ഗാസ- ദക്ഷിണ ഗാസയിലെ റഫയിലെ തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുന്ന തങ്ങളുടെ പോരാളികളെ കൊലപ്പെടുത്താനുള്ള ഇസ്രായേലിന്റെ ശ്രമം വെടിനിർത്തൽ കരാറിൻ്റെ നഗ്നമായ ലംഘനമാണെന്ന് ഹമാസ്. കുടുങ്ങിക്കിടക്കുന്ന പോരാളികളെ പിന്തുടരാനും അറസ്റ്റ് ചെയ്യാനും ഇസ്രായേൽ ശ്രമിക്കുന്നതായി ഹമാസ് ആരോപിച്ചു. തങ്ങളുടെ പോരാളികളുടെ ജീവൻ്റെ പൂർണ ഉത്തരവാദിത്തം ഇസ്രായേലിനാണെന്ന് വ്യക്തമാക്കിയ ഹമാസ്, പോരാളികളെ അവരുടെ വീടുകളിലേക്ക് മടങ്ങാൻ അനുവദിക്കുന്നതിന് ഇസ്രായേലിനു മേൽ സമ്മർദം ചെലുത്താൻ മധ്യസ്ഥർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.


പോരാളികളുടെ പ്രശ്നം പരിഹരിക്കാനും അവരെ സുരക്ഷിതമായി പുറത്തുകടക്കാനും അനുവദിക്കുന്നതിനായി വിവിധ രാഷ്ട്രീയ നേതാക്കളുമായും യു.എസ് ഭരണകൂടം ഉൾപ്പെടെയുള്ള മധ്യസ്ഥരുമായും കഴിഞ്ഞ ഒരു മാസക്കാലം ഹമാസ് ഗണ്യമായ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ, ഇസ്രായേൽ ഈ ശ്രമങ്ങളെല്ലാം പരാജയപ്പെടുത്തുകയായിരുന്നുവെന്ന് ഹമാസ് ആരോപിച്ചു. റഫയിലെ തുരങ്കങ്ങളിൽ കുടുങ്ങിയ ചെറുത്തുനിൽപ്പ് പോരാളികളെ പിന്തുടർന്നും കൊലപ്പെടുത്തിയും അറസ്റ്റ് ചെയ്തും ഇസ്രായേൽ നടത്തുന്ന ക്രൂരമായ കുറ്റകൃത്യം കരാർ ദുർബലപ്പെടുത്താനും നശിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ നിർണായക തെളിവാണെന്നും ഹമാസ് കൂട്ടിച്ചേർത്തു.
റഫയിലെ തുരങ്കങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ആറ് പോരാളികളിൽ നാല് പേരെ കൊലപ്പെടുത്തുകയും രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ഇസ്രായേൽ സൈന്യം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ചൊവ്വാഴ്ച തുരങ്കത്തിൽ നിന്ന് പുറത്തുവന്ന അഞ്ച് പോരാളികളെ കൊലപ്പെടുത്തിയതായും ഇസ്രായേൽ പ്രഖ്യാപിച്ചിരുന്നു. ലെഫ്റ്റനന്റ് ഹദർ ഗോൾഡിന്റെ മൃതദേഹം കൈമാറിയാൽ ഹമാസ് പോരാളികളെ സുരക്ഷിതമായ വഴിയിലൂടെ കടന്നുപോകാന്‍ അനുവദിക്കാമെന്ന് ഇസ്രായേൽ വാഗ്ദാനം ചെയ്തിരുന്നെങ്കിലും, മൃതദേഹം കൈമാറിയതോടെ ഇസ്രായേൽ ഈ വാഗ്ദാനത്തിൽ നിന്ന് പിൻമാറുകയായിരുന്നു.
ഇസ്രായേൽ സേനക്കു നേരെ വെടിയുതിർക്കാതെ കീഴടങ്ങിയവരെ, റഫയിലെ തുരങ്കങ്ങളിലും സ്ഥലങ്ങളിലും ശേഷിക്കുന്ന പോരാളികളെ കുറിച്ചുള്ള പുതിയ വിവരങ്ങൾ ശേഖരിക്കാനായി ചോദ്യം ചെയ്തുവരികയാണെന്ന് ഇസ്രായേലി പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ റിപ്പോർട്ട് ചെയ്തു. ഈ പ്രദേശത്ത് ഏകദേശം 40 പോരാളികൾ തുടരുന്നതായാണ് ഇസ്രായേൽ സൈനിക സ്രോതസ്സുകൾ കണക്കാക്കുന്നത്. പോരാളികളെ സുരക്ഷിതമായി കടന്നുപോകാന്‍ അനുവദിക്കുന്ന ഏതൊരു പരിഹാരവും നിരാകരിക്കുന്ന കടുത്ത നിലപാടാണ് സൈനിക മേധാവി ഇയാല്‍ സാമിര്‍ സ്വീകരിച്ചിരിക്കുന്നത്. അവരെ കൊല്ലുകയോ കീഴടങ്ങാന്‍ നിര്‍ബന്ധിക്കുകയോ ചെയ്യണമെന്നാണ് അദ്ദേഹത്തിൻ്റെ നിലപാട്.
റഫ തുരങ്കങ്ങളിലെ പോരാളികളുടെ സാഹചര്യം ചർച്ച ചെയ്യാൻ ഉന്നതതല ഹമാസ് പ്രതിനിധി സംഘം ഈജിപ്ഷ്യൻ ഇൻ്റലിജൻസ് മേധാവി ഹസൻ റശാദുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. പോരാളികളുടെ സുരക്ഷിതമായ രക്ഷപ്പെടൽ ഉറപ്പാക്കാൻ എല്ലാ മധ്യസ്ഥരും ശക്തമായി പ്രവർത്തിക്കണമെന്ന് ഹമാസ് അഭ്യർത്ഥിച്ചു.
അതേസമയം, ഗാസ മുനമ്പില്‍ ഇസ്രായേല്‍ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ തുടരുകയാണ്. മധ്യ ഗാസ മുനമ്പിലെ മഗാസി അഭയാര്‍ഥി ക്യാമ്പിന് കിഴക്ക് വിറക് ശേഖരിക്കുന്നതിനിടെ ഫലസ്തീനി പൗരന്‍ ഇസ്രായേലി ടാങ്കില്‍ നിന്നുള്ള പീരങ്കി ഷെല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കൂടാതെ, തെക്കന്‍ ഗാസ മുനമ്പിലെ ഖാന്‍ യൂനിസിന് കിഴക്കുള്ള ബനീസുഹൈല ഗ്രാമത്തില്‍ ഡ്രോണ്‍ ആക്രമണത്തില്‍ മറ്റൊരു പലസ്തീനിയും കൊല്ലപ്പെട്ടു.
ഗാസ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10 മൃതദേഹങ്ങളാണ് ആശുപത്രികളിലെത്തിയത്. ഇതോടെ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍വന്ന ശേഷം ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 347 ആയി ഉയര്‍ന്നു. 2023 ഒക്‌ടോബര്‍ ഏഴു മുതല്‍ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ ആകെ എണ്ണം 69,785 ആയി ഉയർന്നതായും മന്ത്രാലയം അറിയിച്ചു. ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസ് വഴി ഇസ്രായേല്‍ കൈമാറിയ 15 പലസ്തീനികളുടെ മൃതദേഹങ്ങളും മന്ത്രാലയം ഏറ്റുവാങ്ങി.



