ഗാസ – യുദ്ധത്തിനിടെ കൊല്ലപ്പെട്ട ഇസ്രായിലി സൈനികന്റെ മൃതദേഹാവശിഷ്ടങ്ങള്‍ ഹമാസ് കൈമാറിയത് ഗാസ വെടിനിര്‍ത്തല്‍ കരാര്‍ സ്ഥിരപ്പെടുത്താന്‍ സഹായിക്കുമെന്ന് വിലയിരുത്തൽ. പതിനൊന്നു വര്‍ഷം മുമ്പ് 2014 ല്‍ ആറാഴ്ച നീണ്ടുനിന്ന യുദ്ധത്തിനിടെ കൊല്ലപ്പെട്ട ഇസ്രായിലി സൈനികന്റെ മൃതദേഹാവശിഷ്ടങ്ങളാണ് കൈമാറിയത്. ദക്ഷിണ ഗാസയിലെ റഫയില്‍ സംസ്‌കരിച്ച ഇസ്രായിലി സൈനിക ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് ഹദാര്‍ ഗോള്‍ഡിന്‍ന്റെ ഭൗതികാവശിഷ്ടങ്ങള്‍ ഹമാസ് ഞായറാഴ്ച റെഡ് ക്രോസ് വഴി ഇസ്രായിലിന് കൈമാറുകയായിരുന്നു. ഈ നീക്കം ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ സ്ഥിരപ്പെടുത്താനുള്ള പ്രതീക്ഷകള്‍ പുനരുജ്ജീവിപ്പിക്കുമെന്ന് നിരീക്ഷകര്‍ വിശ്വസിക്കുന്നു.


2014 ല്‍ ഗാസയില്‍ ആറ് ആഴ്ച നീണ്ടുനിന്ന യുദ്ധത്തില്‍ ലെഫ്റ്റനന്റ് ഹദാര്‍ ഗോള്‍ഡിന്‍ കൊല്ലപ്പെടുകയും അദ്ദേഹത്തിന്റെ മൃതദേഹം ഗാസയില്‍ സൂക്ഷിക്കുകയുമായിരുന്നു. 2014 ലെ യുദ്ധത്തില്‍ മറ്റൊരു ഇസ്രായിലി സൈനികനായ ആരോണ്‍ ഷാവുളും കൊല്ലപ്പെട്ടിരുന്നു. 2023 ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രായിലില്‍ ഹമാസ് നടത്തിയ ആക്രമണത്തെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട ഏറ്റവും പുതിയ സംഘര്‍ഷത്തിനിടെ ഈ വര്‍ഷാദ്യം ആരോണ്‍ ഷാവുളിന്റെ മൃതദേഹം ഇസ്രായില്‍ സൈന്യം കണ്ടെടുത്തു. തടവുകാരുടെയും ബന്ദികളുടെയും കൈമാറ്റത്തിന്റെ ഭാഗമായി ഹദാര്‍ ഗോള്‍ഡിന്‍ന്റെയും ആരോണ്‍ ഷാവുളിന്റെയും മൃതദേഹങ്ങള്‍ തിരികെ കൊണ്ടുവരാനുള്ള ഇസ്രായിലിന്റെ മുന്‍ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു.
ഹമാസ് തുരങ്കങ്ങള്‍ കണ്ടെത്താനും നശിപ്പിക്കാനും ചുമതലപ്പെടുത്തിയിരുന്ന ഇസ്രായിലി യൂണിറ്റിലെ അംഗമായിരുന്ന 23 കാരനായ ഹദാര്‍ ഗോള്‍ഡിന്‍ 2014 ഓഗസ്റ്റ് ഒന്നിനാണ് കൊല്ലപ്പെട്ടത്. 360 ഫലസ്തീന്‍ പോരാളികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ക്ക് പകരമായി 28 ഇസ്രായിലി ബന്ദികളുടെ അവശിഷ്ടങ്ങള്‍ തിരികെ നല്‍കാനും വെടിനിര്‍ത്തല്‍ കരാറില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. 300 ഫലസ്തീനികളുടെ അവശിഷ്ടങ്ങള്‍ക്ക് പകരമായി 23 ഇസ്രായിലി ബന്ദികളുടെ അവശിഷ്ടങ്ങള്‍ ഹമാസ് ഇതിനകം കൈമാറി. എന്നാല്‍ ഇസ്രായില്‍ കൈമാറിയ മുഴുവന്‍ മൃതദേഹാവശിഷ്ടങ്ങളും തിരിച്ചറിഞ്ഞിട്ടില്ലെന്ന് ഗാസ ആരോഗ്യ അധികൃതര്‍ പറഞ്ഞു.
ഒക്ടോബറിലെ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം, ഗാസയില്‍ തടവിലാക്കപ്പെട്ട, ജീവിച്ചിരിക്കുന്ന 20 ഇസ്രായിലി ബന്ദികളെ ഹമാസ് കൈമാറിയിരുന്നു. ഇതിന് പകരമായി ഇസ്രായില്‍ ഏകദേശം 2,000 ഫലസ്തീന്‍ തടവുകാരെയും മോചിപ്പിച്ചു. ശേഷിക്കുന്ന ഇസ്രായിലി ബന്ദികളുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നതിന് കൂടുതല്‍ ഉദ്യോഗസ്ഥരും സാങ്കേതിക ഉപകരണങ്ങളും ആവശ്യമാണെന്ന് ഹമാസ് പറയുന്നു. ഇസ്രായില്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള റഫയിലെ തുരങ്കങ്ങളില്‍ കുടുങ്ങിയ ഹമാസ് പോരാളികളെ ആയുധങ്ങള്‍ കൈമാറി ഒഴിപ്പിക്കാനുള്ള കരാറിലെത്താന്‍ അമേരിക്ക ലക്ഷ്യമിടുന്നു. കീഴടങ്ങുന്നവര്‍ക്ക് ഇസ്രായില്‍ പൊതുമാപ്പ് നല്‍കുകയും തുടര്‍ന്ന് തുരങ്കങ്ങള്‍ നശിപ്പിക്കുകയും ചെയ്യും. ഈ പ്രക്രിയ പിന്നീട് ഹമാസിനെ പൂര്‍ണ തോതില്‍ നിരായുധീകരിക്കാനുള്ള മാതൃകയായി വര്‍ത്തിക്കുമെന്ന് അമേരിക്ക കരുതുന്നു. എന്നാല്‍ ഹമാസിന്റെ സായുധ വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ഖസ്സാം ബ്രിഗേഡ്‌സ് റഫയിലെ തങ്ങളുടെ പോരാളികളുമായുള്ള ഏറ്റുമുട്ടലുകളുടെ പൂര്‍ണ ഉത്തരവാദിത്തം ഇസ്രായിലിനാകുമെന്നും അവര്‍ ഒരു തരത്തിലുള്ള കീഴടങ്ങലും അംഗീകരിക്കില്ലെന്നും പ്രസ്താവിച്ചു. റഫയില്‍ ഇസ്രായില്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ തുരങ്കങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഹമാസ് പോരാളികളുടെ പ്രതിസന്ധി പരിഹരിക്കാനും വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാനുമായി യു.എസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ് കുഷ്നറും ഇന്ന് ഇസ്രായില്‍ സന്ദര്‍ശിക്കും.
റഫയില്‍ കുടുങ്ങിക്കിടക്കുന്ന ഹമാസ് പോരാളികളുടെ പ്രതിസന്ധിയും ഒരു മാസം മുമ്പ് വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിട്ടശേഷം മുഴുവന്‍ ഇസ്രായിലി ബന്ദികളുടെയും മൃതദേഹാവശിഷ്ടങ്ങളുടെ കൈമാറ്റം പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെട്ടതും വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കില്ലെന്ന ഭീതി ഉയര്‍ത്തുന്നതിനിടെ വെടിനിര്‍ത്തല്‍ കരാര്‍ സ്ഥിരപ്പെടുത്താന്‍ മധ്യസ്ഥര്‍ തീവ്രശ്രമങ്ങള്‍ നടത്തുന്നുണ്ട്. കരാര്‍ ഉറപ്പിക്കാനും അത് മുന്നോട്ട് കൊണ്ടുപോകാനും അതിനെ ദുര്‍ബലപ്പെടുത്താനുള്ള ഏതൊരു ശ്രമത്തെയും പരാജയപ്പെടുത്താനും മധ്യസ്ഥര്‍ പ്രവര്‍ത്തിക്കുന്നതായി ഫലസ്തീന്‍ വിദഗ്ധന്‍ പറഞ്ഞു.



