ദമാം– ദമാം വാഴക്കാട് വെൽഫെയർ സെൻ്റർ ഇരുപത്തി അഞ്ചാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച യു.ഐ.സി സ്റ്റുഡൻ്റ്സ് സോക്കർ സീസൺ രണ്ടിന്റെ അണ്ടർ 17 വിഭാഗത്തിൽ ഗ്രാസ്റൂട്ട്സ് അക്കാദമിയും അണ്ടർ 14 വിഭാഗത്തിൽ ജെ എഫ് സി ജുബൈൽ അക്കാദമിയും കിരീടം ചൂടി.
ദമാം ഫൈസലിയയിലെ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഫോക്കോ സോക്കർ അക്കാദമിയെ പരാജയപ്പെടുത്തിയാണ് അണ്ടർ 17 വിഭാഗത്തിൽ ഗ്രാസ്റൂട്ട്സ് കിരീടം സ്വന്തമാക്കിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഡി.എസ്.എ കോബാറിനെ പരാജയപ്പെടുത്തിയാണ് അണ്ടർ 14 വിഭാഗത്തിൽ ജെ എഫ് സി ജുബൈൽ അക്കാദമി കിരീടം ചൂടിയത്. രണ്ട് ആഴ്ചകളിലായി നടന്ന മത്സരങ്ങളിൽ പ്രവിശ്യയിലെ വിവിധ അക്കാദമികളെ പ്രതിനിധീകരിച്ച് അണ്ടർ 14 വിഭാഗത്തിൽ 11 ടീമുകളും, അണ്ടർ 17 വിഭാഗത്തിൽ 7 ടീമുകളും മാറ്റുരച്ചു.
അണ്ടർ 17 വിഭാഗത്തിൽ ടൂർണമെൻ്റിലെ കൂടുതൽ ഗോളുകൾ നേടിയ കളിക്കാരനായി ഫോക്കോസോക്കറിൻ്റെ നദീം മുഹമ്മദിനേയും, മികച്ച കളിക്കാരനായി ഗ്രാസ്റൂട്ട്സിൻ്റെ നായിഫിനെയും മികച്ച ഗോൾകീപ്പറായി സുഹൈബ് ഖാൻ (ഫോക്കോ സോക്കർ) എന്നിവരെയും തിരഞ്ഞെടുത്തു. അണ്ടർ 14 വിഭാഗത്തിൽ ടൂർണമെൻ്റിലെ കൂടുതൽ ഗോളുകൾ നേടിയ കളിക്കാരനായി ഫോക്കോ സോക്കറിൻ്റെ ഹേം ഷിരിഷ് ജിൻകയെയും, മികച്ച കളിക്കാരനായി സായിദീപിനെയും മികച്ച ഗോൾകീപ്പറായി ഹംദാനെയും (ജെ.എഫ് സി) തിരഞ്ഞെടുത്തു.
ലോക ഫുട്‍ബോളിനെ തന്റെ നാടൻ ശൈലിയിൽ സവിശേഷമായ വിലയിരുത്തലുകൾ നടത്തി സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയനായ സുബൈർ വാഴക്കാട് ഫൈനൽ മത്സരത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു.
അണ്ടർ 15 വിഭാഗത്തിൽ നടത്തിയ പെൺകുട്ടികളുടെ സൗഹൃദ ഫുട്ബാൾ പ്രദർശന മത്സരം കാണികൾക്ക് ഏറെ ഹൃദ്യമായി. ടൈബ്രേക്കറിൽ സ്പോർട്ടീവോ ഗേൾസ് അക്കാദമിയെ പരാജയപെടുത്തി ഗ്രാസ്റൂട്സ് ഗേൾസ് അക്കാദമി കിരീടം ചൂടി.
വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും യു.ഐ.സി മാർക്കറ്റിംഗ് കോർഡിനേറ്റർ ലാലു ഗോപിനാഥ്, സുബൈർ വാഴക്കാട്, മഞ്ജു മണിക്കുട്ടൻ, ബി.പി.എ ഹമീദ് വാഴക്കാട്, നൗഷാദ് ഇരിക്കൂർ , ഷബീർ ആക്കോട്, പി.കെ ഹമീദ്, യാസർ അറഫാത്ത്, ഷറഫുദ്ധീൻ എ.പി, ജാവിഷ് അഹമ്മദ്, ബി.കെ കുഞ്ഞുമുഹമ്മദ് തുടങ്ങിയവർ വിതരണം ചെയ്തു. ദമാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻ്റ് ശമീർ കൊടിയത്തൂർ, സുബൈർ വാഴക്കാട്, ആഷി നെല്ലിക്കുന്ന്, റഫീഖ് കൂട്ടിലങ്ങാടി, അഷ്റഫ് പി.ടി വാഴക്കാട് എന്നിവർ കളിക്കാരെ പരിചയപെട്ടു.
ഷാമിൽ ഊർക്കടവ്, ഷിജിൽ, മുഹമ്മദ് ഫഹദ്, ഷാഹിർ ടി.കെ, അഫ്താബ്, അൻവർ യു.കെ, ആഷിഖ്, ഇഖ്ബാൽ, സബീഹ്, ഫവാസ് ഒ.കെ, അമൻ ഷിബിലി , ഷാഫി. പി, ഉനൈസ്, അനസ് എന്നിവർ ടൂർണമെൻ്റ് സംഘാടനത്തിന് നേതൃത്വം നൽകി. പ്രസിഡന്റ് മുജീബ് കളത്തിൽ സ്വാഗതവും ജനറൽ സെക്രട്ടറി ഷബീർ ആക്കോട് നന്ദിയും പറഞ്ഞു.



