ ലീഡ് സമ്മാനിച്ചു . അധികം വൈകാതെ വലത് വിങ്ങിൽ നിന്ന് സഹൽ കൈമാറിക്കൊടുത്ത മനോഹരമായ പാസ് ഗോളാക്കി കൊണ്ട് രാഹുൽ ലീഡുയർത്തി. ഇടവേളക്ക് പിരിയുമ്പോൾ മഹ്ജർ എഫ് സി രണ്ടു ഗോളിന് മുന്നിലായിരുന്നു. രണ്ടാം പകുതിയിൽ ആസിഫ് ചെറുകുന്നനും,അബ്ദുൽ ഹന്നാനും നേതൃത്വം കൊടുത്ത എ സി സി മധ്യനിര പതുക്കെ കളിയുടെ നിയന്ത്രണം ഏറ്റുടുക്കുന്നതാണ് കണ്ടത്. മുഹമ്മദ് റഫീക്കിലൂടെ ഒരു ഗോൾ തിരിച്ചടിച്ചു എ സി സി മത്സരത്തിലേക്ക് തിരിച്ചു വന്നെങ്കിലും, മൈതാനത്തിന്റെ വലതു ഗോൾലൈനിനരികെ നിന്നും റിസ്‌വാൻ ഉയർത്തിയ നൽകിയ പന്ത് മികച്ച പന്തടക്കത്തിലൂടെ കാലിൽ കുരുക്കിയെടുത്തു രണ്ടു ഡിഫൻഡർമാരെയും മറികടന്ന് മുന്നോട്ട് കയറി വന്ന ഗോൾ കീപ്പറെയും കബളിപ്പിച്ചു കൊണ്ട് പോസ്റ്റിലേക്ക് അടിച്ചു കയറ്റി സഹൽ അബ്ദുൽ സമദ് മഹ്ജർ എഫ് സിയുടെ മൂന്നാം ഗോളും നേടിക്കൊണ്ട് വിജയമുറപ്പിച്ചു. ഗോൾ വീഴുന്നതിന് തൊട്ടു മുമ്പ് ബോക്സിന് പുറത്തു നിന്നും ലഭിച്ച പന്ത് നാല് ഡിഫെൻഡർമാരെ മനോഹരമായി ഡ്രിബിൾ ചെയ്‌ത് സഹൽ തൊടുത്ത ബുള്ളറ്റ് ഷോട്ട് എ സി സി ഗോൾകീപ്പർ മുഹമ്മദ് ഇക്ബാൽ മുഴുനീള ഡൈവിംഗ് സേവിലൂടെ തട്ടിയകറ്റി രക്ഷപ്പെടുത്തി. മത്സരത്തിലെ കേമനായി തിരഞ്ഞെടുത്ത മഹ്ജർ എഫ് സിയുടെ രാഹുലിന് ഹിബ ഏഷ്യ പോളിക്ലിനിക് മാനേജിങ് ഡയറക്ടർ കുഞ്ഞിയും, ബാൻ ബേക്കറി മാനേജിങ് ഡയറക്റ്റർ മുഹമ്മദ് ഖദ്ദാഫിയും സംയുക്തമായി ട്രോഫി നൽകി.
വീ.പി. മുഹമ്മദ് അലി (എം.ഡി-ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ) അബ്ദുൾ നാഫി കുപ്പനത്ത് (ഡയറക്ടർ മാർക്കറ്റിങ് – റാബിയടീ ),മഡോണ മോനിച്ചൻ (മാർക്കറ്റിങ് മാനേജർ ഈസ്റ്റേൺ) ലത്തീഫ് കാപ്പുങ്ങൽ (എം.ഡി.-എൻ -കംഫോര്ട്സ് ), മുജീബ് (പ്രസിഡണ്ട് -ഏ.സി.സി ), ഹാരിസ് കുരിക്കൾ,അബ്ദുൽ ശുക്കൂർ (ഇരുവരും മാനജിങ് ഡയറക്ടർസ് -ബാൻ ബേക്കറി),റാഫി എപ്പിക്കാട് (സംവിധായകൻ), സൗഫർ (എം.ഡീ -റീം അൽ -ഉലാ) സീ.കെ (മാനേജർ ഷിഫാ ആൽബവാദി ),ഹക്കീം പാറക്കൽ (റീജിയണൽ പ്രസിഡണ്ട് ഒഐസിസി) എന്നിവർ കളിക്കാരുമായി പരിചയപ്പെടുകയുണ്ടായി.



