മക്ക – കഴിഞ്ഞ മാസം (ജുമാദാ അൽഊല) 1.3 കോടിയിലേറെ പേർ ഉംറ കർമം നിർവഹിച്ചതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ മാസം ആകെ 1,39,72,780 പേരാണ് ഉംറ നിർവഹിച്ചത്. ഇതിൽ 17 ലക്ഷത്തിലേറെ പേർ വിദേശങ്ങളിൽ നിന്ന് എത്തിയവരാണ്. ശേഷിക്കുന്നവർ ആഭ്യന്തര തീർഥാടകരാണ്. കഴിഞ്ഞ മാസം ഇരു ഹറമുകളിലും സന്ദർശകരുടെ എണ്ണം 6,66,33,153 ആയി ഉയർന്നു. തൊട്ടുമുൻ മാസത്തെ അപേക്ഷിച്ച് കഴിഞ്ഞ മാസം ഇരു ഹറമുകളിലും എത്തിയ വിശ്വാസികളുടെ എണ്ണത്തിൽ 1,21,21,252 പേരുടെ വർനവ് രേഖപ്പെടുത്തി.
വിശുദ്ധ ഹറമിൽ 2,59,87,679 സന്ദർശകർ എത്തി. ഇതിൽ 1,00,489 പേർ ഹിജ്ര് ഇസ്മായിലിൽ (കഅബയോട് ചേർന്നുള്ള അർധവൃത്താകൃതിയിലുള്ള പ്രദേശം) നമസ്‌കാരം നിർവഹിച്ചു. കഴിഞ്ഞ മാസം പ്രവാചക പള്ളിയിൽ 2,32,96,185 സന്ദർശകർ എത്തി. ഇതിൽ 9,12,695 പേർക്ക് റൗദ ശരീഫിൽ നമസ്‌കാരം നിർവഹിക്കാൻ അവസരം ലഭിച്ചു. 23,63,325 പേർ പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളിൽ സിയാറത്ത് നടത്തിയതായും ഹറംകാര്യ വകുപ്പ് അറിയിച്ചു.



