ജിസാന്‍ – സൗദിയിലെ ഏറ്റവും വലിയ സമുദ്ര വിനോദ പദ്ധതികളിലൊന്നായ ജിസാന്‍ വാട്ടര്‍ സിറ്റി പദ്ധതി നടപ്പാക്കാന്‍ ജിസാന്‍ നഗരസഭ അല്‍അവാലി റിയല്‍ എസ്റ്റേറ്റ് കമ്പനിയുമായി നിക്ഷേപ കരാര്‍ ഒപ്പുവെച്ചു. 1,13,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള പ്രദേശത്ത് നടപ്പാക്കുന്ന പദ്ധതിയില്‍ 20 കോടി റിയാല്‍ നിക്ഷേപമാണ് കണക്കാക്കുന്നത്. റിയാദില്‍ നടക്കുന്ന സിറ്റിസ്‌കേപ്പ് ഗ്ലോബല്‍ 2025 പ്രദര്‍ശനത്തോടനുബന്ധിച്ച് നഗരസഭ, ഭവനകാര്യ മന്ത്രി മാജിദ് അല്‍ഹുഖൈലിന്റെ രക്ഷാകര്‍തൃത്വത്തിലാണ് ഒപ്പുവെക്കല്‍ ചടങ്ങ് നടന്നത്.
ജിസാന്‍ കടല്‍ത്തീരത്ത് സ്ഥിതി ചെയ്യുന്ന പദ്ധതി രാജ്യത്തെ ഏറ്റവും വലിയ വിനോദ പദ്ധതികളിലൊന്നാണ്. വാട്ടര്‍ ഗെയിമുകള്‍, മറൈന്‍ മ്യൂസിയം, വിനോദ അനുഭവം മെച്ചപ്പെടുത്താനും സന്ദര്‍ശകര്‍ക്ക് വൈവിധ്യമാര്‍ന്ന ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യാനുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന സമഗ്രമായ പിന്തുണാ സേവനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സമുദ്ര വിനോദ കേന്ദ്രം പദ്ധതിയില്‍ അടങ്ങിയിരിക്കുന്നു. നൂതനത്വവും ജീവിത നിലവാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ഉയര്‍ന്ന തലത്തിലുള്ള ജലാധിഷ്ഠിത വിനോദ അനുഭവം നല്‍കുന്നതുമായ സവിശേഷ ടൂറിസം അനുഭവം പദ്ധതി നൽകും.
അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും വിവിധ മേഖലകളിലെ നിക്ഷേപ അവസരങ്ങള്‍ വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്ന വിഷന്‍ 2030 മായി ഒത്തുപോകുന്ന നിലക്ക് പ്രവിശ്യയിലെ ടൂറിസം, നിക്ഷേപ മേഖലകളെ ശക്തിപ്പെടുത്താനാണ് ഈ സംരംഭത്തിലൂടെ നഗരസഭ ലക്ഷ്യമിടുന്നത്.
സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്താനും ടൂറിസം നിക്ഷേപത്തെ പിന്തുണക്കാനും പ്രവിശ്യയുടെ സവിശേഷമായ പ്രകൃതിദത്തവും ഭൂമിശാസ്ത്രപരവുമായ ആസ്തികള്‍ പ്രയോജനപ്പെടുത്താനും ജിസാന്‍ നഗരസഭ പ്രതിജ്ഞാബദ്ധമാണെന്ന് ജിസാന്‍ മേയര്‍ എന്‍ജിനീയര്‍ യഹ്യ അല്‍ഗസൂനി പറഞ്ഞു. ഇത് മികച്ച വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ജിസാന്റെ സ്ഥാനം വര്‍ധിപ്പിക്കുകയും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുകയും വിനോദ, ടൂറിസം മേഖലകളെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുകയും ചെയ്യുമെന്ന് മേയര്‍ പറഞ്ഞു.
വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങളുമായി ഒത്തുപോകുന്ന നിലക്ക് ടൂറിസം ആസ്തികള്‍ ശക്തിപ്പെടുത്താനും ജീവിത നിലവാരം മെച്ചപ്പെടുത്താനും ഇത്തരം പദ്ധതികളിലൂടെ ലക്ഷ്യമിടുന്നു. സുസ്ഥിര ടൂറിസം വികസനത്തെ പിന്തുണക്കാനും ജിസാന്റെ പ്രകൃതിദത്ത നേട്ടങ്ങള്‍ പ്രയോജനപ്പെടുത്താനുമുള്ള ജിസാന്‍ നഗരസഭയുടെ ശ്രമങ്ങളുടെ ഭാഗമാണിത്.



