ദുബൈ – ആഗോള വ്യോമയാനമേഖലയിൽ യുഎഇയുടെ പങ്കാളിത്തം ശക്തമാക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. തിങ്കളാഴ്ച ദുബൈ വേൾഡ് ട്രേഡ് സെൻട്രലിൽ ആരംഭിച്ച, അഞ്ചുദിവസം നീണ്ടുനിൽക്കുന്ന എയർഷോ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎഇ പ്രസിഡൻ്റ്ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ആദ്യദിവസം ദുബൈ എയർഷോയിലെത്തി. യുഎഇയുടെ ഭാവികാഴ്ചപ്പാടിന്റെ തെളിവാണ് ദുബൈ എയർഷോയെന്ന് ശൈഖ് മുഹമ്മദ് വിശേഷിപ്പിച്ചു.
ആഗോളപങ്കാളിത്തം വളർത്തിയെടുക്കുന്നതിനും വ്യോമയാനം, ബഹിരാകാശം, പ്രതിരോധനവീകരണം എന്നിവ മുന്നോട്ടുകൊണ്ടുപോകുന്നതിനും സുസ്ഥിരവളർച്ചയെ പിന്തുണയ്ക്കുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് മേള വ്യക്തമാക്കുന്നത്.പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിനും വ്യോമയാന മേഖലയുടെ ഭാവി രൂപപ്പെടുത്തുന്നതിനുമുള്ള ആഗോള വ്യവസായികൾക്കുള്ള വേദിയാണിതെന്നും അദ്ദേഹം വിശദീകരിച്ചു. ഏറ്റവും പുതിയ ഉത്പന്നങ്ങൾ, സേവനങ്ങൾ, അത്യാധുനിക സാങ്കേതികവിദ്യകൾ എന്നിവ ശൈഖ് മുഹമ്മദ് അവലോകനംചെയ്തു. പരിപാടിയിലെ പ്രധാന സാങ്കേതിക പ്രദർശനങ്ങളും പരിശോധിച്ചു. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും മേളയിലെത്തി. ഒട്ടേറെ പ്രദർശനങ്ങൾ കാണുകയും ചെയ്തു.
ലോകത്തിലെ ഏറ്റവും വലിയ എയർഷോകളിലൊന്നായ ദുബൈ എയർഷോയുടെ 19-ാമത് പതിപ്പിലെ ആദ്യദിനം വൻതിരക്ക് അനുഭവപ്പെട്ടു. ഇത്തവണ പതിവുപോലെ ഒട്ടേറെ കരാറുകൾ ഉറപ്പിക്കുകയും ആഗോള പങ്കാളിത്തം കൂടുതൽ ശക്തമാക്കുകയും ചെയ്യും. ഏതാണ്ട് 1500 പ്രദർശകർ പങ്കെടുക്കുന്നുണ്ട്. ഇതിൽ 440 പേർ പുതിയതാണ്. 115 രാജ്യങ്ങളുടെ പ്രതിനിധികളുമുണ്ട്. ഇത്തവണ ഒന്നരലക്ഷത്തോളം സന്ദർശകരെയും പ്രതീക്ഷിക്കുന്നുണ്ട്. ഇതാദ്യമായി ലൈവ് വിനോദപരിപാടികളും ഡ്രോൺ ഷോയും അരങ്ങേറും. ചൊവ്വാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുവരെയാണ് എയർഷോ. ചൊവ്വാഴ്ച ഒൻപതുമണിവരെ എയർഷോ നീണ്ടുനിൽക്കും.



