ദോഹ: ടി ടൈം ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അബ്ദുൽ കരീമിന് ഖത്തർ ഗോൾഡൻ വിസ ലഭിച്ചു. വിദേശ നിക്ഷേപകർക്കും പ്രൊഫഷണലുകൾക്കും ഖത്തർ നൽകുന്ന പ്രശസ്തമായ അംഗീകാരമാണ് ഗോൾഡൻ വീസ. പെരിന്തൽമണ്ണ ഏലംകുളം സ്വദേശിയായ പാലെങ്ങൽ മുഹമ്മദുണ്ണി മാസ്റ്ററുടെയും താമരശ്ശേരി ഫാത്തിമയുടെയും ഇളയ മകനായ അബ്ദുൽ കരീം 2004 ൽ ഖത്തറിൽ നിന്നും തുടങ്ങി വെച്ച ടീ ടൈം എന്ന ആശയത്തെ ഗൾഫ് രാജ്യങ്ങളിലെ സ്വദേശികളും വിദേശികളും നെഞ്ചേറ്റുകയായിരുന്നു. ഗൾഫ് രാജ്യങ്ങളിൽനിന്ന് യൂറോപ്പിലേക്കും ടീ ടൈം രുചി പടർത്തുന്ന അവസരത്തിലാണ് ഗോൾഡൻ വിസ എന്ന അമൂല്യ നേട്ടവും അബ്ദുൽ കരീമിനെ തേടിയെത്തുന്നത്.
ആയിരകണക്കിന് പ്രവാസികൾക്ക് തൊഴിൽ നൽകുന്ന സംരംഭം കൂടിയാണ് ടീ ടൈം. ഗൾഫ് രാജ്യങ്ങൾക്കു പുറമെ യു കെ, യു.എസ് എന്നിവിടങ്ങളിലായി 126 ബ്രാഞ്ചുകൾ ടീ ടൈമിനുണ്ട്. ജീവകാരുണ്യ രംഗത്തു ശക്തമായ ഇടപെടൽ നടത്തുന്ന ടീ ടൈം ഗ്രൂപ്പിന്റെ പ്രവർത്തനത്തിന് കൂടിയുള്ള അംഗീകാരമാണിത്. ഗോൾഡൻ വിസ ഉടമയ്ക്ക് ഖത്തറിൽ ജോലി ചെയ്യാനും ഭൂമി ഉടമസ്ഥാവകാശം നേടാനും കഴിയും. ഖത്തറിന്റെ സാമ്പത്തിക വളർച്ചക്ക് ഗോൾഡൻ വിസ വലിയ പ്രതീക്ഷ നൽകുന്നതായാണ് കണക്കുകൂട്ടൽ.
തനിക്ക് ലഭിച്ച അംഗീകാരം ഖത്തറിലെ മുഴുവൻ പ്രവാസികൾക്കും സമർപ്പിക്കുന്നതായും തന്റെ നേട്ടങ്ങൾക്ക് പിന്നിലെ കരുത്ത് പ്രവാസികളാണെന്നും അബ്ദുൽ കരീം പറഞ്ഞു. മൂന്നു പതിറ്റാണ്ടായി ഖത്തറിൽ പ്രവാസിയായ അബ്ദുൽ കരീം കുടുംബത്തോടൊപ്പം ഖത്തറിൽ തന്നെയാണ് സ്ഥിര താമസം. ഭാര്യ ഷൈനി. വിദ്യാർത്ഥികളായ രണ്ടു പെൺകുട്ടികളും രണ്ടു ആൺ കുട്ടികളുമുണ്ട്.



