കണ്ണൂർ – വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്നതില്‍ കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ എഴുപതാം നമ്പര്‍ ബൂത്തിലെ ഒരു വോട്ട് തെറ്റിദ്ധരിപ്പിച്ച് ആള്‍മാറാട്ടം നടത്തി ചെയ്തെന്ന പരാതിയില്‍ പോളിംഗ് ഓഫീസറെയും ബിഎല്‍ഒയെയും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന് സസ്പെന്‍ഡ് ചെയ്തു.
കണ്ണൂർ നിയോജക മണ്ഡലത്തിലെ എഴുപതാം ബൂത്തിലെ 1420 നമ്പർ പേരുകാരിയായ 86 വയസ്സുള്ള കമലാക്ഷിയുടെ വോട്ട് ഇതേ ബൂത്തിലെ 1148-ാം നമ്പർ വോട്ടറായ വി. കമലാക്ഷി എന്നയാൾ രേഖപ്പെടുത്തിയെന്നാണ് പരാതി. ആൾമാറാട്ടം ആരോപിച്ചാണ് എൽഡിഎഫ് പരാതി നൽകിയത്. യുഡിഎഫ് പ്രവർത്തക കൂടിയായ ബൂത്ത് ലെവൽ ഓഫീസർ ഗീത രാഷ്ട്രീയതാൽപ്പര്യം വെച്ച് ആൾമാറാട്ടത്തിലൂടെ വ്യാജ വോട്ടറായ വി കമലാക്ഷിയെക്കൊണ്ട് വ്യാജവോട്ട് ചെയ്യിപ്പിച്ചുവെന്നാണ് പരാതി.
ഇതു സംബന്ധിച്ച് നിയമസഭാ മണ്ഡലം അസി. റിട്ടേണിങ്ങ് ഓഫീസര്‍ കണ്ണൂർ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുമുണ്ട്. വിശദമായ അന്വേഷണത്തിന് അസി. കലക്ടര്‍ അനൂപ് ഗാര്‍ഗ്, ജില്ലാ ലോ ഓഫീസര്‍ എ രാജ്, അസി. റിട്ടേണിങ്ങ് ഓഫീസര്‍ ഡെപ്യൂട്ടി കലക്ടര്‍ (ആര് ആര്) ആര് ശ്രീലത എന്നിവരെ ചുമതലപ്പെടുത്തിയതായും കലക്ടര്‍ അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ചെയ്ത വോട്ടിന്റെ സാധുത സംബന്ധിച്ചും തുടര്‍ നടപടികളെക്കുറിച്ചും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ തേടിയിട്ടുണ്ട്. ജനപ്രാതിനിധ്യ നിയമം 1951 ലെ 134, ഇന്ത്യന്‍ ശിക്ഷാ നിയമം 171 എഫ് വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ക്കാണ് ഉദ്യോഗസ്ഥര്‍ക്കെതിയുള്ള നടപടി.