ജനീവ – കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനുള്ള സിറിഞ്ചുകള്‍, ബേബി ഫോര്‍മുല കുപ്പികള്‍ എന്നിവയുള്‍പ്പെടെയുള്ള അവശ്യ വസ്തുക്കള്‍ ഗാസയിലേക്ക് പ്രവേശിപ്പിക്കുന്നത് ഇസ്രായില്‍ വിലക്കുന്നതായി യൂനിസെഫ്. ഇത് യുദ്ധത്തില്‍ തകര്‍ന്ന പ്രദേശത്തെ ആവശ്യക്കാരിലേക്ക് സഹായ ഏജന്‍സികള്‍ എത്തുന്നത് തടയുകയാണെന്നും യൂനിസെഫ് പറഞ്ഞു. വെടിനിര്‍ത്തല്‍ ആരംഭിച്ചതോടെ യൂനിസെഫ് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ കാമ്പെയ്ന്‍ ആരംഭിച്ചു. പതിനാറു ലക്ഷം സിറിഞ്ചുകളും വാക്‌സിനുകളും സൂക്ഷിക്കാന്‍ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഫ്രിഡ്ജുകളും ലഭിക്കുന്നതിൽ ഗുരുതരമായ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഓഗസ്റ്റ് മുതല്‍ സിറിഞ്ചുകള്‍ കസ്റ്റംസ് ക്ലിയറന്‍സിനായി കാത്തിരിക്കുകയാണെന്ന് യൂനിസെഫ് പറഞ്ഞു.
സിറിഞ്ചുകളും റെഫ്രിജറേറ്ററുകളും ഇരട്ട ഉപയോഗ വസ്തുക്കളായാണ് ഇസ്രായില്‍ കണക്കാക്കുന്നത്. ഈ ഇനങ്ങള്‍ ക്ലിയറന്‍സുകളിലൂടെയും പരിശോധനകളിലൂടെയും ഞങ്ങള്‍ക്ക് ലഭിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. എന്നാലും അവ അടിയന്തിരമാണെന്നും യൂനിസെഫ് വക്താവ് റിക്കാര്‍ഡോ പൈറസ് പറഞ്ഞു. സൈനിക, സിവിലിയന്‍ ആവശ്യങ്ങള്‍ക്ക് സാധ്യമാണെന്ന് കരുതുന്ന ഇനങ്ങളെയാണ് ഇരട്ട ഉപയോഗ വസ്തുക്കളായി ഇസ്രായില്‍ സൂചിപ്പിക്കുന്നത്.
ഭക്ഷണം, വെള്ളം, മെഡിക്കല്‍ വസ്തുക്കള്‍, ഷെല്‍ട്ടര്‍ ഇനങ്ങള്‍ എന്നിവയുടെ പ്രവേശനം പരിമിതപ്പെടുത്തുന്നില്ലെന്ന് ഗാസയിലേക്കുള്ള സഹായ പ്രവാഹത്തിന് മേല്‍നോട്ടം വഹിക്കുന്ന ഇസ്രായില്‍ സൈനിക വിഭാഗമായ കൊഗാറ്റ് നേരത്തെ പറഞ്ഞിരുന്നു. മാനുഷിക ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ ഹമാസ് മോഷ്ടിച്ചതായി ഏജന്‍സി ആരോപിച്ചിരുന്നു. എന്നാൽ, ഇത് ഹമാസ് നിഷേധിച്ചു.
ഗാസയില്‍ രണ്ട് വര്‍ഷത്തെ യുദ്ധത്തെ തുടര്‍ന്ന് പോളിയോ, മീസില്‍സ്, ന്യുമോണിയ എന്നിവക്കെതിരായ പതിവ് വാക്‌സിനുകള്‍ ലഭിക്കാതിരുന്ന മൂന്ന് വയസ്സിന് താഴെയുള്ള 40,000 ലേറെ കുട്ടികള്‍ക്കുള്ള മൂന്ന് റൗണ്ട് ക്യാച്ച്-അപ്പ് പ്രതിരോധ കുത്തിവെപ്പുകളില്‍ ആദ്യത്തേത് ഞായറാഴ്ച യൂനിസെഫ് ആരംഭിച്ചു. കാമ്പെയ്‌നിന്റെ ആദ്യ ദിവസം 2,400 ലേറെ കുട്ടികള്‍ക്ക് ഒന്നിലധികം വാക്‌സിനുകള്‍ നല്‍കി. വാക്‌സിനേഷന്‍ കാമ്പെയ്ന്‍ ആരംഭിച്ചു. പക്ഷേ ഞങ്ങള്‍ക്ക് രണ്ട് റൗണ്ടുകള്‍ കൂടി മുന്നോട്ട് പോകേണ്ടതുണ്ട്. അതിനായി ഞങ്ങള്‍ക്ക് കൂടുതല്‍ സാധനങ്ങള്‍ ആവശ്യമാണ് – റിക്കാര്‍ഡോ പൈറസ് പറഞ്ഞു.
ഗാസയിലേക്ക് കൂടുതല്‍ മാനുഷിക സഹായം എത്തുന്നുണ്ടെന്ന് യൂനിസെഫ് പറഞ്ഞു. എന്നാല്‍ 9,38,000 കുപ്പി റെഡി-ടു-യൂസ് ബേബി ഫോര്‍മുലയും വാട്ടര്‍ ട്രക്കുകള്‍ക്കുള്ള സ്‌പെയര്‍ പാര്‍ട്സും ഉള്‍പ്പെടെ ചില നിര്‍ണായക വസ്തുക്കള്‍ ഗാസയില്‍ പ്രവേശിപ്പിക്കുന്നത് ഇസ്രായില്‍ അധികൃതര്‍ തുടര്‍ന്നും തടയുകയാണ്. വിവിധ തലങ്ങളിലുള്ള പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികളിലേക്ക് എത്തേണ്ട പത്ത് ലക്ഷത്തോളം കുപ്പികളാണിത് – റിക്കാര്‍ഡോ പൈറസ് ജനീവയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഒക്ടോബര്‍ 10 ലെ വെടിനിര്‍ത്തല്‍ ഗാസയിലുടനീളം വന്‍തോതിലുള്ള സഹായ പ്രവാഹം എത്തിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു. എന്നാല്‍ ഇരുപതു ലക്ഷം വരുന്ന, കുടിയിറക്കപ്പെട്ടവരും പോഷകാഹാരക്കുറവ് നേരിടുന്നവരുമായ ജനസംഖ്യയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമായ സഹായം ഇപ്പോഴും ലഭിക്കുന്നില്ലെന്ന് ദുരിതാശ്വാസ ഏജന്‍സികള്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്.



