തെല്‍അവീവ്– വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്കെതിരെ ജൂതകുടിയേറ്റക്കാര്‍ നടത്തുന്ന അക്രമങ്ങൾക്കെതിരെ ഇസ്രായില്‍ പ്രസിഡന്റ് ഇസാക് ഹെര്‍സോഗ്. അധിനിവിഷ്ട പ്രദേശങ്ങളില്‍ വര്‍ധിച്ചുവരുന്ന കുടിയേറ്റക്കാരുടെ അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ഇസാക് ഹെര്‍സോഗ് ആവശ്യപ്പെട്ടു.
കുറ്റവാളികളുടെ ഒരു കൂട്ടം നടത്തുന്ന അക്രമം അതിർത്തിരേഖ കടക്കുന്നതായി ഹെര്‍സോഗ് പറഞ്ഞു. ഈ പ്രവണത ഇല്ലാതാക്കാനും രാവും പകലും നമ്മെ സംരക്ഷിക്കുന്ന പ്രതിരോധ സൈനികരെയും സുരക്ഷാ സേനയെയും ശക്തിപ്പെടുത്താനും എല്ലാ സര്‍ക്കാര്‍ വകുപ്പുകളും നിര്‍ണായകമായി പ്രവര്‍ത്തിക്കണമെന്നും സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഹെര്‍സോഗ് അറിയിച്ചു. ചൊവ്വാഴ്ച വെസ്റ്റ് ബാങ്കിലെ ബെയ്ത്ത് ലീദ്, ദെയ്ര്‍ ശറഫ് എന്നീ ഫലസ്തീന്‍ ഗ്രാമങ്ങളില്‍ മുഖംമൂടി ധരിച്ച ഡസന്‍ കണക്കിന് ഇസ്രായിലി കുടിയേറ്റക്കാര്‍ ആക്രമണം നടത്തുകയും കാറുകളും മറ്റു സ്വത്തുവകളും അഗ്നിക്കിരയാക്കുകയും ചെയ്തതിനു പിന്നാലെയാണ് ഹെര്‍സോഗിന്റെ രംഗത്തെത്തിയത്.



