ജുബൈൽ– സൗദി ഈസ്റ്റ് നാഷണൽ കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന 15-ാമത് എഡിഷൻ നാഷണൽ സാഹിത്യോത്സവിന്റെ സംഘാടക സമിതി നിലവിൽ വന്നു. 2026 ജനുവരി 9-ന് ജുബൈലിൽ വെച്ചാണ് സാഹിത്യോത്സവ് അരങ്ങേറുക. പ്രവാസ ലോകത്ത് 24 രാഷ്ട്രങ്ങളിലായി നടക്കുന്ന 15-ാമത് എഡിഷൻ സാഹിത്യോത്സവിന്റെ ഭാഗമായാണ് ഇത്തവണ സൗദി ഈസ്റ്റ് നാഷനൽ സാഹിത്യോത്സവിന് ജുബൈലിൽ വേദിയൊരുങ്ങുന്നത്.
സൗദി ഈസ്റ്റ് പ്രവിശ്യയിലെ ഹഫർ അൽ ബാതിൻ, അൽ ഖസീം, ഹായിൽ, റിയാദ്, ദമ്മാം, അൽ ജൗഫ്, അൽ ഖോബാർ, ജുബൈൽ, അൽ ഹസ്സ എന്നിവിടങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളാണ് നാഷനൽ സാഹിത്യോത്സവത്തിൽ മാറ്റുരയ്ക്കുക. കലാ – സാഹിത്യ മേഖലകളിലായി 80-ൽ പരം മത്സര ഇനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. യഥാക്രമം യൂണിറ്റ്, സെക്ടർ, സോൺ തലങ്ങളിലെ മത്സരങ്ങളിൽ വിജയികളായവർക്കാണ് നാഷണൽ തലത്തിൽ അവസരം ലഭിക്കുക. 30 വയസ്സ് കവിയാത്ത സ്ത്രീ പുരുഷന്മാർക്കും, കുട്ടികൾക്കും മത്സരത്തിൽ പങ്കെടുക്കാം. സ്കൂൾ അടിസ്ഥാനത്തിൽ നടക്കാറുള്ള ക്യാമ്പസ് സാഹിത്യോത്സവ് ഇത്തവണയും വിപുലമായി നടക്കും.
ആർ.എസ്.സി നാഷണൽ ചെയർമാൻ ഉമറുൽ ഫാറൂഖ് സഖാഫിയുടെ അധ്യക്ഷതയിൽ ജുബൈലിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനും ഐ.സി.എഫ് നാഷണൽ എക്സിക്യൂട്ടീവ് അംഗവുമായ അബ്ദുൾ കരീം ഖാസിമി ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ് റീജിയണൽ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ ആലപ്പുഴ സംഘാടക സമിതി കരട് പ്രഖ്യാപനം നടത്തി. അബ്ദുൽ കരീം ഖാസിമിയുടേയും (ചെയർമാൻ), ശരീഫ് മണ്ണൂരിന്റേയും (ജനറൽ സെക്രട്ടറി) നേതൃത്വത്തിൽ 111 അംഗ സംഘാടക സമിതിയെയാണ് നിയമിച്ചത്.
യോഗത്തിൽ ശിഹാബ് കായംകുളം (ഒ.ഐ.സി.സി), ബഷീർ വെട്ടുപാറ (കെ.എം.സി.സി), പ്രമുഖ കവി മനോജ് കാലടി, അബ്ദുൾ അസീസ് സഅദി (കെ.സി.എഫ്) എന്നിവർ ആശംസകൾ അർപ്പിച്ചു. സാഹിത്യോത്സവിന്റെ പോസ്റ്റർ പ്രകാശനവും ചടങ്ങിൽ വെച്ച് നിർവ്വഹിച്ചു. മുഹമ്മദ് അൻവർ ഒളവട്ടൂർ സ്വാഗതവും സംഘാടക സമിതി സെക്രട്ടറി ജലീൽ കൊടുവള്ളി നന്ദിയും പറഞ്ഞു.
നസീർ തുണ്ടിൽ, ഐ.സി.എഫ് പ്രസിഡന്റ് ജബ്ബാർ ആലപ്പുഴ, അബ്ദുൾ കരീം ഖാസിമി, ഐ.സി.എഫ് ജുബൈൽ ജനറൽ സെക്രട്ടറി ജാഫർ കൊടിഞ്ഞി, സലീം പട്ടുവം, ഉബൈദ് സഖാഫി, മുൻ ഇന്ത്യൻ എംബസി സ്കൂൾ പി.ടി.എ ചെയർമാൻ അബ്ദുറഹൂഫ് പാലക്കോട്, ശിഹാബ് മാങ്ങാടൻ (ഗൾഫ് മാധ്യമം), റഹൂഫ് പാലേരി, നൗഫൽ ചിറയിൽ, ഇബ്രാഹിം അംജദി തുടങ്ങിയ പ്രമുഖരും യോഗത്തിൽ പങ്കെടുത്തു.



