കോട്ടയം – ഇലക്ഷന് പ്രചാരണം കൊടുമ്പിരികൊള്ളുന്നതിനിടെ ഈരാറ്റുപേട്ടയില്‍ അഴിമതി ആരോപണം.ഈരാറ്റുപേട്ട നഗരസഭാ ചെയര്പേഴ്സന് സുഹ്റ അബ്ദുല്‍ ഖാദറിനെതിരെ അഴിമതി ആരോപണവുമായി സി.ഡി.എസ് ചെയര്പേഴ്സന് ഷിജി ആരിഫ് ആണ് രംഗത്തുവന്നത്. സി.ഡി.എസ് ചെയര്‍പേഴ്സന്റെ ഓഫീസ് മുന്നറിയിപ്പില്ലാതെ നഗരസഭാ ഓഫീസില്‍നിന്ന് ഒഴിപ്പിച്ചതായും നഗരോത്സവത്തിന് ഫണ്ട് അനുവദിക്കുന്നതില്‍ അഴിമതിയുള്ളതായും അവര്‍ പറഞ്ഞു.
നഗരസഭാ ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സി.ഡി.എഫ് ചെയര്‍പേഴ്സന്റെ ഓഫീസ് മുന്നറിയിപ്പില്ലാതെയാണ് മാറ്റിയതെന്നും അവിടെയുണ്ടായിരുന്ന കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള സാധനസാമഗ്രകളും രേഖകളും മാര്‍ക്കറ്റ് കോംപ്ലക്സിലെ മുറിയില്‍ എത്തിച്ച് പൂട്ടിയിട്ടിരിക്കുകയാണെന്നും ഷിജി ആരിഫ് ആരോപിക്കുന്നു.
ഈരാറ്റുപേട്ട നഗരോത്സവം നടത്തിപ്പില്‍ ഓഡിറ്റോറിയം വാടക, മൈക്ക് അനൗണ്‍സ്മെന്റ്, സ്റ്റേജ് ഡെക്കറേഷന് എന്നിവയില്‍ അഞ്ച് ലക്ഷം രൂപയുടെ അഴിമതി ഉള്ളതായാണ് ഷിജി ആരിഫ് ആരോപിച്ചത്. ഇതിനായി ഫണ്ട് അനുവദിക്കുന്നതില്‍ തിരിമറി നടത്തിയെന്നും അത് ചൂണ്ടിക്കാട്ടിയതിലെ പ്രതികാരമായാണ് ഓഫീസ് ഒഴിപ്പിച്ചതെന്നുമാണ് സി.ഡി.എസ് ചെയര്‍പേഴ്സന്റെ ആരോപണം. മുനിസിപ്പല്‍ ഓഫീസ് കെട്ടിടത്തില്‍ സി.ഡി.എസ് ഓഫീസ് സജ്ജീകരിക്കാന്‍ പെയിന്റിംഗിനും സീലിംഗ് ചെയ്യുന്നതിനും മാത്രമായി മൂന്ന് ലക്ഷം വിനിയോഗിച്ചെന്നും ഇതിലും അഴിമതിയുണ്ടെന്നും സി.ഡി.എസ് ചെയര്പേഴ്സന് ആരോപിക്കുന്നു.
ഓഫീസിലെ കര്ട്ടന് ഉള്‍പ്പെടെയുള്ള മറ്റ് എല്ലാ സംവിധാനങ്ങളും സി.ഡി.എസിന്റെ സ്വന്തം ഫണ്ടില്‍നിന്ന് ചെലവഴിച്ചാണ് സജ്ജീകരിച്ചത്. 1500 അംഗങ്ങള്‍ ഉള്ള സി.ഡി.എസിന് കമ്മിറ്റി മീറ്റിംഗ് കൂടാന്‍ പോലുമുള്ള സ്ഥല സൗകര്യം പുതുതായി നല്കിയ മാര്‍ക്കറ്റ് കോംപ്ലക്സിലെ മുറിയില്‍ ഇല്ല. എതായാലും പേട്ടയില്‍ ഭരണ- പ്രതിപക്ഷ കൊമ്പുകോര്‍ക്കലിന് ഇതു വഴിതെളിക്കും.