ജിദ്ദ – ജിദ്ദയില്‍ ഇന്ന് ശക്തമായ കാറ്റോട് കൂടിയ കനത്ത മഴയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. ഇന്ന് രാവിലെ പത്തു മുതല്‍ രാത്രി പത്തു വരെ മഴക്ക് സാധ്യതയുണ്ട്. ഇതോടൊപ്പം ദൃശ്യപരത കുറയുകയും ആലിപ്പഴ വര്‍ഷം, മലവെള്ളപ്പാച്ചില്‍, ഉയര്‍ന്ന തിരമാലകള്‍, ഇടിമിന്നല്‍ എന്നിവയും ഉണ്ടാകും. ജിദ്ദയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മുന്‍കരുതലുകള്‍ എടുക്കാനും സുരക്ഷിതമായ സ്ഥലങ്ങളില്‍ തുടരാനും മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളും താഴ് വരകളും ഒഴിവാക്കാനും സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു. അത്തരം ഇടങ്ങളിൽ നീന്തുന്നത് ഒഴിവാക്കാനും വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാനും സിവില്‍ ഡിഫന്‍സ് നിർദ്ദേശിച്ചു. വെള്ളിയാഴ്ച മുതല്‍ അടുത്ത തിങ്കളാഴ്ച വരെ രാജ്യത്തിന്റെ മിക്ക പ്രവിശ്യകളിലും കനത്ത മഴ പ്രതീക്ഷിക്കുന്നുണ്ട്.
മക്ക പ്രവിശ്യയില്‍ മിതമായതോ കനത്തതോ ആയ മഴയുണ്ടാകാനും സാധ്യതയുണ്ട്. ഇതോടൊപ്പം ഇടിമിന്നല്‍, മലവെള്ളപ്പാച്ചില്‍, ആലിപ്പഴ വര്‍ഷം, പൊടിക്കാറ്റ് എന്നിവയുമുണ്ടാകും. മക്ക പ്രവിശ്യയില്‍ പെട്ട മക്ക, ജിദ്ദ, റാബിഗ്, ഖുലൈസ്, തായിഫ്, മെയ്സാന്‍, അദും, അര്‍ദിയാത്ത്, അല്‍കാമില്‍, ജുമൂം, ബഹ്റ, ലൈത്ത്, ഖുന്‍ഫുദ എന്നിവിടങ്ങളില്‍ മിതമായതോ കനത്തതോ ആയ മഴക്ക് സാധ്യതയുണ്ട്. തുര്‍ബ, മോയ, അല്‍ഖുര്‍മ എന്നിവിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കുന്നു. അഫീഫ്, സുല്‍ഫി, മജ്മ, താദഖ്, ശഖ്റാ എന്നിവയുള്‍പ്പെടെ റിയാദ് പ്രവിശ്യയില്‍ പെട്ട പ്രദേശങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയും പൊടിക്കാറ്റും ഉണ്ടാകും. മദീന, അല്‍ജൗഫ്, ഉത്തര അതിര്‍ത്തി പ്രവിശ്യ, ഹായില്‍, അല്‍ഖസീം, കിഴക്കന്‍ പ്രവിശ്യ, അല്‍ബാഹ, അസീര്‍, ജിസാന്‍ പ്രവിശ്യകളില്‍ മിതമായതോ കനത്തതോ ആയ മഴ ലഭിക്കും. തബൂക്ക് പ്രവിശ്യയില്‍ നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നും സിവില്‍ ഡിഫന്‍സ് സൂചിപ്പിച്ചു.



