തായിഫ്– വാഹനാപകടത്തിൽ മരണപ്പെട്ട ഉത്തർപ്രദേശ് ഗോരഖ്പൂർ സ്വദേശി അബ്ദുൽ നസീറിൻ്റെ (50) മൃതദേഹം മറവ് ചെയ്തു. എയർപോർട്ട് റോഡ് മുറിച്ചുകടക്കവെ വാഹനമിടിച്ചായിരുന്നു അപകടം. തായിഫ് സൈൽ റോഡിലെ ഇബ്രാഹിം ജൂഫാലി കബർസ്ഥാനിലാണ് മറവ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അപകടം സംഭവിച്ചത്. മൂന്നുവർഷമായി താഇഫിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്ത് വരുന്ന നസീർ ഇതുവരെ നാട്ടിൽ പോയിട്ടില്ല. അപകട വിവരമറിഞ്ഞ് ദമാമിൽ നിന്നെത്തിയ സഹോദരൻ അബ്ദുൽ ഖൈസിൻ്റെ പേരിലുള്ള പവർ ഓഫ് അറ്റോർണിയിൽ നിയമ നടപടികൾ പൂർത്തിയാക്കാൻ തായിഫ് കെഎംസിസി പ്രസിഡണ്ട് നാലകത്ത് മുഹമ്മദ് സാലിഹ് രംഗത്തുണ്ടായിരുന്നു.
വാഹനങ്ങൾ ചീറിപ്പായുന്ന തിരക്കേറിയ നിരത്തുകൾ മുറിച്ചുകടക്കാൻ അധികൃതർ ഒരുക്കിയ സംവിധാനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. അല്ലാത്തതൊക്കെ നിയമ ലംഘനമായാണ് കണക്കാക്കുക. അതുകൊണ്ടുതന്നെ അശ്രദ്ധ കാരണം സംഭവിക്കുന്ന അപകടങ്ങൾക്ക് നിയമ പരിരക്ഷയോ നഷ്ടപരിഹാരമോ ലഭ്യമാക്കുക എന്നത് ഏറെ ദുഷ്കരമാണെന്നും കോൺസുലേറ്റ് കമ്മ്യൂണിറ്റി വെൽഫെയർ വിങ്ങ് അംഗം കൂടിയായ നാലകത്ത് മുഹമ്മദ് സ്വാലിഹ് പറഞ്ഞു.



