എൻ.യു പ്രവീൺ എഴുതിയ കുറിപ്പ് വായിക്കാം
കേരളത്തില്‍ വോട്ടര്‍പട്ടിക പ്രത്യേക തീവ്ര പരിഷ്‌കരണ (SIR)വുമായി ബന്ധപ്പെട്ട കരട് വോട്ടർപട്ടിക പ്രസിദ്ധീകരണം ഡിസംബർ 9 നെന്ന് അറിയാമല്ലോ. അതായത് ഇനി ഒരുമാസത്തിനുള്ളിൽ. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരണം ഫെബ്രുവരി ഏഴിന് നടക്കും. എന്യുമറേഷൻ ഫോം വിതരണം ചെയ്തു തുടങ്ങുകയും ആളുകൾ പൂരിപ്പിച്ച് നൽകുകയും ഒക്കെ ആയി ഓഫ്‌ലൈനിൽ കാര്യങ്ങൾ തകൃതിയായി നടക്കുന്നു. ഇന്നലെ മുതൽ ഓൺലൈൻ വഴിയുള്ള സബ്മിഷനും തുടങ്ങിയിട്ടുണ്ട്. എന്റെ ഒരു അഭിപ്രായത്തിൽ ഓൺലൈൻ സബ്മിഷൻ ചെയ്യുന്നത് ആണ് ഈസി എന്ന് തോന്നുന്നു. പ്രത്യേകിച്ച് പഴയ 2002ലെ SIR ൽ പേരുള്ളവർ, മാതാപിതാക്കളുടെ അല്ലെങ്കിൽ അവരുടെ മാതാപിതാക്കളുടെ പേരുള്ളവർ എന്നിവർക്ക് ജസ്റ്റ് കാര്യങ്ങൾ ഒന്ന് ഫിൽ ചെയ്തു വെരിഫൈ ചെയ്തു വിടേണ്ട കാര്യമേ ഉള്ളൂ. നമ്മൾ ആകുമ്പോൾ എല്ലാം കൃത്യമായി ചെക്ക് ചെയ്തു സബ്മിറ്റ് ചെയ്തു വിടാം. അല്ലെങ്കിൽ ഇനി നമ്മൾ ഫിൽ ചെയ്തു കൊടുക്കുന്ന സംഗതി ഇതിലേക്ക് എന്റർ ചെയ്തു വരുമ്പോൾ തെറ്റുണ്ടാകുകയും അത് തിരുത്താൻ പോവുകയും ഒക്കെ ചെയ്യുന്നതിനേക്കാൾ നല്ലത് ഇതാണ് എന്ന് തോന്നുന്നു.
ഈ പോർട്ടലിൽ ഒരാൾ ലോഗിൻ ചെയ്തു മറ്റു വോട്ടർമാരുടെ പേരുകൾ ഓൺലൈൻ ആയി ചേർക്കാം എങ്കിലും ഓരോ ആളുകളുടെയും എപിക് (2025) ലെ പേരും ആധാർ ഉപയോഗിച്ച് ഇ സൈൻ ചെയ്യുന്ന ടൂളിലെ പേരും ഒന്നുതന്നെയായിരിക്കണം. തുടർ പ്രവർത്തനങ്ങൾക്കായി സമ്മതിദായകന്റെ മൊബൈൽ നമ്പർ എപിക്കുമായി (EPlC) ബന്ധപ്പെടുത്തിയിരിക്കണം, ഇല്ലെങ്കിൽ ഫോം 8 വഴി വോട്ടർ ഇതിനുള്ള അപേക്ഷ സമർപ്പിക്കണം. ഫോം 8, ഇ-സൈൻ വഴി മാത്രമേ സമർപ്പിക്കാനാകൂ എന്നത് പ്രത്യേകം ശ്രദ്ധിക്കുക. മേൽപറഞ്ഞ രീതിയിൽ ബന്ധിപ്പിക്കാത്തവർ ബി എൽ ഓ വഴി തന്നെ ഫോം പൂരിപ്പിച്ചു നൽകേണ്ടതാണ്. ഇനി നമുക്ക് ഓൺലൈൻ ആയി ചെയ്യേണ്ടത് എങ്ങനെ ആണെന്ന് നോക്കാം.
ആദ്യമായി ചെയ്യേണ്ടത് നമ്മുടെ നിലവിലെ വോട്ടർപട്ടികയിൽ പേരുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ്. നമ്മുടെ EPIC നമ്പർ അഥവാ എലെക്ഷൻ ഐഡി കാർഡ് നമ്പർ സഹിതം കുറച്ച് കാര്യങ്ങൾ കയ്യിൽ കരുതണം. എന്നിട്ട് എന്റർ ചെയ്യണം. എല്ലാം കൂടി ഒരു ഗൂഗിൾ ഡോക്യുമെന്റ് ഉണ്ടാക്കി അപ്‌ഡേറ്റ് ചെയ്തു വെക്കുകയാണ് ഞാൻ ചെയ്തത്. അപ്പോൾ ചുമ്മാ കോപ്പി പേസ്റ്റ് ചെയ്യാൻ എളുപ്പമാണ്. അത് ഇവിടെ ഷെയർ ചെയ്യാം.
നമ്മൾ കരുതേണ്ട ഡാറ്റ, ഓരോ കാര്യങ്ങൾക്ക് വേണ്ട ലിങ്ക് എന്നിവ എല്ലാം ഇതിൽ കൊടുത്തിട്ടുണ്ട്. അത് സേവ് ചെയ്തു വെച്ച് ഡാറ്റ എന്റർ ചെയ്ത് പോവുകയാണ് ചെയ്തത്. ഈ ഗൂഗിൾ ഡോക്യുമെന്റ് ഉപയോഗിക്കാതെ വിവരങ്ങൾ ഒക്കെ റെഡിയാക്കി വെച്ച് എന്റർ ചെയ്തു പോകാനും അത്ര വലിയ ബുദ്ധിമുട്ടൊന്നും ഇല്ല. പഴയ 2002ലെ SIR ൽ പേരുള്ളവർക്ക് നേരിട്ടും അതിൽ ഇല്ലാത്തവർക്ക് അവരുടെ ബന്ധുക്കളുടെ പേരുകൾ വെച്ച് മാപ്പിംഗ് നടത്താം. ഓർക്കുക Father, Mother, GrandFather, GrandMother എന്നിവയാണ് ഓപ്‌ഷൻ ആയി ഉണ്ടാവുക. അതായത് ഭാര്യയുടെ പേര് മാപ്പ് ചെയ്യാൻ ഭർത്താവിന്റെ എന്നൊരു ഓപ്‌ഷൻ ഉണ്ടാവില്ല. അത് ഭാര്യയുടെ മാതാപിതാക്കളിലൊരുടെയെങ്കിലും അല്ലെങ്കിൽ അവരുടെ മുത്തശ്ശന്മാരുടെ പേര് വെച്ച് അവരുടെ മണ്ഡലത്തിലെ ബൂത്തിലെ ക്രമനമ്പർ ഉപയോഗിച്ച് തന്നെ ചെയ്യണം.
മുകളിൽ പറഞ്ഞ രീതിയിൽ മാപ്പിങ് നടത്താൻ സാധിക്കാത്തവർ രേഖകൾ ഹാജരാക്കേണ്ടി വരും. അതിനായി ഉപയോഗിക്കാവുന്ന 12 രേഖകൾ ഏതൊക്കെ ആണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ടാകും. കൂടുതൽ വിവരങ്ങൾ കമന്റിലും നൽകിയിട്ടുണ്ട്.അതിൽ ഏതെങ്കിലും ഒരെണ്ണം കയ്യിൽ വെക്കുക. എന്തെങ്കിലും സംശയം ഉണ്ടെകിൽ 1950 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കുകയോ നിങ്ങളുടെ BLO യെ ബന്ധപ്പെടുകയോ ചെയ്യുക. BLOയുടെ നമ്പറും ഈ സൈറ്റിൽ നിന്ന് തന്നെ നിങ്ങൾക്ക് ലഭിക്കും.
ചെയ്യേണ്ട കാര്യങ്ങൾ ഒന്നൊന്നായി പറയാം.
സ്റ്റെപ്പ് 1:
https://voters.eci.gov.in/ എന്ന പോർട്ടലിൽ കയറുക
വലത് വശത്ത് Services എന്നതിന് താഴെ Special Intensive Revision (SIR) – 2026 എന്ന ബട്ടൺ കാണാം. അതിൽ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 2:
ഡ്രോപ്പ് ഡൗൺ മെനുവിൽ നിന്നും സംസ്ഥാനമേതെന്ന് തെരഞ്ഞെടുക്കുക. ഉദാഹരണം കേരളം
സ്റ്റെപ്പ് 3:
നിലവിൽ ഉപയോഗിക്കുന്ന വോട്ടേഴ്‌സ് ഐഡി കാർഡിലെ EPIC നമ്പർ എന്റർ ചെയ്യുക. സേർച്ച് ബട്ടൺ അമർത്തുക
സ്റ്റെപ്പ് 4:
നമ്മുടെ പേരും EPIC നമ്പറും ബൂത്ത് വിവരങ്ങളും ഒക്കെ നിങ്ങൾക്ക് മുന്നിലെത്തും.
അതിന് താഴെ നിങ്ങളുടെ മൊബൈൽ നമ്പർ എന്റർ ചെയ്യുക. സെന്റ് OTP ബട്ടൺ അമർത്തുക
(മൊബൈൽ നമ്പർ വോട്ടേഴ്‌സ് കാർഡുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ, ഫോം 8 വഴി നിങ്ങളുടെ മൊബൈൽ നമ്പർ ലിങ്ക് ചെയ്യാനുള്ള സൗകര്യവും ഇവിടെ ഉണ്ട്.)
സ്റ്റെപ്പ് 5:
നിങ്ങളുടെ മൊബൈലിൽ വന്ന OTP എന്റർ ചെയ്തു വെരിഫൈ ചെയ്യുക.
സ്റ്റെപ് 6:
അവിടെ മൂന്ന് ഓപ്‌ഷൻസ് കാണാം. ഒന്ന് നമ്മുടെ പേര് പഴയ 2002 ലെ SIR ലിസ്റ്റിൽ ഉണ്ട്. നമ്മുടെ പേരന്റ്സ്/ഗ്രാൻഡ് പാരെന്റ്സ് ന്റെ പേര് പഴയ ലിസ്റ്റിൽ ഉണ്ട്. പഴയ ലിസ്റ്റിൽ ഈ വിഭാഗത്തിൽ പെട്ട ആരും ഇല്ല.
ഇതിൽ ഒരെണ്ണം സെലെക്റ്റ് ചെയ്തു മുന്നോട്ട് പോവുക.
സ്റ്റെപ് 7:
പഴയ വോട്ടർപട്ടികയിലെ പേര് സെർച്ച് ചെയ്യാൻ താഴെപറയുന്ന ലിങ്ക് ഉപയോഗിക്കാം.
മലയാളത്തിൽ സേർച്ച് ചെയ്യുക, സേർച്ച് ചെയ്യുമ്പോൾ ആ ലിസ്റ്റിൽ ഉണ്ടായേക്കാവുന്ന അക്ഷരപ്പിശക് കാരണമോ ഒക്കെ റിസൾട്ട് ലഭിക്കാതിരിക്കുക ഒക്കെ സംഭവിച്ചാൽ താഴെപ്പറയുന്ന ലിങ്ക് ഉപയോഗിച്ച് 2002 ലെ വോട്ടർപട്ടിക പരിശോധിച്ച് നമുക്ക് ആവശ്യമുള്ള ഡാറ്റ കണ്ടെത്താൻ സാധിക്കും.
ആവശ്യമുള്ള കാര്യങ്ങൾ എന്റർ ചെയ്തു സേർച്ച് ചെയ്‌താൽ നമുക്ക് മാപ്പ് ചെയ്യേണ്ട കാര്യം വരും. അത് ടിക് ചെയ്തു കണ്ടിന്യൂ ചെയ്യുക.
സ്റ്റെപ് 8:
ഇനി നമ്മുടെ വ്യക്തിഗത വിവരങ്ങൾ രേഖപ്പെടുത്താൻ ഉള്ള അവസരമാണ്. ജനനതീയതി, മൊബൈൽ നമ്പർ, മാതാപിതാക്കളുടെ പേരുകൾ എന്നിവ മാത്രം ചേർത്താൽ മതിയാകും. ആധാർ നമ്പറും ബന്ധുക്കളുടെ EPIC നമ്പറും ഒക്കെ ചേർക്കാൻ പറ്റുമെങ്കിലും അതൊക്കെ ഓപ്‌ഷണൽ ആണ്. അത്യാവശ്യമുള്ളത് മാത്രം ചെയ്തു പോയാൽ മതി. ഫോട്ടോ നിർബന്ധമില്ലെങ്കിലും വേണമെങ്കിൽ പുതിയ മെനയുള്ള ഒരു ഫോട്ടോ വെച്ച് അപ്‌ഡേറ്റ് ചെയ്യാം. അങ്ങനെ എല്ലാം ചെയ്തു കഴിഞ്ഞാൽ ഒന്ന് പ്രിവ്യൂ കൊടുത്ത് ഡിക്ലറേഷൻ ടിക്ക് ചെയ്തു സബ്മിറ്റ് ബട്ടൺ അമർത്തുക.
സ്റ്റെപ് 9:
അവിടുന്ന് നമ്മൾ നേരെ സിഡാക് ന്റെ ഇസൈൻ സർവീസ് പോർട്ടലിലേക്ക് എത്തും. ഇവിടെ നമ്മുടെ ആധാർ നമ്പർ ഉപയോഗിച്ച് ഓതന്റിക്കേഷൻ നടത്തുകയാണ് ചെയ്യുക. ആധാർ നമ്പർ എന്റർ ചെയ്തു ഗെറ്റ് ഓടിപി ബട്ടൺ അമർത്തുക.
സ്റ്റെപ് 10:
ഓടിപി എന്റർ ചെയ്ത ശേഷം ഡിക്ലറേഷൻ ടിക്ക് ചെയ്തു സബ്മിറ്റ് ബട്ടൺ അമർത്തുക.
Your Enumeration Form has been submitted successfully എന്ന മെസ്സേജ് കാണാം. അതേപോലെ നിങ്ങളുടെ മൊബൈൽ ഫോണിൽ Enumeration Form submitted successfully for EPIC No : XXX1234567, ECI എന്ന ഫോർമാറ്റിൽ മെസ്സേജ് വരും.
ഇത്രയുമാണ് സിംപിൾ ആയി ഓൺലൈൻ ആയി Special Intensive Revision (SIR) പ്രക്രിയ പൂർത്തിയാകുന്ന വിധം.



