പാണ്ടിക്കാട്– സമൂഹത്തിലെ ഭൂരിപക്ഷത്തെയും സ്വാധീനിച്ചു കൊണ്ടിരിക്കുന്ന നവമാധ്യമങ്ങളെ നന്മയ്ക്കായി ഉപയോഗപ്പെടുത്തണമെന്ന് പാണ്ടിക്കാട് സംഘടിപ്പിച്ച വിസ്ഡം പീസ് റേഡിയോ ലോഞ്ചിംഗ് കോൺഫറൻസ് അഭിപ്രായപ്പെട്ടു. പ്രായഭേദമന്യേ സമൂഹത്തിലേക്ക് ആഴ്ന്നിറങ്ങിയിട്ടുള്ള സോഷ്യൽ മീഡിയ സ്വാധീനങ്ങൾ നന്മയിലേക്ക് വഴി തിരിച്ചു വിടാത്ത പക്ഷം ആത്മഹത്യ, ലഹരി ഉപയോഗം, അശ്ലീലങ്ങൾ പോലെയുള്ള തിന്മകൾ വ്യാപകമാകാനും നോർമലൈസ് ചെയ്യപ്പെടാനും കാരണമാകുമെന്നും ഇവർ കൂട്ടിചേർത്തു.
സോഷ്യൽ മീഡിയ അഡിക്ഷൻ ഉറക്കക്കുറവ്, ജീവിതശൈലി രോഗങ്ങൾ, മറ്റു മാനസിക വൈകല്യങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. കുട്ടികളിലെ സർഗാത്മകത തകർക്കുവാനും കാഴ്ച, പഠനവൈകല്യങ്ങൾ തുടങ്ങി ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാകുന്നുവെന്ന് പഠനങ്ങൾ തെളിയിക്കുന്നതായും കോൺഫ്രൻസ് വിലയിരുത്തി.
ഇടമുറിയാത്ത ശ്രവണസുന്ദരമായ നന്മയുടെ വിരുന്നൊരുക്കി ഇതിനകം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ പീസ് റേഡിയോയുടെ പുതിയ കോഴ്സുകളുടെ പ്രഖ്യാപനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി. എന്‍. അബ്ദുല്ലത്തീഫ് മദനി നിർവഹിച്ചു. വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ. താജുദ്ധീൻ സ്വലാഹിയായിരുന്നു അധ്യക്ഷത. വിസ്ഡം സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ്, പീസ് റേഡിയോ സി. ഇ. ഒ. പ്രൊഫസർ ഹാരിസ് ബിൻ സലിം, അബൂബക്കർ സലഫി, വിസ്ഡം സ്റ്റുഡൻസ് ജനറൽ സെക്രട്ടറി ഷമീൽ മഞ്ചേരി, പി.പി. റഷീദ് കാരപ്പുറം, കെ.വി. മുഹമ്മദലി, വി.ടി. സലാം, എന്നിവർ സംസാരിച്ചു.



