ജിദ്ദ : ഡിസംബർ നാലിന് ജിദ്ദയിൽ കൊടി ഉയരുന്ന റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിളക്കമേറ്റാൻ ബോളിവുഡ്‌ഡിലെ പഴയകാല സൗന്ദര്യ റാണി രേഖ എത്തുന്നു. ഡിസംബർ 13 ന് സമാപിക്കുന്ന പത്ത് നാൾ നീണ്ടു നിൽക്കുന്ന അഞ്ചാമത് റെഡ് സീ ഫിലിം ഫെസ്റ്റിവലിൽ ലോകത്തിലെ നൂറിലധികം ക്ലാസിക് ചിത്രങ്ങൾ വിവിധ തിയേറ്ററുകളിലായി പ്രദർശിപ്പിക്കും. ജിദ്ദ ബലദിലായിരിക്കും പ്രധാന പരിപാടികൾ.


1981 ൽ പുറത്തിറങ്ങിയ പ്രസിദ്ധ ഇന്ത്യൻ സിനിമയായ ‘ഉമ്രവോ ജാൻ’ എന്ന രേഖ അഭിനയിച്ച പടം ( സംവിധാനം : മുസഫർ അലി) റെഡ് സീ ഫിലിം ഫെസ്റ്റിവലിൽ ഉദ്ഘാടന ദിവസം പ്രദർശിപ്പിക്കും. രേഖയുമായി ചലച്ചിത്ര സംവാദം നടത്താനും പ്രതിനിധികൾക്ക് അവസരം ലഭിക്കും. കഴിഞ്ഞ ഫെസ്റ്റിവലിൽ ശേഖർ കപൂർ, ആമിർഖാൻ, രൺവീർ കപൂർ, ആലിയ ഭട്ട് തുടങ്ങിയവർ ജിദ്ദയിൽ എത്തിയിരുന്നു. അമേരിക്കൻ – ആഫ്രിക്കൻ – യൂറോപ്യൻ സിനിമകളുടെ ആവിഷ്കാരവും ചർച്ചകളും ലോകോത്തര സംവിധായകരുമായുള്ള ആശയസംവാദവും റെഡ് സീ ഫെസ്റ്റിവലിന്റെ പ്രത്യേകതകളായിരിക്കും. പ്രമുഖ തെന്നിന്ത്യൻ നടൻ ജെമിനി ഗണേശന്റെ മകളായ രേഖ (71) ഇതിനകം ഇരുന്നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.



