റിയാദ് – സാഹസികതയും വിസ്മയങ്ങളും വിനോദങ്ങളും നിറഞ്ഞ സിക്‌സ് ഫ്‌ലാഗ്‌സ് ഖിദ്ദിയ സിറ്റി ഡിസംബര്‍ 31 ന് തുറക്കുമെന്ന് ഖിദ്ദിയ സിറ്റി പ്രഖ്യാപിച്ചു. ഖിദ്ദിയ സിറ്റിയില്‍ തുറക്കുന്ന ആദ്യ കേന്ദ്രമാണ് സിക്‌സ് ഫ്‌ലാഗ്‌സ് ഖിദ്ദിയ സിറ്റി. വടക്കേ അമേരിക്കക്ക് പുറത്തുള്ള ഇത്തരത്തിലുള്ള ആദ്യത്തെ തീം പാര്‍ക്കാണിത്. റിയാദില്‍ നിന്ന് വെറും 40 മിനിറ്റ് അകലെ തുവൈഖ് പര്‍വതനിരകളുടെ ഹൃദയഭാഗത്താണ് സിക്‌സ് ഫ്‌ലാഗ്‌സ് ഖിദ്ദിയ സിറ്റി സ്ഥിതി ചെയ്യുന്നത്.
റെക്കോര്‍ഡ് തകര്‍ക്കുന്ന റോളര്‍ കോസ്റ്ററുകള്‍ ഉള്‍പ്പെടെ 28 ലോകോത്തര റൈഡുകളും അനുഭവങ്ങളും കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും വേണ്ടി രൂപകല്‍പ്പന ചെയ്ത 18 റൈഡുകളും പാര്‍ക്കില്‍ അടങ്ങിയിരിക്കുന്നു. സന്ദര്‍ശകര്‍ക്ക് പാര്‍ക്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. മുതിര്‍ന്നവര്‍ക്കുള്ള ടിക്കറ്റുകള്‍ 325 റിയാല്‍ മുതലാണ് ആരംഭിക്കുന്നത്. കുട്ടികളുടെ ടിക്കറ്റുകള്‍ 275 റിയാല്‍ മുതലും ആരംഭിക്കുന്നു. മുതിര്‍ന്നവര്‍, കുട്ടികള്‍, വികലാംഗര്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരുടെ ടിക്കറ്റുകള്‍ ഉള്‍പ്പെടെ വിവിധ ഓപ്ഷനുകള്‍ വെബ്സൈറ്റിൽ ലഭ്യമാണ്. ഗോ ഫാസ്റ്റ് സേവനം റൈഡുകളിലേക്ക് വേഗത്തിലുള്ള പ്രവേശനം വാഗ്ദാനം ചെയ്യുന്നു. സൗദിയില്‍ വിനോദം, കായികം, സംസ്‌കാരം എന്നിവക്കായി ലോകോത്തര ലക്ഷ്യസ്ഥാനം സൃഷ്ടിക്കുക എന്ന ഖിദ്ദിയ സിറ്റിയുടെ കാഴ്ചപ്പാടിലെ ആദ്യപടിയാണ് സിക്‌സ് ഫ്‌ലാഗ്‌സ് തീം പാര്‍ക്കിന്റെ ഉദ്ഘാടനം.
വികലാംഗര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും അവരുടെ കൂട്ടാളികള്‍ക്കും ടിക്കറ്റ് നിരക്കിൽ ഡിസ്‌കൗണ്ട് നിര്‍ണയിച്ചിട്ടുണ്ട്. 75 സൗദി റിയാല്‍ മുതല്‍ ആരംഭിക്കുന്ന ഈ ടിക്കറ്റുകള്‍ പാര്‍ക്കില്‍ മാത്രമായി ലഭ്യമാണ്. ഇന്ന് മുതല്‍ പ്രീ-ബുക്കിംഗിനായുള്ള ടിക്കറ്റുകള്‍ ലഭിക്കും.
സൗദി അറേബ്യയിലെ ഖിദ്ദിയയുടെ ഹൃദയഭാഗത്ത് ആവേശം, സംസ്‌കാരം, സുസ്ഥിരത എന്നിവ സംയോജിപ്പിക്കുന്ന അസാധാരണമായ അനുഭവം ഇത് പ്രദാനം ചെയ്യുന്നു. ആറ് വ്യത്യസ്ത തീം സോണുകളിലായി വ്യാപിച്ചുകിടക്കുന്ന 28 എക്‌സ്‌ക്ലൂസീവ് റൈഡുകളും ആകര്‍ഷണങ്ങളും പാര്‍ക്കിലുണ്ട്. ഊര്‍ജ്ജസ്വലമായ കൊട്ടാരത്തെ കേന്ദ്രീകരിച്ചുള്ള ഇവയെല്ലാം സുസ്ഥിരമായ അന്തരീക്ഷത്തില്‍ രാജ്യത്തിന്റെ സമ്പന്നമായ പൈതൃകം പ്രദര്‍ശിപ്പിക്കുന്ന സവിശേഷ അനുഭവം സന്ദര്‍ശകര്‍ക്ക് നല്‍കുന്നു.
പൂര്‍ത്തിയാകുമ്പോള്‍, ലോകോത്തര ഗെയിമിംഗ്, ഇ-സ്‌പോര്‍ട്‌സ് സെന്റര്‍, മള്‍ട്ടി പര്‍പ്പസ് സ്റ്റേഡിയം, ഗോള്‍ഫ് കോഴ്‌സുകള്‍, റേസ് ട്രാക്കുള്ള മോട്ടോര്‍സ്‌പോര്‍ട്‌സ് ഏരിയ, മേഖലയിലെ ഏറ്റവും വലിയ വാട്ടര്‍ പാര്‍ക്ക്, സിക്‌സ് ഫ്‌ലാഗ്‌സ് തീം പാര്‍ക്ക് എന്നിവയുള്‍പ്പെടെ നൂറുകണക്കിന് ലക്ഷ്യസ്ഥാനങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും അസാധാരണമായ ജീവിത നിലവാരം ഖിദ്ദിയ അതിന്റെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും വാഗ്ദാനം ചെയ്യും.



