കുവൈത്ത് സിറ്റി – റോഡുകളില്‍ മറ്റുള്ളവരുടെ ജീവന് ഭീഷണി സൃഷ്ടിച്ച് സാഹസികമായി വാഹനാഭ്യാസ പ്രകടനം അടക്കമുള്ള ഗുരുതരമായ ട്രാഫിക് നിയമ ലംഘനങ്ങള്‍ നടത്തിയ ഏതാനും പേരുടെ കാറുകള്‍ കുവൈത്ത് ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്ത് നശിപ്പിച്ചു. അശ്രദ്ധ, മറ്റ് റോഡ് ഉപയോക്താക്കളെ അപകടത്തിലാക്കല്‍ തുടങ്ങിയ ഗുരുതരമായ ഗതാഗത നിയമലംഘനങ്ങള്‍ നടത്തിയ വാഹനങ്ങളാണ് ഇടിച്ചുതകര്‍ത്തത്. നിയമപരമായ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം കാറുകള്‍ ലോഹ പുനരുപയോഗ പ്ലാന്റില്‍ എത്തിച്ച് കൂറ്റന്‍ ക്രഷര്‍ യൂനിറ്റിലിട്ട് നശിപ്പിക്കുകയായിരുന്നു.
നിയമ ലംഘനങ്ങള്‍ നടത്തുന്നതിന്റെയും ട്രാഫിക് പോലീസുകാര്‍ കാറുകള്‍ കസ്റ്റഡിയിലെടുക്കുന്നതിന്റെയും അവ പിന്നീട് ലോഹ പുനരുപയോഗ പ്ലാന്റില്‍ നശിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ കുവൈത്ത് ട്രാഫിക് പോലീസ് പുറത്തുവിട്ടു. പൊതുജന സുരക്ഷക്ക് ഭീഷണിയാകുന്നതോ ഗതാഗത സുരക്ഷയെ ബാധിക്കുന്നതോ ആയ ഗതാഗത പെരുമാറ്റങ്ങള്‍ പരിഹരിക്കാന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം സ്വീകരിക്കുന്ന ഉറച്ച സമീപനത്തിന്റെ ഭാഗമാണ് ഈ നടപടി.



